മാത്യു പെറി
ലോസ്ആഞ്ചലസ്: ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ താരത്തിന് കെറ്റാമൈൻ എന്ന മയക്കുമരുന്ന് വിറ്റ ഡോക്റ്റർക്ക് 2.5 വർഷം തടവ്. 44 കാരനായ ഡോ. സാൽവദോർ പ്ലാസെൻഷ്യയ്ക്കാണ് ഫെഡറൽ കോടതി തടവും 5600 ഡോളർ പിഴയും വിധിച്ചത്. കെറ്റാമൈനോടുള്ള അടിമത്തം വളർത്തി മാത്യു പെറിയിലേക്ക് നയിച്ചത് നിങ്ങളുൾപ്പെടെയുള്ളവരാണെന്നും, നിങ്ങളുടെ ലാഭത്തിനു വേണ്ടി പെറിയുടെ അഡിക്ഷൻ ഉപയോഗിച്ചതായും കോടതി പ്രതിയോട് പറഞ്ഞു.
ഫ്രണ്ട്സ് എന്ന ജനപ്രിയ വെബ് സീരീസിൽ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി ആരാധകരെ സ്വന്മതാക്കിയത്. കുറേ വർഷങ്ങളായി താരം മയക്കുമരുന്നിന് അടിമയായിരുന്നു. 2023ലാണ് മാത്യു പെറി അമിതമായ കെറ്റാമൈൻ ഉപയോഗം മൂലം മരിച്ചത്. 54 വയസായിരുന്നു താരത്തിന്. ശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ ഡോക്റ്റർ പ്ലാസെൻഷ്യ മാത്യു പെറിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചു. ഞാനദ്ദേഹത്തെ സംരക്ഷിക്കേണ്ടതായിരുന്നുവെന്നും ഡോക്റ്റർ പറഞ്ഞു.
സർജിക്കൽ അനസ്തേഷ്യ ആയുപയോഗിക്കുന്ന കെറ്റാമൈൻ വിഷാദരോഗത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് മാത്യു പെറി കഴിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം അതിന് അടിമയായി. ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്റ്റർ അമിതമായി കെറ്റാമൈൻ നൽകാൻ വിസമ്മതിച്ചതോടെയാണ് പെറി പ്ലാസെൻഷ്യയെ സമീപിച്ചത്. വീട്ടിലെ ബാത്ത് ടബിൽ മുങ്ങി മരിച്ച നിലയിലാണ് 2023 ഒക്റ്റോബറിൽ പെറിയെ കണ്ടെത്തിയത്. പിന്നീട് മരണ കാരണം കെറ്റാമൈനിന്‍റെ അമിതോപയോഗമാണെന്ന് കണ്ടെത്തി. കേസിൽ അഞ്ച് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.