നീല പുകച്ചുരുൾ പ്രണാമം! കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി യേശുദാസ്; വിനായകന് വേണുഗോപാലിന്‍റെ മറുപടി
തിരുവനന്തപുരം: യേശുദാസിനെതിരായ പരാമർശത്തിൽ വിനായകന് മറുപടിയുമായി ഗായകൻ ജി. വേണുഗോപാൽ. കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മൾ. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസംശയം പറയാമെന്ന് വേണുഗോപാൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
ഗായകൻ യേശുദാസ്, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവരെ അധിക്ഷേപിച്ചാണ് നടൻ വിനായകൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. യേശുദാസിന്‍റെ ചിത്രത്തിനൊപ്പമാണ് ഇരുവരെയും പേരു പറഞ്ഞ് അസഭ്യ വാക്കുകൾ ഉപയോഗിച്ചു കൊണ്ടായിരുന്നു അധിക്ഷേപം.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മൾ. പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന കരിങ്കൽ ഭിത്തിയിൽ തല തല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു. കമ്പ്യൂട്ടർ സ്ക്രീനിനു പിന്നിൽ കുമ്പിട്ടിരിക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു . മുറിവുണക്കാൻ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകൾ അവരെ ശരപഞ്ജരത്തിൽ കിടത്തുന്നു. ഒരായുഷ്ക്കാലം മുഴുവൻ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്‍റെയും നെറുകയിൽ ഒരു സിന്ദൂരതിലകമായി ചാർത്തിയ അവരെ നിഷ്കരുണം വേട്ടയാടുന്നു. അസഭ്യം കൊണ്ട് മൂടുന്നു. മാനവികതയിൽ നിന്നും മനുഷ്യനെ മാറ്റിനിർത്തുന്നതാണ് പൊളിറ്റിക്കൽ കറക്ട്നസ് എന്ന് പ്രശസ്ത അമേരിക്കൻ കൊമേഡിയനും സാമൂഹ്യ പരിഷ്കർത്താവും ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ ജോർജ് കാർലിൻ അഭിപ്രായപ്പെടുന്നു.''If you call a blind man visually challenged, will it change anything about his condition?''
ഒരായുഷ്കാലം മുഴുവൻ സിനിമയും സംഗീതവും ശ്വസിച്ചുച്ഛ്വസിച്ച് നാടോടുമ്പോൾ നടുചാൽകീറി സ്വന്തം ലോകം പണിത് അവിടെ സ്വന്തം നാട്ടുകാരെക്കൂടി കുടിയിരുത്തിയവരാണ് ഇവരൊക്കെ . കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസ്സംശയം പറയാം. കലയിലും സംഗീതത്തിലും സർവഥാ കർണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു . ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവസവിശേഷതകൾ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി.. ''അയാൾ അതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു, അയാൾ ഇത്ര കാശു വാങ്ങി, ഇന്ത്യയ്ക്ക് വെളിയിൽ പോയി ജീവിച്ചു,.'' ഇതല്ല ഒരു കലാകാരനെ അടയാളപ്പെടുത്തൽ.
