2 മണിക്കൂർ ഷോയ്ക്ക് ഈ ഗായകന്‍ വാങ്ങുന്നത് 14 കോടി
വർഷങ്ങളായി ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയ ഗായകന്‍. വളരെ പെട്ടന്നുതന്നെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ എണ്ണമറ്റ പ്രണയകഥകളുടെയും ബ്രേക്ക് അപ്പ് ഗാനങ്ങളുടെയും ശബ്ദമായിമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൊബൈൽ പ്ലേ-ലിസ്റ്റുകളിൽ ആധിപത്യം സ്ഥാപിച്ച പ്രിയ ഗായകനായ അർജിത് സിങ് എന്നാൽ ഇനിമുതൽ അറിയപ്പെടുക ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എന്നായിരിക്കും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു ലൈവ് പെർഫോമൻസിന് അദ്ദേഹം വാങ്ങുന്നത് 14 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അടുത്തിടെ ഒരു പ്രശസ്‌ത ടിവി ചാനലിൽ ഗായകൻ രാഹുൽ വൈദ്യയുടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ, ആഗോള തലത്തിൽ എഡ് ഷീരൻ, മാർട്ടിൻ ഗാരിക്സ് തുടങ്ങിയവരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കലാകാരന്മാരിൽ ഒരാളായി അദ്ദേഹം മാറുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് 414 കോടിയുടെ ആസ്തിയാണ് ഉള്ളത്. നവി മുംബൈയിൽ എട്ടു കോടിയുടെ ആഡംബര വീടുണ്ട് അദ്ദേഹത്തിന്. റേഞ്ച് റോവർ, മെഴ്‌സിഡസ് തുടങ്ങിയ ഉയർന്ന ബ്രാൻഡുകൾ ഉൾപ്പെടുന്ന 3.4 കോടി രൂപയിലധികം വിലമതിക്കുന്ന ആഡംബര കാർ ശേഖരവുമുണ്ട്.
എന്നാൽ, ഈ പണക്കൊഴുപ്പിനെക്കാൾ ശ്രദ്ധേയം അർജിത് സിങ്ങിന്‍റെ എളിമയുള്ള വ്യക്തിത്വമാണ്. ഇത്രയധികം ആസ്തിയുള്ള താരം പലപ്പോഴും ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്. തന്‍റെ ജന്മനാടായ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജിയാഗഞ്ചിൽ ഒരു സ്റ്റുഡിയോ അറ്റാച്ച്ഡ് വീട്ടിലാണ് ഇപ്പോഴും താമസം. ഇതുകൂടാതെ, 'ഹെഷെൽ' എന്ന പേരിൽ 40 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഒരു റെസ്റ്റോറന്‍റും അദ്ദേഹത്തിന് സ്വന്തമായുണ്ട്.