ബിടെക് ലാറ്ററൽ എൻട്രി ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023 അധ്യയന വർഷത്തെ ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്‍റെടുത്ത ഫീ പേയ്‌മെന്‍റ് സ്ലിപ് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 26 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്‍റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റഗുലർ അലോട്ടമെന്‍റുകളിൽ പരിഗണിക്കപ്പെടുകയുമില്ല. ഫീസ് അടച്ചവർ കോളെജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്‍റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ആഗസ്റ്റ് 26 വരെയാണ്. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള ഇന്‍റർ കോളെജ് ട്രാൻസ്ഫർ പൂർത്തിയാകാത്തതിനാൽ എ.ഐ.സി.ടി.ഇ നിബന്ധനപ്രകാരമുള്ള 10 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ഇപ്പോൾ അലോട്ട്‌മെന്‍റ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ബിടെക് അഡ്മിഷനിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ ഇപ്പോൾ പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 9 ന് ഇന്‍റർ കോളെജ് ട്രാൻസ്ഫർ പൂർത്തിയാകുന്ന മുറയ്ക്ക് ഈ സീറ്റുകൾ കൂടി കണക്കിലെടുത്ത് മൂന്നാം അലോട്ട്‌മെന്‍റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363.
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2023 ജൂലൈ 23 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ (സെറ്റ്) ഫലം പ്രിസിദ്ധീകരിച്ചു. ഫലം www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്. ആകെ 17361 പേർ എഴുതിയതിൽ 2809 പേർ വിജയിച്ചു. ആകെ വിജയശതമാനം 16.18. സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം സെപ്റ്റംബർ 11 മുതൽ വെബ് സൈറ്റിൽ ലഭ്യമാകും. പാസായവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എൽ.ബി.എസ് സെന്‍ററിന്‍റെ വെബാസൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം വിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ അയച്ചു തരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാറിന്‍റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല അഫിലിയേഷനോട് കൂടി നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ ഏതെങ്കിലും വിഷയത്തിൽ 45ശതമാനംമാർക്കിൽ കൂടുതൽ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ ഓൺലൈൻ അപേക്ഷ ഫോമിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ട് 3 മണിക്ക് മുമ്പ് അപേക്ഷിക്കണം. KS-DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. അല്ലാത്ത വിദ്യാർഥികളെ അഭിരുചിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്കുക. ഓൺലൈൻ അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കെ.എസ്.ഐ.ഡി വെബ്‌സൈറ്റ് (www.ksid.ac.in) സന്ദർശിക്കുക ഫോൺ: 0474 2719193.
എൻജിനീയറിങ്, ആർക്കിടെക്ചർ അലോട്ട്‌മെന്‍റ്; ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ തുടങ്ങി
2023-ലെ എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ടം, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്‍റ് നടപടികൾ ഓഗസ്റ്റ് 23 ന് തുടങ്ങി. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളെജ്/ കോഴ്‌സ് എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 26 വൈകുന്നേരം 4 വരെ ലഭ്യമാകും.
എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്‌സുകളിൽ നിലിവിലുള്ള ഹയർ ഓപ്ഷനുകൾ ഈ ഘട്ടത്തിൽ പരിഗണിക്കപ്പെടാൻ ഓഗ്രഹിക്കുന്ന വിദ്യാർഥികൾ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളെജ്/ കോഴ്‌സ് (ഉണ്ടെങ്കിൽ) എന്നിവയിലേക്ക് ആവശ്യമുള്ള പക്ഷം ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ ലഭ്യമാകും. ഓഗസ്റ്റ് 26 വൈകുന്നേരം 4 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്‍റ് സെപ്റ്റംബർ 3 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2525300.
സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ ഡിപ്ലോമ കോഴ്സുകൾ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ. സി കമ്മ്യൂണിറ്റി കോളെജിൽ ഡിപ്ലോമ ഇൻ ഹോട്ടൽ മാനെജ്മെന്‍റ് ആൻഡ് കാറ്ററിങ്, ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനെജ്മെന്‍റ് കോഴ്സുകൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2570471, 9846033009, 9846033001.
അഡ്വാൻസ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി
കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്‍റ് സെന്‍ററിൽ ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് കോഴ്സ് സായാഹ്ന കോഴ്സിന് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 2556530, 9447368199.
കേന്ദ്രസംവരണ സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു
തമിഴ് നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളെജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നിവിടങ്ങളിലെ എം.ഡി (യുനാനി) കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്‍റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സെപ്റ്റംബർ 1 ന് വൈകിട്ട് 4 നകം ലഭിക്കണം. ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.ayurveda.kerala.gov.in. Email:director.ame@kerala.gov.in.
തീയതി നീട്ടി
സെൻട്രൽ പോളിടെക്‌നിക് കോളെജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ടിലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2023 ജൂൺ ജൂലൈ മാസങ്ങളിലായി നടന്ന എൻ.ടി.ഇ.സി മാർച്ച് 2023 ഒന്നും രണ്ടും റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.