സുരാജ് വെഞ്ഞാറമൂട്, മമ്മൂട്ടി
ഹാസ്യ താരമായി എത്തി മലയാളത്തിലെ നായകനായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഒരുകാലത്ത് മമ്മൂട്ടി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുരാജ്. എന്നാൽ സീരിയസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ സുരാജിനെ മമ്മൂട്ടി ചിത്രങ്ങളിൽ കാണാതായി. ഇപ്പോൾ മമ്മൂട്ടിയോട് സിനിമയിൽ അവസരം ചോദിച്ചതിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം.
മമ്മൂട്ടിയെ വിളിച്ച് എപ്പോഴും അവസരം ചോദിക്കാറുണ്ട് എന്നാണ് സുരാജ് പറയുന്നത്. മമ്മൂട്ടിയുമായി കട്ടയ്ക്ക് നിൽക്കുന്ന കഥാപാത്രം വേണം എന്നായിരുന്നു സുരാജ് ആവശ്യപ്പെട്ടത്. കട്ടയ്ക്ക് നിൽക്കാൻ നീ ആര് മോഹൻലാലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കാള്‍ വലിയ കമ്പനിയാണ് മമ്മൂട്ടി കമ്പനിയെന്നും അതിങ്ങനെ വളര്‍ന്നോണ്ട് ഇരിക്കുകയാണെന്നും സുരാജ് പറയുന്നുണ്ട്.ആനന്ദ് ടിവിയുടെ ഫിലിം അവാർഡിൽ പങ്കെടുത്ത് കൊണ്ടായിരുന്നു മമ്മൂട്ടിയേക്കുറിച്ചും മമ്മൂട്ടി കമ്പനിയെക്കുറിച്ചും സുരാജ് വാചാലനായത്.
സുരാജിന്‍റെ വാക്കുകൾ
മമ്മൂക്കയോട് പബ്ലിക്കായി ഒരു കാര്യം പറയാനുണ്ട്. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ച് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. മമ്മൂക്കയു ഞാനും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ കുറച്ചു കാലങ്ങളായിട്ട് ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. ഞാനിവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് ഇടയ്ക്ക് ഫോണ്‍ വിളിച്ച് പറയാറുണ്ട്. അടുത്തിടെ അദ്ദേഹം വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഭയങ്കരമായിട്ട് സന്തോഷിച്ചു. ഞാന് ആവേശത്തില്‍ പറഞ്ഞു, മമ്മൂക്ക.. മമ്മൂക്കയും ഞാനും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്ന വേഷം തന്നെ വേണമെന്ന് പറഞ്ഞു. കട്ടയ്ക്ക് നില്‍ക്കാന്‍ നീ ആര് മോഹന്‍ലാലാ..എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു വേഷം ഉണ്ട് നീ വന്ന് വേണമെങ്കില്‍ ചെയ്യ്. പിന്നെ എന്‍റെ പടം ആണെന്ന് കരുതി അധികം കാശൊന്നും പ്രതീക്ഷിക്കണ്ട. ചെറിയൊരു കമ്പനിയാണ് നിര്‍മിക്കുന്നതെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ചോദിച്ചു അതേത് കമ്പനി ? മമ്മൂട്ടി കമ്പനി എന്നായി മറുപടി. മമ്മൂട്ടി കമ്പനി ചെറിയ കമ്പനിയെന്ന്. നിങ്ങള്‍ മനസിലാക്കേണ്ടത് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കാള്‍ വലിയ കമ്പനിയാണ് മമ്മൂട്ടി കമ്പനി. അതിങ്ങനെ വളര്‍ന്നോണ്ട് ഇരിക്കുകയാണ്. എന്തായാലും പബ്ലിക്കായിട്ട് ഞാന്‍ ചാന്‍സ് ചോദിച്ചിരിക്കുകയാണ്. ഏത് ചെറിയ വേഷമാണെങ്കിലും ഞാന്‍ ചെയ്യും.