'സിതാരേ സമീൻ പർ'; ആമിർ ഖാന് 125 കോടി രൂപ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്
ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രം സിതാരേ സമീൻ പറിന്‍റെ ഒടിടി അവകാശത്തിനു വേണ്ടി 125 കോടി രൂപ വാഗ്ദാനം ചെയ്ത് നെറ്റ്ഫ്ലിക്സ്. തിയെറ്ററിൽ നിശ്ചിത കാലഘട്ടത്തിൽ പ്രദർശനം നടത്തിയതിനു ശേഷം സിതാരേ സമീൻ പർ യൂട്യൂബിലൂടെ ഓരോ വ്യൂസിനും പേ ചെയ്യുന്ന വിധത്തിൽ റിലീസ് ചെയ്യുമെന്നാണ് ആമിർ ഖാൻ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ ചിത്രത്തിന്‍റെ ഒടിടി അവകാശത്തിനു വേണ്ടി 60 കോടി രൂപയാണ് നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തിരുന്നത്. ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം പടർന്നതോടെയാണ് നെറ്റ്ഫ്ലിക്സ് ഇരട്ടിയിലധികമായി തുക വർധിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകരെ സംബന്ധിച്ച് യൂട്യൂബ് കൂടുതൽ സ്വീകാര്യമാണ്. എന്നാൽ നിലവിൽ ഒടിടി രംഗത്തെ അതികായന്മാരായ നെറ്റ്ഫ്ലിക്സും പ്രൈം വിഡിയോയും അടക്കമുള്ളവരുടെ അപ്രമാദിത്തത്തിന് ആമിറിന്‍റെ തീരുമാനം വിള്ളലേൽപ്പിച്ചേക്കാം. ഈ ഭയമാണ് നെറ്റ്ഫ്ലിക്സിനെ അലട്ടുന്നത്. കൂടുതൽ സംവിധായകർ യൂട്യൂബിലേക്ക് സിനിമ നൽകാൻ തീരുമാനിച്ചാൽ അത് മൊത്തത്തിലുള്ള ഒടിടി നില നിൽപ്പിനെ തന്നെ ബാധിച്ചേക്കാം. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് യൂട്യൂബിൽ പണച്ചെലവ് കുറവാണെന്നതും സാധാരണക്കാരെ ആകർഷിക്കും.
ആമിറിന്‍റെ സൂപ്പർഹിറ്റ് ചിത്രം താരേ സമീൻ പറിന്‍റെ സീക്വലാണ് സിതാരേ സമീൻ പർ. ആർ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ സ്പാനിഷ് ഫീച്ചൽ ചാംപ്യൺസിന്‍റെ റീമേക്കായിരുന്നു ചിത്രം.
സിതാരേ സമീൻ പർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി താരേ സമീൻ പർ രണ്ട് ആഴ്ചയോളം യൂട്യൂബിൽ സൗജന്യമായി സ്ട്രീം ചെയ്യുമെന്നും ആമിർഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്.