ശ്വേത മേനോൻ

 
Entertainment

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

ഓഫിസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അമ്മ പ്രസിഡന്‍റ്

MV Desk

കൊച്ചി: ഭാരവാഹികളുടെ അധികാരത്തര്‍ക്കവും യോജിപ്പില്ലായ്മയും ആരോപണ, പ്രത്യാരോപണങ്ങളും കാരണം താരസംഘടനയായ "അമ്മ'യിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. സംഘടനയെ നയിക്കാൻ പുതിയ വനിതാ ഭാരവാഹികള്‍ വന്നതോടെ തുടങ്ങിയ ആഭ്യന്തര കലഹം അതിരുവിട്ട അവസ്ഥയിലാണ്. സംഘടനയിലെ പല കാര്യങ്ങളും താനറിയുന്നില്ല എന്നാണ് അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍ പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ തലപ്പത്തു നിന്ന് മാറാന്‍ തയാറാണെന്നും ശ്വേത തുറന്നു പറഞ്ഞു. താന്‍ തോല്‍ക്കാനല്ല വന്നത്. പറയാനുള്ളത് മുഖത്തു നോക്കി പറയും. എക്സിക്യൂട്ടീവിനുള്ളില്‍ തന്നെ ചിലര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു കാലമായി അമ്മ ഓഫിസില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത്- ശ്വേത മേനോന്‍ പറയുന്നു.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്‌നവുമില്ല. രാജിവച്ച ജോയിന്‍റ് സെക്രട്ടറി അന്‍സിബ ഹസന്‍റെ പ്രശ്‌നം വ്യക്തിപരമായിരുന്നു. അമ്മയ്ക്ക് അതില്‍ ഒന്നും ചെയ്യാനില്ല. ഒരാളുടെ വീട്ടില്‍ നടക്കുന്ന പ്രശ്‌നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.

നടനും ഭാരവാഹിയുമായ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നത്. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ അന്‍സിബയ്ക്കെന്നും, അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും അറിയില്ല. സ്ത്രീകള്‍ക്ക് ഒരു സംഘടനയെ നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ല- ശ്വേത പറഞ്ഞു.

അതേസമയം താര സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറികളില്‍ മൗനം പാലിക്കുകയാണ് മുതിര്‍ന്ന താരങ്ങളും മുൻ ഭാരവാഹികളും. അടുത്ത മാസം 21നു ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരേ ഒട്ടുമിക്ക നടീനടന്മാര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം.

എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളയ്ക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനയ്ക്ക് പരാതി നല്‍കി.

അന്‍സിബ സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്‌നങ്ങള്‍ പുറത്തുവന്നത്. പ്രസിഡന്‍റ് നിയമിച്ച ഓഫിസ് മാനെജരെ ജനറല്‍ സെക്രട്ടറി പുറത്താക്കിയത് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് കാരണമായി. ട്രഷറര്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കേണ്ടിവന്നതും മാനക്കേടായി. അതിനിടെ അന്‍സിബയ്ക്കെതിരേ കേസ് നല്‍കിയ വൈസ് പ്രസിഡന്‍റ് ലക്ഷ്മിപ്രിയയും രംഗത്തുവന്നു.

പ്രസിഡന്‍റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തര്‍ക്കവും അമ്മയെ സാരമായി ബാധിച്ചെന്ന് അംഗങ്ങള്‍ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. യോഗ തീരുമാനങ്ങള്‍ പോലും അംഗങ്ങളെ അറിയിക്കാറില്ല. ജനറല്‍ സെക്രട്ടറിക്കുള്ള ചില അധികാരങ്ങള്‍ പ്രസിഡന്‍റിനും ബാധകമാക്കാന്‍ സംഘടനയുടെ നിയമാവലി ഭേദഗതിക്കും ശ്രമം ആരംഭിച്ചിട്ടുണ്ട്. പൊതുയോഗത്തില്‍ ഭേദഗതി അവതരിപ്പിക്കാണ് നീക്കം. അതിനിടെ കുടുംബ മേളയ്ക്കു വേണ്ടി ഒരു സ്വകാര്യ ക്ഷേത്രത്തിന്‍റെ പരസ്യം സ്പോൺസർഷിപ്പായി വാങ്ങിയതും വലിയ വിവാദമായിട്ടുണ്ട്.

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗക്കേസ്; പരാതിക്കാരി മൊഴി മാറ്റി

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