കോടനാട് ആനക്കളരിക്കു സമീപത്തെ വീട്ടിലുള്ള കെമിസ്ട്രി ലാബിൽ ശ്രീനി.

 
Education

ശ്രീനിയുടെ കൊച്ചു ലാബിൽ കെമിസ്ട്രി വിജ്ഞാനം ഫ്രീ

കോടനാട് ശ്രീനിലയത്തിലെ ഔട്ട് ഹൗസിൽ ഏഴാം ക്ലാസ് മുതൽ കോളേജ് വരെ കുട്ടികൾക്ക് രസതന്ത്ര പരീക്ഷണങ്ങൾ സൗജന്യമായി പഠിക്കാം

Local Desk

കോതമംഗലം: പാഠപുസ്തകങ്ങളിൽ വായിച്ചു പഠിക്കുന്ന രസതന്ത്ര ശാസ്ത്രസത്യങ്ങൾ സ്വന്തം കൈകൾ കൊണ്ട് ചെയ്ത് ബോധ്യപ്പെടാൻ താത്പര്യമുള്ള കുട്ടികൾക്ക് കടന്നുവരാം കോടനാട് ആനക്കളരിക്കു സമീപം ശ്രീനിലയത്തിൽ ശ്രീനിയുടെ ഔട്ട് ഹൗസിലേക്ക്. 2019 മുതൽ ഒരു കൊച്ചു രസതന്ത്രപഠന പരീക്ഷണശാലയുണ്ടിവിടെ. കെമിസ്ട്രിയും ഫിസിക്‌സും ഇലക്ട്രോണിക്‌സും കംപ്യൂട്ടറുമെല്ലാം ഇദ്ദേഹത്തിന്‍റെ പരീക്ഷണശാലയിലെ പഠനഗവേഷണ വിഷയങ്ങളാണ്.

ഏഴാം ക്ലാസ് മുതൽ കോളെജ് തലത്തിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് പൂർണമായും സൗജന്യമായി രസതന്ത്രവിജ്ഞാനം തന്‍റെ പരീക്ഷണശാലയിലൂടെ പരമ്പരാഗത രീതിയിൽ പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ നൂറ്റിയമ്പതിലേറെ രാസവസ്തുക്കൾ ശ്രീനി കരുതിവച്ചിട്ടുണ്ട്. തന്‍റെ ശാസ്ത്രബോധത്തെ മക്കളായ ആദിത്യനും അദിതിക്കും പകർന്നു നൽകാൻ കൊവിഡ് കാലത്ത് മനസിലുദിച്ച ആശയമാണ് ഈ കൊച്ചു പരീക്ഷണശാല. വീട്ടിലിരുന്നുള്ള ഓൺലൈൻ പഠനകാലത്ത് മക്കൾക്കത് ഏറെ പ്രയോജനപ്രദമായതായി ശ്രീനി പറഞ്ഞു.

1987-ൽ കോടനാട് മാർ ഔഗേൻ ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ശാസ്ത്രവിഷയങ്ങളോടുള്ള കമ്പം. ഇതു മനസിലാക്കിയ അധ്യാപകർ സ്‌കൂൾ ലബോറട്ടറിയുടെ താക്കോൽ തന്നെ ശ്രീനിക്കു സ്വതന്ത്രമായി നൽകിയിരുന്നു. കൂടുതൽ സമയവും പരീക്ഷണശാലയിൽ രാസവസ്തുക്കൾക്കിടയിൽ ഇടപഴകിയിരുന്ന പഠനകാലം ശ്രീനി ഓർത്തെടുത്തു. സ്‌കൂളിനെ പ്രതിനിധാനം ചെയ്ത് നിരവധി ഗണിതശാസ്ത്ര പ്രദർശനമേളകളിൽ പങ്കെടുത്തിട്ടുണ്ട്.

