നടിയുമായി ഇടയ്ക്കിടെ വിദേശയാത്രകൾ, നിരന്തരം അവഗണിച്ചു; വിവാഹമോചന ഹർജിയിൽ വിജയ്‌യുടെ ഭാര്യ

 
Entertainment

"നടിയുമായി ഇടയ്ക്കിടെ വിദേശയാത്രകൾ"; വിവാഹമോചന ഹർജിയിൽ വിജയ്‌യുടെ ഭാര്യ

വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കപ്പെട്ടതിനാൽ അതേ വീട്ടിൽ തന്നെ അകന്നു കഴിയാൻ നിർബന്ധിക്കപ്പെട്ടു.

നീതു ചന്ദ്രൻ

ചെന്നൈ: നടൻ വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിംഗത്തിന്‍റെ വിവാഹമോചന ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 2025 നവംബർ 9ന് ഉൾപ്പെടെ രണ്ടു തവണ വ്യക്തിപരമായി നേരിട്ടു കണ്ടു സംസാരിച്ചുവെന്നും രണ്ടും തവണ നിയമപരമായി സമീപിച്ചുവെന്നും എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്നുമാണ് സംഗീത ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 2025 ഡിസംബർ 3ന് സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം ചെങ്കൽപേട്ട് ജില്ലാ കോടതിയിലാണ് 48കാരിയായ സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്. മറ്റൊരു അഭിനേത്രിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ നടിയുടെ പേര് പുറത്തു വിട്ടിട്ടില്ല.

യുകെയിൽ വച്ച് 1998 ജൂലൈ 10നാണ് വിജയ്‌യും സംഗീതയും നിയമപരമായി വിവാഹിതരായത്. സംഗീത ബ്രിട്ടിഷ് പൗരയാണ്. ലണ്ടനിലെ ബയോമെഡിക്കൽ സയൻസിൽ നിന്ന് ബിരുദം നേടിയ ശേഷം കുടുംബജീവിതത്തിനു വേണ്ടിയാണ് സംഗീത ഇന്ത്യയിലേക്ക് വന്നത്. 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ രാജാ മുത്തയ്യ മൻട്രത്തിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹചടങ്ങ് നടത്തി.

2000ത്തിൽ മകൻ ജാസൺ സഞ്ജയ് ജനിച്ചു. 2005 സെപ്റ്റംബറിൽ ഇളയ മകൻ ദിവ്യ സാഷയും ജനിച്ചു. വിവാഹത്തിന്‍റെ ആദ്യകാലങ്ങളിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹർജിയിൽ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും ഭർത്താവിന്‍റെയും ക്ഷേമത്തിൽ മാത്രമായിരുന്നു തനിക്ക് ശ്രദ്ധയെന്നും സംഗീത പറയുന്നു. അക്കാലങ്ങളിൽ വിദേശത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കാനും വിജയ് സമയം കണ്ടെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും ചില പൊതുപരിപാടികളിലും വിജയ്ക്കൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ഹർജിയിലുണ്ട്.

2021 ഏപ്രിലിൽ വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് താൻ കണ്ടെത്തി. അതു തന്നെ കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കി. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസവും നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും ഹർജിയിലുണ്ട്. വിഷയം രമ്യമായി പരിഹരിക്കാൻ 2021 സെപ്റ്റംബറിലും 2022 ഫെബ്രുവരിയിലും വക്കീൽ വഴി ശ്രമം നടത്തി. പക്ഷേ പരിഹാരമുണ്ടായില്ല. കുട്ടികളുടെ പഠനവും മാനസിക ക്ഷേമവും മാത്രം മുൻനിർത്തി നിയമപരമായ നീക്കം നീട്ടിവച്ചതായും ഹർജിയിലുണ്ട്. 2021 മുതൽ വിജയ് മാനസികമായും വൈകാരികമായും ശാരീരികമായും തന്നെ ഉപേക്ഷിച്ചുവെന്നും പൊതുപരിപാടികളിൽ നിന്നും പ്രൊഫഷണൽ പരിപാടികളിൽ നിന്നും അകറ്റി നിർത്തിയെന്നും സംഗീത ആരോപിക്കുന്നു. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കപ്പെട്ടതിനാൽ അതേ വീട്ടിൽ തന്നെ അകന്നു കഴിയാൻ നിർബന്ധിക്കപ്പെട്ടു.

വിജയ് ആരോപണവിധേയയായ നടിക്കൊപ്പം നിരന്തരം പൊതുപരിപാടികളിൽ പങ്കെടുക്കുകയും വിദേശ യാത്ര നടത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്. നടി തുടർച്ചയായി ഇത്തരം ഒരുമിച്ചുള്ള പരിപാടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. വിജയ് അതിനെ എതിർത്തിരുന്നുമില്ല. ഈ പോസ്റ്റുകൾ തനിക്കും കുട്ടികൾക്കും മാനസിക സംഘർഷമുണ്ടാക്കിയതായും സംഗീത പറയുന്നു.

2024ൽ വിജയം വിവാഹേതര ബന്ധം തുടർന്നത് നിരന്തരമായ മാനസിക പീഡനത്തിന് ഇടയാക്കി. അതേ തുടർന്ന് 2024 ഓഗസ്റ്റിലും 2025 ഫെബ്രുവരിയിലും വക്കീൽ വഴി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. എന്നാൽ പരസ്ത്രീ ബന്ധം ഉപേക്ഷിക്കുന്നതിനു പകരം വിജയ് തനിക്ക് സാമ്പത്തികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണുണ്ടായതെന്ന സംഗീത ആരോപിക്കുന്നു. 2025 നവംബറിൽ ഉൾപ്പെടെ രണ്ടു തവണ വ്യക്തിപരമായി സംസാരിച്ച് മാന്യമായി പിരിയാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. മറ്റു നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ഉണ്ട്. വിവാഹമോചനം നൽകണം, നീലൻകരൈയിലെ വീട്ടിൽ തന്നെ താമസം തുടരാൻ അവകാശം നൽകണം, ശരിയായ രീതിയിലുള്ള സ്ഥിരമായ ജീവനാംശം നൽകണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. ഹർജിയിലെ കോടതി നടപടികളിൽ രഹസ്യാത്മകതയും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. തന്നിക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ മനോവേദന ഉണ്ടാകാതിരിക്കുന്നതിനായി വിഷയത്തിൽ ചർച്ചകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്നതിൽ നിന്ന് യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളെ വിലക്കണമെന്നും ഹർജിയിൽ ഉണ്ട്.

ശരിയല്ലെന്ന് എൻഎസ്എസ്; മന്നം സമാധിയിയിലെ പുഷ്പാർച്ചന റദ്ദാക്കി ഉപരാഷ്‌ട്രപതി

എൽഡിഎഫിനെ പിണറായി നയിക്കും; തീരുമാനം പ്രഖ്യാപിച്ച് എം.എ. ബേബി

നടൻ വിജയ് വിവാഹമോചിതനാകുന്നു; വിവാഹേതര ബന്ധം ആരോപിച്ച് ഹർജി ഫയൽ ചെയ്ത് ഭാര്യ

അക്രമം തുടർന്നാൽ തിരിച്ചടിക്കും; സിപിഎമ്മിന് മുന്നറിയിപ്പുമായി കെ. മുരളീധരൻ

ദിലീപിനെ വെറുതെ വിട്ട നടപടി റദ്ദാക്കണം; നടിയെ ആക്രമിച്ച കേസിൽ അപ്പീലുമായി സർക്കാർ