പുരസ്കാര വിതരണ വേദിയിൽ നിന്നുള്ള ചിത്രം |അഹാന കൃഷ്ണ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരേ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ഞായറാഴ്ചയാണ് 55 - മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
പുരസ്കാര ജേതാക്കളായ സ്ത്രീകളെ പിന്നിലെ നിരയിൽ ഇരുത്തിയത് ചോദ്യം ചെയ്തുകൊണ്ടാണ് അഹാനയുടെ പ്രതികരണം. ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അഹാന സംഭവത്തിലെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്.
പുരസ്കാരത്തിന് അർരായ സ്ത്രീകൾ മാത്രം പിൻനിരയിലായി പോയത് വെറും യാദൃച്ഛികമായ സംഭവമാണോ എന്ന് അഹാന ചോദിക്കുന്നു. മികച്ച നടിയായ ജ്യോതിർമയി ഉൾപ്പെടെയുള്ള പുരസ്കാരത്തിന് അർഹരായ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ അർഹരാണെന്നും അവരെ പിന്നിലിരുത്തിയത് മോശമായി പോയെന്നും അഹാന പ്രതികരിക്കുന്നു.
"എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ കാര്യം പറയാതിരിക്കാാവുന്നില്ല''- എന്നാണ് സോഷ്യൽ മീഡിയയിൽ അഹാന കുറിച്ചത്.
പുരസ്കാര ജേതാക്കളായ സ്ത്രീകൾക്കെല്ലാം പിൻനിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. പുരുഷന്മാർക്കെല്ലാം മുൻനിരയിലും. അഹാനയുടെ പ്രതികരണത്തിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായി. പൊതുവിടങ്ങളിലെ ഇത്തരം ലിംഗ വിവേചനത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.