ഒടിടിയിലെത്തി രാം ഗോപാൽ വർമയുടെ 'സാരി'; ട്രോളി മലയാളികൾ
രാം ഗോപാൽ വർമയുടെ അവതരണത്തിൽ ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്ത് മലയാളിയായ ശ്രീലക്ഷ്മി സതീഷ് നായികയായി അഭിനയിച്ച് ഈ വർഷം ഫെബ്രുവരി 8ന് പുറത്തിറങ്ങിയ ചിത്രമാണ് സാരി. പ്രൊമോഷൻ പരിപാടിയെല്ലാം മികച്ച രീതിയിൽ തന്നെ നടന്നുവെങ്കിലും ചിത്രത്തിന് തിയെറ്ററിൽ വേണ്ട രീതിയിൽ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
ഒടുവിൽ തിയെറ്റർ റിലീസിനു പിന്നാലെ അഞ്ചാം മാസം ചിത്രം ഒടിടിയിലെത്തിയതിനു പിന്നാലെ മലയാളികൾക്കിടയിൽ നിന്നും വലിയ ട്രോളുകളും വിമർശനങ്ങളുമാണ് ചിത്രം നേരിടുന്നത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു ചിത്രം ഒടിടിയിലെത്തിയത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിങ്.
രാം ഗോപാൽ വർമയുടെ മുൻകാല ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകർ വിമർശനം ഉന്നയിച്ചത്. സമ്പൂർണ നിരാശയാണ് ചിത്രം സമ്മാനിച്ചതെന്നും രാത്, രംഗീല, രക്ഷ, ഭൂത്, കോൻ തുടങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ കണ്ട ആരാധകരായ നമ്മളോട് ഇത്തരത്തിലുള്ള ദ്രോഹം വേണ്ടായിരുന്നുവെന്നും ചിത്രം ഇത്രയും മോശമാകുമെന്ന് കരുതിയിരുന്നില്ലെന്നും ആരാധകർ സമൂഹമാധ‍്യമങ്ങളിൽ കുറിച്ചു.
സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്‍റെ കഥയാണ് ചിത്രം പറയുന്നത്.