രജനികാന്ത്
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ 171-ാം ചിത്രമാണ് കൂലി. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് 'മജദൂർ' എന്ന് നേരത്തെ പേര് മാറ്റിയിരുന്നു. ഇതേ പേരിൽ അമിതാഭ് ബച്ചന്‍റെയും, വരുൺ ധവാന്‍റെയും ചിത്രങ്ങൾ ഉള്ളതിനാലാണ് ഹിന്ദി പതിപ്പിന് പേര് മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
അന്ന് ആരാധകരും പേരുമാറ്റത്തെ വിമർശിച്ച് ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. ഹിന്ദിയിൽ കമ്മ‍്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന പേരല്ലെ കൂലിയെന്നും എന്തിനാണ് ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനായി പേര് മാറ്റിയതെന്നും ആരാധകർ ചോദിച്ചിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിനുള്ള പേരു മാറ്റം പ്രേക്ഷകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമാകുമെന്നും ഇത് കൂലിയുടെ കളക്ഷനെ ബാധിക്കുമെന്നും ആരാധകർ സാമൂഹിക മാധ‍്യമങ്ങളിൽ കുറിക്കുകയും ചെയ്തു.
എന്നാലിപ്പോൾ ഹിന്ദി പതിപ്പിന്‍റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ് നിർമാതാക്കൾ. 'കൂലി ദ പവർഹൗസ്' എന്നാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ പുതിയ പേര്. ഓഗസ്റ്റ് 14നാണ് ചിത്രം പ്രദർശനത്തിനെത്തുക. അതേസമയം ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണെന്നാണ് വിവരം.