അനിൽ കപൂർ
അനിൽ കപൂർ
അതിരുകളില്ലാത്ത സർഗാത്മകതയുടെയും, പ്രതിരോധിക്കാനാകാത്ത അഭിനിവേശത്തിന്‍റെയും, സമാനതകളില്ലാത്ത ചാതുര്യത്തിന്‍റെയും നാടാണ് ഇന്ത്യയെന്നു ഞാൻ എല്ലായ്പോഴും വിശ്വസിക്കുന്നു. വലിയ തോതിലുള്ള നിക്ഷേപങ്ങളും ഫാൻസി സ്റ്റുഡിയോകളും ഉണ്ടാകുന്നതിനു വളരെ മുമ്പുതന്നെ, നമുക്കു കഠിനാധ്വാനവും താത്കാലിക പ്രതിവിധികളും ഉണ്ടായിരുന്നു. അങ്ങനെയാണു "മിസ്റ്റർ ഇന്ത്യ' പോലുള്ള ഐതിഹാസിക സിനിമകൾ പിറന്നത്. എന്‍റെ സുഹൃത്ത് ശേഖർ കപൂറിന് ആ സിനിമയ്ക്കു കരുത്തേകിയ ചെറു പ്രതിവിധികളെയും സമർഥമായ ആശയങ്ങളെയും കുറിച്ചുള്ള കഥകൾ നിങ്ങളോടു പറയാൻ കഴിയും. പണത്തിന്‍റേതല്ല; മറിച്ച്, ദീപ്തമായ പ്രതിഭയുടെയും ചിന്താഗതിയുടെയും കഥകൾ.
എന്നാൽ കാലം മാറി. പ്രേക്ഷകർ മാറി. ഇന്ന്, വിനോദത്തിന്‍റെ ലോകം സിനിമാ ഹാളിലോ ടെലിവിഷൻ സ്ക്രീനിലോ മാത്രമായി പരിമിതപ്പെടുന്നില്ല. അതു വെർച്വൽ ലോകത്തും നിർമിതബുദ്ധി അധിഷ്ഠിത "അവതാറു’കളിലും, ഉന്നത നിലവാരമുള്ള വിഷ്വൽ ഇഫക്റ്റുകളിലും, ആഴത്തിലുള്ള അനുഭവങ്ങളിലും വ്യാപിച്ചിരിക്കുന്നു. അടുത്ത "മിസ്റ്റർ ഇന്ത്യ' രാജ്യത്തെ ആകർഷിക്കുക മാത്രമല്ല, ലോകമെമ്പാടും പ്രതിധ്വനിക്കുകയും ചെയ്യണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ സ്രഷ്ടാക്കളെ ആശയങ്ങൾക്കപ്പുറത്തേക്കു നാം സജ്ജരാക്കണം. അവർക്കു നാം വിഭവങ്ങളും ദിശയും മാർഗനിർദേശവും വേദികളുമേകണം.
അവിടെയാണു ഗവൺമെന്‍റിന്‍റെ വേവ്സ് സംരംഭം പ്രസക്തമാകുന്നത്. വേവ്സ് വെറുമൊരു പരിപാടിയല്ല. മാധ്യമ- വിനോദ ആവാസ വ്യവസ്ഥയെയാകെ കരുത്തേകുന്നതിനായി രൂപകൽപ്പന ചെയ്ത പ്രസ്ഥാനമാണിത്.
മികച്ച സിനിമ, ഗെയിമുകൾ, വെർച്വൽ അനുഭവങ്ങൾ അല്ലെങ്കിൽ സംഗീതം എന്നിവ നിർമ്മിക്കുന്നത് ഇനി ബോളിവുഡിനുമാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. അതിനു കരുത്തുറ്റ നിർമാണാനന്തര സംവിധാനങ്ങൾ, ലോകോത്തര വിഎഫ്എക്സ് സ്റ്റുഡിയോകൾ, തടസമില്ലാത്ത വ്യാവസായിക പരിതസ്ഥിതികൾ, അത്യാധുനിക അനിമേഷൻ ഹൗസുകൾ, എല്ലാറ്റിനുമുപരി, നിക്ഷേപകരുടെയും ഉപദേഷ്ടാക്കളുടെയും പിന്തുണയുള്ള ആവാസവ്യവസ്ഥ എന്നിവ ആവശ്യമാണ്. വർഷങ്ങളായി, ഈ രാജ്യത്തു നമുക്കു വിഖ്യാത സ്രഷ്ടാക്കൾ ഉണ്ടായിരുന്നു. പക്ഷേ നമുക്കില്ലാതിരുന്ന കാര്യം ആ ആശയങ്ങൾക്കും വലിയ വേദിക്കും ഇടയിലുള്ള പാലമായിരുന്നു. ആ പാലം നിർമിക്കാൻ വേവ്സ് മുന്നോട്ടു വന്നു. സിനിമ- വിനോദ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ഉപദേശകസമിതിയാണു പരിപാടിയുടെ രൂപകൽപ്പനയും സംവിധാനവും നിർവഹിക്കുന്നത്. ഞാനും അവരിൽ ഒരാളാണെന്നു പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്!
വേവ്സിന്‍റെ ഏറ്റവും ആവേശകരമായ ഘടകങ്ങളിലൊന്ന്, വിനോദത്തിലും മാധ്യമങ്ങളിലും ഏറ്റവും ധീരമായ ആശയങ്ങൾ വളർത്തിയെടുക്കുന്നതിനായി നിർമിച്ച സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ വേവെക്സ് ആണ്. സർഗാത്മകത, നൂതനാശയങ്ങൾ, നിക്ഷേപം എന്നിവ ചലനാത്മക സംവിധാനത്തിലേക്ക് വേവെക്സ് സംയോജിപ്പിക്കുന്നു. ഇവിടെ, യുവ സ്രഷ്ടാക്കൾ, സാങ്കേതിക സംരംഭകർ, ഭാവനാ സമ്പന്നർ എന്നിവർക്കു മികച്ച നിക്ഷേപകരിൽനിന്നു ധനസഹായം മാത്രമല്ല, മേഖലയിലെ ഇതിഹാസങ്ങളിൽനിന്നു മാർഗനിർദേശവും അനുഭവപരിചയവും ലഭിക്കും.
മെയ് ഒന്നു മുതൽ നാലു വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് വേവ്സ് ഉച്ചകോടി. മെയ് രണ്ടിനും മൂന്നിനും, മേഖലയിലെ വിദഗ്ധർക്കും നിക്ഷേപകർക്കും മുന്നിൽ സ്റ്റാർട്ടപ്പുകൾ അവരുടെ നൂതനാശയങ്ങൾ അവതരിപ്പിക്കുമ്പോൾ ശ്രദ്ധാകേന്ദ്രം സ്റ്റാർട്ടപ്പുകളിലായിരിക്കും. അവയിൽ ഏറ്റവും മികച്ചവയ്ക്ക് അഭിമാനകരമായ സോണി ഷാർക്ക് ടാങ്ക് ഇന്ത്യയിൽ നേരിട്ടു പ്രവേശനം നേടാനുള്ള അവസരം ലഭിക്കും. അത് ഇരട്ടിനേട്ടമല്ലെങ്കിൽ, പിന്നെ മറ്റെന്താണ്?
ഈ വേദിയിൽ നിന്ന് ഉയർന്നുവരുന്ന ആശയങ്ങൾ ആവേശകരമാകുകതന്നെ ചെയ്യും! ഡിജിറ്റൽ യുദ്ധക്കളത്തിലേക്കു കാലൂന്നി മൊഗാംബോയുടെ മിസൈലുകൾ തടയാൻ കഴിയുന്ന വെർച്വൽ റിയാലിറ്റി സിമുലേഷനുകൾ, കണ്ണുചിമ്മിക്കുന്ന വെളിച്ചങ്ങളും വർണാഭമായ ബട്ടണുകളുമുള്ള മാസ്മരിക വിദ്യാഭ്യാസ ഗാഡ്‌ജെറ്റുകൾ, എന്‍റെ ശൈലിയിൽ സംസാരിക്കാൻ കഴിയുന്ന നിർമിതബുദ്ധി അധിഷ്ഠിത അവതാറുകൾ (അതൊന്നു സങ്കൽപ്പിച്ചുനോക്കൂ!), ഡ്രോൺ-ഷോട്ട് വെർച്വൽ വിനോദസഞ്ചാര അനുഭവങ്ങൾ, ആവേശം പകരുന്ന സംഗീത പോരാട്ടങ്ങൾ, വസ്തുതകൾ പരിശോധിക്കുന്ന സങ്കേതങ്ങൾ, പൈറസി ഇല്ലാതാക്കുന്ന സംവിധാനങ്ങൾ അങ്ങനെ പലതും കാത്തിരിക്കുന്നു.
ഇന്ത്യയുടെ വിനോദ വ്യവസായത്തിൽ സർഗാത്മകതയ്ക്കും നിക്ഷേപത്തിനും പുതിയ അതിരുകൾ തുറക്കുന്ന വേവ്സ് , വേവെക്സ് എന്നിവയുടെ കീഴിൽ ഇതെല്ലാം പ്രദർശിപ്പിക്കപ്പെടും.
ശന്തനു നാരായൺ, സത്യ നാദെല്ല, അദാർ പൂനാവാല, കിരൺ മജുംദാർ ഷാ തുടങ്ങിയ ആഗോള പ്രമുഖരുമായും ഓപ്പൺ എഐ, യൂട്യൂബ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയിലെ വിദഗ്ധരുമായും നേരിട്ട് ഇടപഴകാനുള്ള അവസരമാണ് എന്നെ കൂടുതൽ ആവേശഭരിതനാക്കുന്നത്. ഏറ്റവും മികച്ചത് എങ്ങനെ നിർമിക്കപ്പെടുന്നു എന്നത് ഏറ്റവും മികച്ചവരിൽനിന്നു പഠിക്കാനാകും.
വേവ്സ്, വേവെക്സ് പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യയിലെ സ്രഷ്ടാക്കൾ ലോകത്തെ രസിപ്പിക്കുക മാത്രമല്ല, അതിനെ പുനർനിർവചിക്കുകയും ചെയ്യും എന്നതിൽ എനിക്കു സംശയമില്ല.
എല്ലാ പ്രഗത്ഭ മനസുകളോടും സർഗാത്മക പ്രതിഭകളോടും പറയാനുള്ളത്, "നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ, ഇതാണു നിങ്ങളുടെ വേദി' എന്നാണ്. മെയ് 21നു മുമ്പ് www.wavex.wavesbazaar.com -ൽ നിങ്ങളുടെ സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്യൂ.
ഇതാ, ഭാവി നിങ്ങളെ കാത്തിരിക്കുന്നു. "വൺ ടൂ കാ ഫോർ!'