മുംബൈ: അക്ഷയ്‌കുമാർ പരമശിവനായി അഭിനയിക്കുന്ന ഓ മൈ ഗോഡ് 2 (OMG 2) എന്ന സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയത് 'എ' സർട്ടിഫിക്കറ്റ്. ബോർഡ് നിർദേശിച്ച ചില മാറ്റങ്ങൾ വരുത്താൻ അണിയറ പ്രവർത്തകർ തയാറായ ശേഷമാണ് സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചത്.
ഇതോടെ, മുൻ നിശ്ചയപ്രകാരം ഓഗസ്റ്റ് 11നു തന്നെ സിനിമ റിലീസാകുമെന്ന് ഉറപ്പായി. ഇതിനിടെ, ചിത്രത്തിന്‍റെ ട്രെയ്‌ലറിന് കഴിഞ്ഞ ദിവസം U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം റിലീസാകുന്നതിന് ഒരാഴ്ച മുൻപ് മാത്രം ട്രെയ്‌ലർ റിലീസ് ചെയ്യേണ്ട അവസ്ഥയിൽ, റിലീസ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു.
സെൻസർ ബോർഡ് നീക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ നീക്കിയാൽ ചിത്രത്തിന്‍റെ സത്തയെ തന്നെ ബാധിക്കുമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം. ഇപ്പോൾ, ഒരു ഭാഗവും മാറ്റാതെ, ചില മാറ്റങ്ങൾ മാത്രം വരുത്തിയാണ് സർട്ടിഫിക്കറ്റ് നേടിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു.
ഭാഗങ്ങളൊന്നും നീക്കാൻ തയാറാകാത്തതാണ് U അല്ലെങ്കിൽ U/A സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാൻ കാരണം. ചിത്രത്തിൽ പ്രതിപാദിക്കുന്നത് സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണെന്നും, ഇത് എല്ലാ പ്രായത്തിലുള്ളവരും കാണേണ്ടതാണെന്നുമാണ് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.