ഒരു ബോളിവുഡ് ഫാമിലി ഡ്രാമ പോലെയായിരുന്നു ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും പ്രണയവും വിവാഹവും. അതിനു പിന്നിലെ അണിയറക്കഥകൾ ഒരിക്കലും പൂർണമായി പുറത്തുവന്നിട്ടുമില്ല. ഹേമമാലിനിയുടെ ചെറിയ വെളിപ്പെടുത്തലുകളിലൂടെയാണ് കുറച്ചു കാര്യങ്ങളെങ്കിലും സിനിമാപ്രേമികൾ മനസിലാക്കിയിട്ടുള്ളത്.
തന്നെ ഉടൻ വിവാഹം കഴിക്കണമെന്ന് ധർമേന്ദ്രയോടു നിർബന്ധമായി ആവശ്യപ്പെട്ടിരുന്നു എന്ന ഹേമയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
''മകൾ ഇങ്ങനെയൊരു ബന്ധത്തിൽപ്പെടുന്നത് ഒരു കുടുംബവും അംഗീകരിക്കില്ല. അദ്ദേഹത്തിന് ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. പക്ഷേ, ദീർഘകാലമായി അടുപ്പത്തിലായിരുന്നതിനാൽ മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല'', ഹേമ പറയുന്നു.
അങ്ങനെ അദ്ദേഹത്തെ വിളിച്ച് ഉടൻ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശരി, വിവാഹം കഴിച്ചേക്കാം എന്ന് അദ്ദേഹവും പറഞ്ഞു, ഹേമ കൂട്ടിച്ചേർക്കുന്നു.
ധർമേന്ദ്രയ്ക്ക് വിവാഹമോചനം നൽകാൻ ആദ്യഭാര്യ പ്രകാശ് കൗർ ഒരുക്കമായിരുന്നില്ല. അങ്ങനെ ധർമേന്ദ്രയും ഹേമമാലിനിയും ഇസ്‌ലാം മതം സ്വീകരിച്ച ശേഷമാണ് വിവാഹിതരായത്. പ്രകാശ് കൗറും മക്കളുമായി മാന്യമായ അകലം പാലിക്കാൻ തുടർന്നിങ്ങോട്ട് ഹേമ ശ്രദ്ധിക്കുകയും ചെയ്തു. പ്രകാശ് കൗറിന്‍റെയും ധർമേന്ദ്രയുടെയും മകനായ സണ്ണി ഡിയോളിന്‍റെ മകന്‍റെ വിവാഹത്തിന് ധർമേന്ദ്രയും പ്രകാശ് കൗറും ഒരുമിച്ചെടുത്ത ചിത്രം അടുത്തിടെ വൈറലായിരുന്നു. ഈ വിവാഹച്ചടങ്ങിൽ ഹേമയോ മക്കളായ ഇഷ ഡിയോളോ അഹാന ഡിയോളോ പങ്കെടുത്തിരുന്നതുമില്ല.
എന്നാൽ, ധർമേന്ദ്രയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് പരസ്യമായി പരിഭവിക്കാൻ പ്രകാശ് കൗർ ഒരിക്കലും തയാറായിട്ടില്ല. എന്നുമാത്രമല്ല, തന്‍റെ ഭർത്താവിനെ ന്യായീകരിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. ഹേമമാലിനിയെ വിവാഹം കഴിക്കാൻ ഏതു പുരുഷനാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം.
ബോളിവുഡിൽ പകുതിപ്പേർക്കും ഇത്തരം ബന്ധങ്ങളും രണ്ടാം വിവാഹങ്ങളുമൊക്കെയുള്ളപ്പോൾ, തന്‍റെ ഭർത്താവിന്‍റേത് അവിഹിത ബന്ധമാണെന്നു പറയുന്നതു ശരിയല്ലെന്നും അവർ പറഞ്ഞിരുന്നു.