ധർമേന്ദ്ര
മുംബൈ: ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്രയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെയോടെ അദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ആയി വീട്ടിലേക്കെത്തി. തുടർ ചികിത്സകൾ വീട്ടിലാവും ഇനി നടത്തുക. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒക്റ്റോബർ 31 നാണ് ശ്വാസതടസത്തെ തുടർന്നാണ് ധർമേന്ദ്ര അഡ്മിറ്റായത്. ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തതായി അദ്ദേഹത്തിന്‍റെ കുടുംബം പ്രസ്താവന പുറത്തിറക്കി.
"മിസ്റ്റർ ധർമേന്ദ്ര ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, വീട്ടിൽ ചികിത്സ തുടരും. കൂടുതൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഈ സമയത്ത് അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയെ മാനിക്കാനും മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനകൾക്കും നന്ദിയുള്ളവരായിരിക്കും. അദ്ദേഹത്തിന്‍റെ തുടർച്ചയായ സുഖം, നല്ല ആരോഗ്യം, ദീർഘായുസ്സ് എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കുക. ദയവായി അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ബഹുമാനിക്കുക, കാരണം അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു." - പ്രസ്താവനയിൽ കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ധർമേന്ദ്ര മരണപ്പെട്ടെന്ന തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് അപ്പോൾ തന്നെ കുടുംബം നിഷേധിച്ചിരുന്നു. പിതാവ് സുഖം പ്രാപിച്ച് വരുന്നുവെന്നും ദയവായി വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും മകൾ ഇഷ ഡിയോൾ രംഗത്തെത്തിയിരുന്നു.