അനുപമ പരമേശ്വരൻ
തന്‍റെ പ്രണയബന്ധത്തിൽ നേരിട്ട ദുരനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. രണ്ട് വർഷക്കാലം താൻ നേരിട്ടത് നാര്‍സിസിസ്റ്റിക് അബ്യൂസ് ആയിരുന്നെന്നാണ് അനുപമ പറയുന്നത്. ആദ്യമായാണ് അനുപമ തന്‍റെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ. ബ്രേക്കപ്പ് വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.
"രണ്ട് വർഷക്കാലം ഞാൻ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടു. ചിലപ്പോൾ അയാൾ അന്യനായിരിക്കും, ചിലപ്പോൾ റെമോ, അല്ലെങ്കിൽ അമ്പി. ചിലപ്പോ ഭയങ്കര സ്നേഹമായിരിക്കും. ഇങ്ങനെയൊരാളെ കിട്ടിയത് എന്‍റെ ഭാഗ്യമാണെന്ന് കരുതും. തൊട്ടടുത്ത ദിവസ ഭയങ്കര ബ്രൂട്ടലായി പെരുമാറും. കുത്തിക്കൊല്ലുന്നത് പോലെ തോന്നും. പിന്നീട് അമ്പിയാവും. ഭയങ്കര സ്നേഹമായിരിക്കും, ക്ഷമ ചോദിക്കും. കരയും, യാചിക്കും, ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് പറയും. വീണ്ടും ഈ സൈക്കിൾ ആവർത്തിച്ചുകൊണ്ടിരിക്കും.
ആദ്യം ഇത് സ്നേഹമാണെന്ന് വിചാരിക്കും. അങ്ങനെ അവർക്ക് മുൻഗണന നൽകും. പിന്നെയത് അറ്റാച്ച്മെന്‍റാവും. ഒടുവിലത് അഡിക്ഷനാവും. സത്യത്തിൽ ഞാനിത് പറയുമ്പോൾ പോലും നാര്‍സിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് പോലും ഭൂരിഭാഗം പേർക്കും അറിയില്ലായിരിക്കും എന്നതാണ് സത്യം.
ഒരാൾ എന്നോട് സുഖമാണോ എന്ന് ചോദിച്ചാൽ ഞാൻ കരഞ്ഞു പോവുന്ന അവസ്ഥയായിരുന്നു. എന്നെ സ്നേഹിക്കുന്നവരുടെ മുഖത്ത് പോലും നോക്കാൻ പറ്റാതായി. ഞാൻ തകർന്നു പോവുമോ എന്ന പേടിയായിരുന്നു എനിക്ക്. കാരണം നമ്മൾ ആ വ്യക്തിയെ സംരക്ഷിക്കാൻ നോക്കുകയാണ്.
എന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ഡ്രാഗണ്‍. എന്തുകൊണ്ട് ഞാന്‍ അതിന്‍റെ പ്രൊമോഷന് പോയില്ല? ഒരുപാട് പ്രൊജക്ടുകൾ ഞാൻ നിരസിച്ചിട്ടുണ്ട്. ജോലിയിൽ മാത്രമല്ല നിയന്ത്രണമുണ്ടായിരുന്നത്. എല്ലാത്തിലും, എല്ലാ കാര്യങ്ങളിലും. എനിക്ക് ആങ്സൈറ്റിയുടെ പ്രശ്നമുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. പുറത്തിറങ്ങാൻ പറ്റാതെയായിരുന്നു.
പ്രണയത്തിലായി മൂന്നാം മാസം തന്നെ വിവാഹ നിശ്ചയത്തെക്കുറിച്ച് വരെ സംസാരിച്ചു. അത് ഒരുതരം അവകാശം സ്ഥാപിക്കൽ പോലെയായിരുന്നു. വീട്ടുകാരെല്ലാം അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങി. എന്‍റെ എല്ലാകാര്യങ്ങളും അയാളുടെ നിയന്ത്രണത്തിലായി. എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു" അനുപമ പറയുന്നു.
അനുപമ നടൻ ചിയാൻ വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമുമായി പ്രണയത്തിലായിരുന്നെന്നും പിന്നീട് ഇരുവരും പിരിഞ്ഞെന്നുമുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് അനുപമയുടെ വെളിപ്പെടുത്തൽ.