ആദ്യത്തെ നായകനെ കാണാനെത്തി കനക; 'മാങ്കുയിലേ പൂങ്കിയിലേ' പാടി ആരാധകർ, വൈറലായി ചിത്രം
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് കനക. മലയാളത്തിന് ഏറെ പ്രിയങ്കരിയായിരുന്ന താരം അപ്പോൾ. സിനിമയിലെ തന്‍റെ ആദ്യ നായകനെ നേരിൽ കാണാൻ എത്തിയ കനകയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 1989ൽ പുറത്തിറങ്ങിയ ‘കരകാട്ടക്കാരൻ’ എന്ന തന്റെ ആദ്യചിത്രത്തിൽ നായകനായ രാമരാജനെയാണ് കനക സന്ദർശിച്ചത്.
കനകയുടെ അരങ്ങേറ്റചിത്രമായ ‘കരകാട്ടക്കാരൻ’ സൂപ്പർഹിറ്റായിരുന്നു. ഒരു വർഷത്തോളമാണ് ചിത്രം തിയെറ്ററുകളിൽ നിറഞ്ഞോടിയത്. ചിത്രത്തിലെ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമ റിലീസ് ചെയ്ത് 37 വർഷം കഴിഞ്ഞപ്പോഴാണ് തന്‍റെ ആദ്യ നായകനെ കാണാൻ കനക എത്തിയത്. യുവസംഗീത സംവിധായകൻ ധരൻ കുമാറും നടിക്കൊപ്പമുണ്ടായിരുന്നു.
ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവർക്കും ഒപ്പം ഒരുപാട് പഴയകാല സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് പ്രിയതാരങ്ങൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ധരൻ കുമാർ കുറിച്ചു. ‘ഉച്ചഭക്ഷണം ഒരു ഓർമ്മ പുതുക്കലായി മാറുമ്പോൾ !! എന്‍റെ സഹോദരി കനകയോടും രാമരാജൻ സാറിനോടുമൊപ്പം 37 വർഷത്തെ സിനിമാ ഓർമകൾ അയവിറക്കുന്നു.- ധരൻ കുമാർ കുറിച്ചു.
കനകയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. കനകയുടെ രൂപത്തിൽ വന്ന മാറ്റമാണ് അതിനൊപ്പം വലിയ ചർച്ചയായത്. സിൽവർ നിറത്തിൽ ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കനകയുടെ ഈ ലുക്കും ഏറെ ചർച്ചയായി.