ദുബായ്: ദുബായിൽ നടക്കുന്ന എമിറേറ്റ്സ് അന്തർദേശിയ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രദർശിപ്പിക്കുന്നതിന് ബബിൾ ഗം ദുബായ് ഒരുക്കിയ ഹ്രസ്വചിത്രം തെരഞ്ഞെടുക്കപ്പെട്ടു. വെബ് സീരീസ് എന്ന പ്രത്യേക വിഭാഗത്തിലാണ് ബബിൾ ഗം ദുബായുടെ 'വിടമാട്ടേൻ' എന്ന ഹ്രസ്വചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. 37 വർഷമായി ദുബായിൽ പ്രവാസിയായി കഴിയുന്ന പോൾസൺ പാവറട്ടിയാണ് ഇതിന്‍റെ തിരക്കഥാകൃത്തും സംവിധായകനും.
യുഎഇ ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്ന് അഞ്ഞൂറിലധികം ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, അനിമേഷൻ ഫിലിം, ഡോക്യുമെന്‍ററി, യങ് ആൻഡ് എമെർജിങ് (വിദ്യാർഥി വിഭാഗം) ഫിലിം മേക്കേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ.
2025 ജനുവരി 15, 16, 17 തീയതികളിൽ എമിറേറ്റ്സ് ഏവിയേഷൻ കോളേജിലാണ് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദർശനം. ജനുവരി 18ന് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ റെഡ് കാർപ്പെറ്റ് വിരുന്നും അവാർഡ് ദാനച്ചടങ്ങും.