തിയേറ്ററുകളിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ 'ജാനകി ജാനെ' ഒ ടി ടി റിലീസ് പ്രഖ്യാപിച്ചു. സൈജു കുറുപ്പും നവ്യ നായരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂലൈ 11ന് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യും.
അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിച്ച 'ജാനകി ജാനെ'യിൽ പ്രസ് ജീവനക്കാരിയായ ജാനകിയുടെയും സബ് കോൺട്രാക്ടറായ ഉണ്ണി മുകുന്ദൻ്റെയും കുടുംബജീവിതത്തിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു.
സൈജു, നവ്യ നായർ എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കൊപ്പം ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ്ജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
പി.വി. ഗംഗാധരൻ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിം ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത് . മനു അശോകൻ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിച്ച ചിത്രമാണിത്.