ശരത് ഉമയനല്ലൂർ
ഏഴുരാപ്പകലുകൾക്കൊടുവിൽ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരശീല വീഴുമ്പോൾ ഉദയംകൊള്ളുന്നത് പുതിയ സംവിധായകരും എഴുത്തുകാരും. ചലച്ചിത്രോസവം കണ്ടിറങ്ങിപ്പോയ പലരും തിരിച്ചുവരുന്നത് സ്വന്തം ചിത്രങ്ങളുമായാണ് എന്നതാണു മേളയുടെ ചരിത്രം. വരും നാളുകളിലെ സിനിമയുടെ അവസ്ഥയും വളർച്ചയും തളർച്ചയും പുതുതലമുറ സംവിധായകർക്കും സിനിമാ ആസ്വാദകർക്കും ബോധ്യപ്പെടും വിധം ചിന്തിക്കാനും പറയാനും ഇടമൊരുക്കുകയാണ് രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറങ്ങൾ. സിനിമയെ നെഞ്ചിലേറ്റുന്ന പുതുതലമുറയ്ക്ക് ഒരു പാഠശാലയായി മാറുകയാണ് ഈ തുറന്നു പറച്ചിലിടങ്ങൾ.
വി.സി. അഭിലാഷ്, കൃഷാന്ദ് ആർ.കെ., ശോഭന പടിഞ്ഞാറ്റിൽ, ഇന്ദു ലക്ഷ്മി തുടങ്ങിയവർ ഏറ്റവുമൊടുവിലെ ചില പേരുകൾ മാത്രം. പട്ടിക ഇനിയും നീളും. ഷോർട്ട് ഫിലിമുകൾ ചെയ്തവർ ഏറെ. കണ്ട സിനിമയെക്കുറിച്ച് പറയാനും ഉറക്കെ ചിന്തിക്കാനും അനുഭൂതിയുടെ പുതിയ വൻകരകളിലേക്കു തന്നെയാണ് ഈ ചർച്ചകൾ വഴി തുറക്കുന്നത്. ഓരോ ദിവസത്തെയും പ്രധാന സിനിമകൾ പ്രദർശിപ്പിച്ച ശേഷം അതിന്‍റെ അണിയറ പ്രവർത്തകരുമായി ആസ്വാദകർക്ക് നേരിട്ട് സംവദിക്കാനുള്ള അവസരം.
സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയ പരിസരം, അധിനിവേശം, ഇടം, വംശീയത, സർഗാത്മകത, പ്രത്യാഘാതം, കഥാപാത്ര സൃഷ്ടി, മാനറിസങ്ങൾ, നാടിനോട് പറഞ്ഞു വയ്ക്കുന്നത്, സിനിമയുണ്ടാക്കുന്ന പ്രതികരണങ്ങൾ, ഭരണകൂട ഭീകരത, നിയന്ത്രണം... ഇങ്ങനെ പോകുന്നു ഓപ്പൺ ഫോറത്തിലെ സംവാദങ്ങൾ. ആസ്വാദകന് എതിർക്കാം, ചോദ്യം ചെയ്യാം, അനുകൂലിക്കാം... അതിന്‍റെയെല്ലാം സ്വതന്ത്ര ഇടമായി ഓപ്പൺ ഫോറങ്ങൾ മാറുന്നുണ്ടെന്നു ഡെലിഗേറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.
സാംസ്കാരിക വിനിമയം
സിനിമകൾ എങ്ങനെ അന്താരാഷ്ട്രതലത്തിൽ സാംസ്‌കാരിക വിനിമയത്തിന് സഹായകമാകുന്നു എന്നാണ് അർജന്‍റീനയിൽ നിന്നുള്ള ലിന്‍റ എന്ന സിനിമയുടെ സഹരചയിതാവ് സബ്രിന കാംപ്പോസ് വിശദീകരിച്ചത്. ഐഎഫ്എഫ്കെയിൽ ലിന്‍റ പ്രദർശിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സബ്രിന പറഞ്ഞു. ബുവാനോസ് ആരിസിലെ സമ്പന്ന കുടുംബത്തിനു വേണ്ടി ജോലി ചെയ്യാൻ എത്തുന്ന യുവതിയുടെ കഥയാണ് ലിന്‍റ എന്ന ചിത്രത്തിന്‍റെ പ്രമേയം.