ശാസ്ത്രപഠനത്തിന്‍റെ ഭാഗമായി അടിസ്ഥാനപരമായി കണ്ടുമനസിലാക്കേണ്ട പല രാസപ്രവർത്തനങ്ങളും നേരിട്ടു കാണിച്ചുകൊടുത്താൽ അത് കുട്ടികളിലെ ശാസ്ത്രചിന്തയും അന്വേഷണത്വരയും വർധിപ്പിക്കുമെന്ന് ശ്രീനി പറയുന്നു. ഇന്ന് പല സ്കൂളുകളിലും പൂർണ തോതിൽ ലബോറട്ടറിയുടെ പ്രവർത്തനം നടക്കുന്നില്ല. ലാബിലെ പരീക്ഷണങ്ങൾ കുട്ടികളുടെ പഠനത്തെ കൂടുതൽ രസകരവും ആവേശഭരിതവുമാക്കുമെന്നാണ് ശ്രീനിയുടെ അഭിപ്രായം. വിവിധ വർണങ്ങളിലുള്ള കെമിക്കലുകളും ഒന്നു മറ്റൊന്നിനോടു ചേരുമ്പോൾ അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളുമൊക്കെ കൊച്ചു കുട്ടികളിൽ രസതന്ത്രത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടാക്കാൻ സഹായിക്കും.

കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമോ ഗ്രൂപ്പുകളായോ മുൻകൂട്ടി അറിയിച്ച് ശ്രീനിയുടെ വീട്ടിലെത്തിയാൽ രാസപരീക്ഷണങ്ങൾ നടത്തി പാഠ്യവിഷയത്തിലെ സംശയദൂരീകരണം സൗജന്യമായി നടത്തിക്കൊടുക്കാൻ ഇദ്ദേഹം തയാറാണ്. തന്‍റെ കൈവശമുള്ള ലക്ഷത്തോളം വിലമതിക്കുന്ന രാസവസ്തുക്കൾ ഗുണനിലവാരം നഷ്ടപ്പെടുന്നതിനു മുൻപ് കുട്ടികളുടെ പഠനത്തിനുപകരിക്കും വിധം പ്രയോജനപ്പെടുത്താനാണ് ശ്രീനിയുടെ ശ്രമം.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയ ശേഷം കംപ്യൂട്ടർ അനുബന്ധ ജോലികളാണ് ശ്രീനി ചെയ്യുന്നത്. പെരുമ്പാവൂരിൽ സ്വന്തമായി ഒരു സ്ഥാപനമുണ്ട് ഈ അമ്പത്തിനാലുകാരന്. സമയം കിട്ടുമ്പോഴൊക്കെ പഠനഗവേഷണങ്ങൾക്കായി വീട്ടിൽ സമയം കണ്ടെത്തുന്ന ശ്രീനി എൻജിനീയറിങ് ബിരുദധാരികൾക്കു ക്ലാസെടുക്കുന്ന അധ്യാപകൻ കൂടിയാണ്.

കേരള ശാസ്ത്ര, സാഹിത്യ പരിഷത്തിന്‍റെ കോടനാട് യൂണിറ്റുമായി ചേർന്നു പ്രവർത്തിക്കുന്ന ശ്രീനി, ശാസ്ത്ര, സാഹിത്യ, കലാവിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിനുള്ള ശ്രമങ്ങളിലാണിപ്പോൾ. സ്വന്തമായി നിർമിച്ച ടെലസ്കോപ്പിലൂടെ കുട്ടികൾക്കായി വിജ്ഞാന, കൗതുക വാനനിരീക്ഷണത്തിന് സൗജന്യമായി അവസരമൊരുക്കി ഇതിനുമുമ്പും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. പെരുമ്പാവൂരിൽ ടാക്സ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രസീതയാണ് ഭാര്യ. ശാസ്ത്രകുതുകികളായവർക്ക് 9496275712 നമ്പറിൽ ശ്രീനിയെ വിളിക്കാം.

നെന്മറ ഇരട്ടക്കൊല; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ബുധനാഴ്ച

ആഷസിനു മുൻപ് പുതിയ കോച്ച്; രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു

ഞാന്‍ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോ; കോടതിയെ വെല്ലുവിളിച്ച് ചെന്താമര

ക‍്യാപ്റ്റൻ സ്ഥാനവും പോയി, ടീമിലും ഇടമില്ല; സൂര‍്യകുമാർ യാദവിന്‍റെ തിരിച്ചുവരവ് സാധ‍്യമോ?