കേരള സർവകലാശാലയിലും പ്രശ്നപരിഹാരം; ഡോ. കെ.എസ്. അനിൽകുമാറിനെ ദേവസ്വം ബോർഡ് കോളെജിൽ നിയമിച്ചു
തിരുവനന്തപുരം: ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാർ- ഗവർണർ പോര് സമവായമായതിനു പിന്നാലെ കേരള സർവകലാശാലയിലെ രജിസ്ട്രാറെ സർക്കാർ മാറ്റി. ഭാരതാംബ വിവാദത്തെ തുടർന്ന് സസ്പെൻഷനിൽ തുടരുന്ന ഡോ. കെ.എസ്. അനിൽകുമാറിന്‍റെ ഡെപ്യൂട്ടേഷൻ പിൻവലിച്ച് മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളെജിൽ നിയമിച്ചു.
ചാൻസലർ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയതോടെയാണ് രജിസ്ട്രാര്‍ വിവാദത്തില്‍പ്പെട്ടത്. റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി നടക്കുകയും വലിയ പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്.
ഈ വിഷയത്തില്‍ വൈസ് ചാൻസലർ ഡോ. മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തിനു ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റിന്‍റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നായിരുന്നു കണ്ടെത്തൽ. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
തുടർന്ന് വിസിക്കെതിരേ എസ്എഫ്‌ഐ വലിയ പ്രതിഷേധം ഉയര്‍ത്തി. പിന്നാലെ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കി. അതോടെ അനില്‍ കുമാര്‍ തിരികെ സര്‍വകലാശാലയിലെത്തിയെങ്കിലും രജിസ്ട്രാറുടെ ചുമതല വിസി മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഈ വിഷയം കോടതിയിലേക്ക് നീണ്ടു. സര്‍ക്കാര്‍ പിന്തുണ അനില്‍കുമാറിനായിരുന്നു. പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്.
തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് സർക്കാരിനും സിപിഎമ്മിനും ഒപ്പം നിന്ന രജിസ്ട്രാറെ കോളെജ് പ്രിൻസിപ്പലായി നിയമിച്ച് സര്‍ക്കാരിന്‍റെ ഉത്തരവിറങ്ങിയത്.
അതേസമയം, ഗവർണർ നൽകിയ വൈസ് ചാൻസലർമാരുടെ പട്ടിക സർക്കാർ അംഗീകരിച്ചതിനു പിന്നാലെ ഗവർണറുടെ നോമിനിയായ ഡോ. സിസ തോമസ് കെടിയു വൈസ് ചാൻസലറായി ചുമതലയേറ്റു. പിന്നാലെ സെക്രട്ടേറിയറ്റിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി.