മഴവിൽ കനവുകൾ, ശരത് പാടുന്നു.
സംഗീതപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രിയ ഗായകനും സംഗീത സംവിധായകനുമായ ശരത് വീണ്ടുമെത്തുന്നു. എസ്.എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന 'മഴവിൽക്കനവുകൾ' എന്ന ചിത്രത്തിലെ 'രാവുറങ്ങാതെ' എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നത്. ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത ഈ മ്യൂസിക് വീഡിയോ റിലീസായി 72 മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി തരംഗമായിക്കഴിഞ്ഞു.
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ശരത് പാടുന്നു എന്നതുതന്നെയാണ് ഈ ഗാനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. മികച്ച അണിയറപ്രവർത്തകരുടെ ഒത്തുചേരൽ കൂടിയാണ് ഈ ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ദീപു ആർ.എസ്. ചടയമംഗലത്തിന്‍റെ വരികളും സബീഷ് ബാലയുടെ സംഗീതവും ശരത്തിന്‍റെ വേറിട്ട ആലാപന ശൈലിയും ചേർന്നപ്പോൾ അതൊരു മികച്ച ശ്രവ്യാനുഭവമായി മാറി.
വരികളുടെ ആഴവും ഈണത്തിന്‍റെ ഭംഗിയും എസ്.എസ്. ജിഷ്ണുദേവ് എന്ന സംവിധായകന്‍റെ മികവുറ്റ ദൃശ്യാവിഷ്കാരത്തിലൂടെ സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർക്കും അതൊരു പുതിയ അനുഭവമായി.
വരികളിലെ കാവ്യാത്മകതയും ഈണത്തിലെ പുതുമയും ദൃശ്യങ്ങളിലെ മികവും ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടുകഴിഞ്ഞു. ബീന കാവേരിയുടെ പുഷ്കാസ് പ്രൊഡക്ഷൻ ആണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല പ്രതിസന്ധികളും ധൈര്യപൂർവം നേരിട്ട് മുന്നോട്ട് പോകുന്ന ശക്തയായ ഒരു സ്ത്രീയുടെ ജീവിതമാണ് മഴവിൽക്കനവുകൾ എന്ന സിനിമയുടെ പ്രമേയം.
ഈ ചിത്രത്തിൽ ബീന കാവേരി, നിവേദിത, അഭിഷേക് ശ്രീകുമാർ, പ്രിൻസ് ജോൺസൻ, ജലതാ ഭാസ്കരൻ, ടി. സുനിൽ പുന്നക്കാട്, ശ്രേയസ്, അരുൺ കുമാർ എസ്.എസ്. എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നു. പിആർഒ അജയ് തുണ്ടത്തിൽ.