സർവകലാശാലയ്ക്ക് ആവശ്യമായ അംഗീകാരങ്ങളില്ല.

 

Representative image

Education

മിഡ് ഓഷൻ സർവകലാശാലാ ബിരുദധാരികൾക്ക് യുഎഇയിൽ തൊഴിൽ വിലക്ക്

യുഎഇയിലെ മിഡ് ഓഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് രാജ്യത്ത് തൊഴിൽ നേടാൻ കഴിയില്ലെന്ന കർശന മുന്നറിയിപ്പുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

UAE Correspondent

ദുബായ്: യുഎഇയിലെ മിഡ് ഓഷ്യൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് രാജ്യത്ത് തൊഴിൽ നേടാൻ കഴിയില്ലെന്ന കർശന മുന്നറിയിപ്പുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സർവകലാശാലയ്ക്ക് ആവശ്യമായ അംഗീകാരങ്ങളില്ലാത്തതാണ് ഈ നടപടിക്ക് കാരണം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മന്ത്രാലയം പുറത്തിറക്കി.

മിഡ് ഓഷ്യൻ സർവകലാശാലാ നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തി നൽകില്ല. മന്ത്രാലയത്തിന്‍റെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് യുഎഇയിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളിൽ ചേർന്ന് വിദ്യാർഥികൾ വഞ്ചിതരാകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഉപരിപഠനത്തിനായി സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് മന്ത്രാലയത്തിന്‍റെ കൃത്യമായ അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണമെന്ന് അധികൃതർ വിദ്യാർഥികളോടു നിർദേശിച്ചു.

അംഗീകാരമില്ലാത്ത സർവകലാശാലകളിൽ നിന്ന് നേടുന്ന ബിരുദങ്ങൾ ഉപയോഗിച്ച് യുഎഇയിൽ പ്രൊഫഷണൽ തസ്തികകളിൽ ജോലി ചെയ്യാൻ സാധിക്കില്ല. വിദേശ സർവകലാശാലകളുടെ കാര്യത്തിലും മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അല്ലെങ്കിൽ മതിയായ യോഗ്യതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ യുഎഇ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളും മറ്റ് മന്ത്രാലയങ്ങളും സജ്ജമാണ്. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക വെബ്സൈറ്റുകൾ വഴി അംഗീകാരമുള്ള സർവകലാശാലകളുടെ പട്ടിക പരിശോധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കാനാണ് തങ്ങൾ തയാറെടുക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം