എല്ലാ ക്ലാസിലും വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ ക്ലാസുകളിലും വാർഷിക എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. വാർഷിക പരീക്ഷയിൽ ഒരു മാർക്ക് പോലും നേടാത്തവർക്കും അടുത്ത ക്ലാസിൽ പ്രവേശനം നൽകുന്ന രീതി ഇതോടെ അവസാനിക്കും.
എന്നാൽ പുതിയ സമ്പ്രദായം എന്നു മുതൽ നടപ്പാക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അഞ്ച് മുതൽ 9 വരെ ക്ലാസുകളിൽ ഈ അധ്യയന വർഷവും 10-ാം ക്ലാസിൽ അടുത്ത വർഷം മുതലും മിനിമം മാർക്ക് നടപ്പാക്കുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എല്ലാ ക്ലാസുകളിലും എഴുത്തു പരീക്ഷയിൽ 30 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉറപ്പാക്കണമെന്ന് അക്കാഡമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള മാർഗരേഖയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് വാർഷിക പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിന് 30% മാർക്ക് നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് പ്രത്യേക പരിശീലനം നൽകി പുനഃപരീക്ഷ വഴിയാണ് മിനിമം മാർക്ക് ഉറപ്പാക്കുക. പുനഃപരീക്ഷയിലും മിനിമം മാർക്ക് നേടാത്തവരുടെ ക്ലാസ് മാറ്റം തടയില്ല. എന്നാൽ, ഇവർക്കായി വീണ്ടും ബ്രിഡ്ജ് കോഴ്സ് നടത്തേണ്ടിവരും.
എൽപി, യുപി ക്ലാസുകളിൽ പരീക്ഷാ മൂല്യനിർണയത്തിനപ്പുറം കുട്ടികളുടെ വായന, എഴുത്ത്, സർഗശേഷി തുടങ്ങിയവയും വിലയിരുത്തണമെന്നും നിർദേശമുണ്ട്.