മുഴുവൻസമയ ജോലിക്കിടയിൽ, സിനിമയോടുള്ള അതീവ താത്പര്യമാണ് സിനിമ ചെയ്യാൻ പ്രേരിപ്പിച്ചതെന്നു 'വെളിച്ചം തേടി'യുടെ സംവിധായകൻ കെ. റിനോഷൻ. മേളയിൽ പ്രദർശിപ്പിച്ചവയിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന 'വെളിച്ചം തേടി'. റിനോഷണിന്‍റെ സിനിമയായ ഫസ്റ്റ് ഫൈവ് ഡെയ്‌സ്, കഴിഞ്ഞ തവണത്തെ മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
സ്ഥിരംശൈലിയിൽ നിന്ന് വേറിട്ട രീതിയിൽ സിനിമകൾ എടുക്കുന്നത് ബോധപൂർവമെല്ലെന്നും, മനസിൽ സിനിമകൾ ജനിക്കുന്നതേ അങ്ങനെയാണെന്നും സംവിധായൻ കൃഷാന്ദ്. പുരുഷപ്രേതം, ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം എന്നീ സിനിമകളിലൂടെ മുൻവർഷങ്ങളിലെ ചലച്ചിത്രോത്സവത്തിനെത്തി പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് കൃഷാന്ദ്.
എഐ സ്വാധീനം
വർത്തമാനകാലത്ത് നിർമിത ബുദ്ധി (എഐ) സങ്കേതത്തിലെ സിനിമയെക്കുറിച്ചും ഓപ്പൺഫോറത്തിൽ ചർച്ച നടന്നു. സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യയിലെ പുരോഗതി തീർച്ചയായും സിനിമയിലും പ്രതിഫലിക്കും. നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദചിത്രങ്ങളിലേക്ക് മാറിയതും ഇന്നിപ്പോൾ നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ വരെ എത്തിനിൽക്കുന്നതും അതിനുദാഹരണമാണ്. ഇത്തരത്തിൽ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്ന മാറ്റങ്ങളെ വെല്ലുവിളികളായി ഏറ്റെടുത്ത് കൂടുതൽ മികച്ചരീതിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് സിനിമയിലെ അണിയറ പ്രവർത്തകർ ചെയ്യേണ്ടത്.
സാങ്കേതികവിദ്യയുടെ പുരോഗതി നമ്മുടെ ജോലികളെ ലളിതമാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. സർഗാത്മക സിനിമക്കായി ഇത്തരം സാധ്യതകൾ സംവിധായകരുടെ താത്പര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാമെന്നും ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ നയം വ്യക്തമാക്കുന്നു.
സംവിധായകരായ ആൻ ഹുയി, സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, വിപിൻ രാധാകൃഷ്ണൻ, അഭിജിത് മജുംദാർ, അരുൺ കാർത്തിക്, കൃഷ്ണേന്ദു കലേഷ്, വിഘ്‌നേഷ് പി. ശശിധരൻ, ഇഷാൻ ശുക്ല, ചലച്ചിത്ര നിരൂപക ഡോ. ശ്രീദേവി പി. അരവിന്ദ് തുടങ്ങി പിന്നിട്ട ദിവസങ്ങളിൽ പ്രേക്ഷരോട് നേരിട്ട് സംവദിച്ച വിഖ്യാത സംവിധായകർ നിരവധി. ബിംബാലങ്കാരരൂപകങ്ങളാൽ നവനവോന്മേഷഭരിതമായൊരു സ്വന്തം ഭാഷ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ സിനിമയും പ്രേക്ഷകർക്കു മുന്നിലെത്തുന്നതെന്ന് ഇവർ അടിവരയിടുന്നു. സർഗാത്മക സംവാദങ്ങളായി സമകാലീനതയുടെ അഭിരുചികളോട് കലഹിച്ചുകൊണ്ട് അവർ സിനിമയ്ക്ക് പുതിയ ലാവണ്യശാസ്ത്രം ചമയ്ക്കുകയാണ്.