"കേരള' മാറി കേരളം ആകുമ്പോൾ

 

symbolic image

Editorial

'കേരള' മാറി കേരളം ആകുമ്പോൾ

കേരളം എന്ന പേര് നമ്മുടെ സംസ്ഥാനത്തിനു തിരിച്ചു കിട്ടിയിരിക്കുന്നു

MV Desk

കേരളം എന്ന പേര് നമ്മുടെ സംസ്ഥാനത്തിനു തിരിച്ചു കിട്ടിയിരിക്കുന്നു. കേരള എന്ന പ്രയോഗം കേന്ദ്ര സർക്കാർ അടക്കമുള്ളവർ ഉപേക്ഷിച്ചു. സംസ്ഥാന നിയമസഭയും ബിജെപി സംസ്ഥാന കമ്മറ്റിയും ഒരേപേലെ കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോൾ കാര്യം വേഗത്തിൽ നടന്നു. പക്ഷേ, കേരള എക്സ്പ്രസിന് കേരളം എക്സ്പ്രസ് എന്നു പേരു മാറ്റാൻ പറ്റുമോ എന്നറിയില്ല. അതിനിടെ, മലയാളം ഭരണ ഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഒപ്പുവച്ചു. അതോടെ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. കോടതി ഭാഷയും സര്‍ക്കാര്‍ ഉത്തരവുകളും മറ്റും മലയാളത്തില്‍ ലഭ്യമാക്കുന്നതും, സര്‍വകലാശാലാ പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ വ്യവസ്ഥകള്‍ അടങ്ങുന്നതാണ് ഈ ബില്‍.

ഇതോടെ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കും. സര്‍വകലാശാലാ പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധിത പേപ്പറായി പരിഗണിക്കും. പിഎസ്‌സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകള്‍ മാത്രമായിരിക്കും മറ്റ് ഭാഷകളില്‍ നടത്തുക. സര്‍ക്കാര്‍- അർധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാകും. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.

സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതി ഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ സംവരണം നല്‍കുക തുടങ്ങിയവയാണ് ബില്ലിലെ മറ്റ് വ്യവസ്ഥകള്‍. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇവ നടപ്പിലാക്കും.

മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് ശ്രീകുമാരൻ തമ്പി, പ്രൊഫ. മധുസൂദൻ നായർ അടക്കമുള്ള പ്രമുഖ സാംസ്‌കാരിക നായകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴിഞ്ഞ ദിവസം നേരിട്ടു തന്നെ ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, ബില്ലില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

1969ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്റ്റ് പ്രകാരം സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ക്ലാസിക് ഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന് ഇനി പുതിയ ഔന്നത്യം കൈവരും. പുതിയ തലമുറ മലയാളഭാഷയോട് കൂടുതല്‍ അടുക്കുകയും ചെയ്യും. ഇംഗ്ലീഷിനോടുള്ള അനാവശ്യമായ വിധേയത്വത്തില്‍ നിന്ന് മോചനം നേടുകയും, സംസ്‌കാരത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കോടതി വ്യവഹാരങ്ങള്‍ മലയാളത്തിലാവുന്നതോടെ സാധാരണക്കാര്‍ക്ക് നീതി ലഭിക്കും. ഭാഷാ വ്യവഹാരം സുതാര്യമാകുന്നതോടെ സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ട ചൂഷണങ്ങളില്‍ നിന്ന് ജനങ്ങള്‍ വലിയ തോതില്‍ മോചനം നേടും. അഴിമതി കുറയാന്‍ വഴിയൊരുക്കും.

കേരളത്തിന്‍റെ മലയാള ഭാഷാ ബില്ലിനെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കം ചിലര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഈ ബില്ലിനെ ചൊല്ലി കേരള വിരുദ്ധ പ്രചാരണവും കര്‍ണാടകയില്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ബില്ലായതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനാവണം. എന്നാല്‍ ഭിന്നിപ്പിനുള്ള ആയുധമാക്കുകയാണ് തത്പര കക്ഷികള്‍ ചെയ്യുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം തന്നെ തെറ്റായ നടപടിയായിരുന്നു. ഇതിന്‍റെ ഫലമായി അനാവശ്യ ഭിന്നിപ്പുകള്‍ ജനങ്ങളിലുണ്ടായി. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ഹിന്ദി ഭാഷയോടുള്ള വിരോധം ഇതിന്‍റെ തുടര്‍ച്ചയായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന രാജ്യം ഭാരതമാണ്. 500ലേറെ ഭാഷകള്‍ ഇവിടെയുണ്ട്. ഒരൊറ്റ ഭാഷയും ഒരു ലിപിയും മാത്രം സ്വന്തമായുള്ള പാശ്ചാത്യ നാടുകള്‍ക്ക് തീര്‍ത്തും അപരിചിതമായ സാഹചര്യമാണിത്. ഭാരതത്തെ സംബന്ധിച്ച് പ്രാദേശിക ഭാഷ എന്നൊന്നില്ല. എല്ലാം ഭാരതീയ ഭാഷകളാണ്. ഹിന്ദിയെ രാഷ്‌ട്ര ഭാഷയായി കരുതുന്നുണ്ടെങ്കിലും വലുതും ചെറുതുമായ എല്ലാ ഭാഷകളും രാഷ്‌ട്ര ഭാഷകളാണ്. മലയാളം ഭരണ ഭാഷയാകുന്നതോടെ കേരളത്തിനകത്തും പുറത്തും അതിന് കൂടുതല്‍ അംഗീകാരം ലഭിക്കും.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു