വിജയ്‌യുടെ ജനനായകൻ വെള്ളിയാഴ്ച എത്തിയേക്കില്ല‍? നിർമാതാക്കളുടെ ഹർജിയിൽ വിധി റിലീസ് ദിനത്തിൽ, ആശങ്കയിൽ ആരാധകർ

 
Entertainment

വിജയ്‌യുടെ ജനനായകൻ വെള്ളിയാഴ്ച എത്തിയേക്കില്ല‍? നിർമാതാക്കളുടെ ഹർജിയിൽ വിധി റിലീസ് ദിനത്തിൽ, ആശങ്കയിൽ ആരാധകർ

ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിന് എതിരേ നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി 9ന് വിധിപറയും

Manju Soman

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ അവസാന സിനിമയെന്ന പേരിൽ ശ്രദ്ധേയമായ ‘ജനനായകന്‍റെ’ റിലീസ് പ്രതിസന്ധിയിൽ. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിന് എതിരേ നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി 9ന് വിധിപറയും. ഇതേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്ന ബോർഡിന്‍റെ വിശദീകരണത്തെ തുടർന്നു കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് കോടതി കേസ് പരിഗണിച്ചപ്പോൾ, ചിത്രത്തിനെതിരായി ലഭിച്ച ഇ- മെയിൽ പരാതിയുടെ പകർപ്പ് സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയിൽ സമർപ്പിച്ചു. ചിത്രം സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടുന്ന കാര്യം എന്തുകൊണ്ട് നിർമാതാക്കളെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു. ഡിസംബർ 28നാണ് സെൻസറിങ്ങിനായി ചിത്രം അയക്കുന്നതെന്നും ചിത്രം ഉടൻ തന്നെ തീർപ്പാക്കാൻ പറയാൻ സാധിക്കില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു നിർമാതാക്കൾ കോടതിയെ അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ അധികാരികൾക്ക് ദുരുദ്ദേശമൊന്നുമില്ലെന്നും സെൻസർ ബോർഡ് വാദത്തിനിടെ അറിയിച്ചു. 9നു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് 10ലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നു ചോദിച്ച കോടതി, പരാതികൾ ഹാജരാക്കാൻ ബോർഡിനോടു നിർദേശിച്ചിരുന്നു. ടിക്കറ്റ് വരുമാനം പങ്കിടുന്നതിനെച്ചൊല്ലി നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചില തിയറ്ററുകളിൽ മുൻകൂർ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 500 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണു നീക്കം. അതിനിടെ, ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങുന്ന ‘പരാശക്തി’ സിനിമയ്ക്കു വേണ്ടി ജനനായകന്റെ റിലീസ് വൈകിപ്പിക്കാൻ ഡിഎംകെ ശ്രമിക്കുകയാണെന്ന് വിജയ് ആരാധകർ ആരോപിച്ചു.

'ജനനായകൻ' റിലീസിന് സ്റ്റേ; പൊങ്കലിന് ചിത്രം എത്തില്ല

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

സർക്കാർ ഭൂമി കൈയേറിയ കേസ്; മാത‍്യു കുഴൽനാടന് വിജിലൻസ് നോട്ടീസ്

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെ സ്ഫോടനം; അന്വേഷണം ആരംഭിച്ചു

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം