ഷെയിൻ നിഗമിന്‍റെ ഓണച്ചിത്രമായ 'ബള്‍ട്ടി'യിലൂടെയാണ് സായ് അഭയങ്കറുടെ മലയാളത്തിലെ അരങ്ങേറ്റം
'കച്ചി സേര', 'ആസ കൂട', 'സിത്തിര പൂത്തിരി' എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭയങ്കർ മലയാളത്തിലേക്ക്! ഷെയിൻ നിഗമിന്‍റെ ഓണച്ചിത്രമായ 'ബള്‍ട്ടി'യിലൂടെയാണ് സായ് അഭയങ്കറുടെ മലയാളത്തിലെ അരങ്ങേറ്റം. ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭയങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോയാണ് ഇതിന്‍റെ ഭാഗമായി പുറത്തുവന്നിരിക്കുന്നത്.
'ബൾട്ടി ഓണം' എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വീഡിയോയിൽ സായ് അഭയങ്കറുടെ പേരെഴുതിയ 'ബൾട്ടി ജഴ്സി'യുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്. സായ് അഭയങ്കറുടെ ആദ്യ സിനിമാ റിലീസും 'ബൾട്ടി'യാണ്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷെയിൻ നിഗമിന്‍റെ 25ആം ചിത്രമായി എത്തുന്ന 'ബൾട്ടി'യിലൂടെ സായ് അഭയങ്കർ മലയാളത്തിലെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനായ സായിയുടെ പാട്ടുകൾ യൂട്യൂബിൽ മാത്രം 20 കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.
ലോകേഷ് കനകരാജ് ചിത്രം 'ബെൻസ്' ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭയങ്കറിന്‍റേതായി ഒരുങ്ങുന്നത്. സൂര്യ നായകനായി എത്തുന്ന 'കറുപ്പ്', സിലമ്പരശൻ ചിത്രം 'എസ് ടി ആർ 49', അല്ലു അർജുൻ - അറ്റ്ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന 'ഡ്യൂഡ്' എന്നീ സിനിമകളിലും ഈ ഇരുപതുകാരൻ സംഗീതമൊരുക്കുന്നു.
ഷെയിൻ നിഗമിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമായാണ് 'ബൾട്ടി'. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആഴ്ചകൾക്ക് മുൻപ് പുറത്തിറങ്ങിയ ടൈറ്റിൽ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത്. ഷെയിൻ നിഗമിനൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നു.