ജീവിതം തന്നെ സംഗീതവും സാധനയും സിനിമയും ആകുമ്പോൾ ഒരു കലാകാരന് എന്തു പൊളിറ്റിക്കൽ കറക്റ്റ്നസ്? സ്വന്തം കർമ്മത്തിൽ മാത്രം ഒതുങ്ങി, സ്വയം പുതുക്കുന്ന പരിശീലനമുറകളും ആയി ഏകാന്തനായി അദ്ദേഹം ജീവിക്കുന്നു. മൂർത്തമായ കലയുടെ പുണ്യം നുണയുന്നു. 1970 കളിൽ ജനിച്ച ഞങ്ങളിൽ പലർക്കും സ്വന്തം മാതാപിതാക്കളുടെ ശബ്ദത്തേക്കാൾ സുപരിചിതവും ഹൃദ്യവുമാണ് യേശുദാസിന്‍റെ ശബ്ദം. സംഗീതത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നടന്നു കയറാൻ അദ്ദേഹം ത്യജിച്ചതെല്ലാം ഇന്ന് പല കലാകാരന്മാർക്കും അത്യന്താപേക്ഷിതമായ റോ മെറ്റീരിയൽസ് ആയി മാറിയിരിക്കുന്നു. യേശുദാസ് പറയാതെ പറഞ്ഞുവെച്ച ഒരു കർമ്മയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളർന്നുവരുന്ന ഗായകർക്ക് മാർഗ്ഗനിർദേശങ്ങൾ ആയിരുന്നു അത് .അന്ന് അദ്ദേഹം വർജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താൽ വർദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാർ ഒന്നു മനസ്സിലാക്കുക. കഠിനമായ പാതകൾ താണ്ടി ഉയർച്ചയുടെ പടവുകൾ കയറിയ യേശുദാസ് തന്നെയും തന്‍റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത് . ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുന സൃഷ്ടിക്കുകയും തന്റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യ ബുദ്ധിയോടെ സ്വയം നിലനിർത്തുകയും ചെയ്യുകയായിരുന്നു. യേശുദാസ് നമ്മുടെ കേരളത്തിൻ്റെ ലോകോത്തര ഗായകനാണ്. പാട്ടുകാരനെ പാട്ടുകാരനായി മാത്രം കണ്ടാൽ മതി. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവെന്ന് തോന്നുന്ന ഇടത്താണ് അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത്.
ഒരിക്കൽ ഈ പുഴയും കടന്ന് എന്ന സിനിമയുടെ തിരക്കുപിടിച്ച റെക്കോർഡിങ് വേളയിൽ അദ്ദേഹത്തിന്‍റെ രണ്ടു പാട്ടുകളുടെ റെക്കോർഡിങ്ങിനിടയിൽ വീണു കിട്ടിയ രണ്ടു മണിക്കൂർ ഗ്യാപ്പിൽ എന്റെ പാട്ട് പാടി റെക്കോർഡ് ചെയ്യുവാൻ സംഗീതസംവിധായകൻ ജോൺസൺ എന്നോട് നിർദ്ദേശിച്ചു. ''ഇന്ന് സമയം വൈകിയല്ലോ നാളെ രാവിലെ വോയിസ് ഫ്രഷ് ആയിരിക്കുമ്പോൾ നമുക്ക് നോക്കിയാലോ ചേട്ടാ ''എന്ന് ഞാൻ. അപ്പോൾ ശ്രീ യേശുദാസ് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു .
''എടാ വേണൂ, ഒരു നല്ല പാട്ടുകാരൻ ഒരു വേട്ടക്കാരനെ പ്പോലെയാണ്. തന്റെ തോക്കിന്റെ കുഴൽ എണ്ണയിട്ട് ,തുരുമ്പ് കളഞ്ഞ്, വെടിമരുന്ന് നിറച്ച്, ഉന്നം പിടിച്ച് നിൽക്കുക. വെക്കടാ വെടി എന്ന് ആജ്ഞാപിക്കുമ്പോൾ വെടി വയ്ക്കുക. അപ്പോൾ എണ്ണയില്ല മരുന്നില്ല എന്നു പറയരുത് !''
അദ്ദേഹത്തിന്‍റെ ഫിലോസഫിയും കർമ്മശുദ്ധിയും ഇതിൽ നിന്ന് മനസ്സിലാക്കാം.കർമ്മം മാത്രമാണ് ലക്ഷ്യം അതിനു വേണ്ടി സ്വന്തം ശരീരം, കണ്ഠം ഇവയെല്ലാം പരിപൂർണ്ണമായി സജ്ജമാക്കി നിർത്തുക. ഏകാഗ്രതയാണ് സുപ്രധാനം.
യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല .യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണ്ണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മൾ മറക്കാതെയിരിക്കുക.
അത്യുന്നതങ്ങളിൽ അംബദ്കർ , അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു, ഇവർക്ക് മഹത്വം . ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം! VG