നാല് സിനിമകളുമായി മൂന്ന് സംവിധായകർ, 'Shades of Life' 
Entertainment

നാല് സിനിമകളുമായി മൂന്ന് സംവിധായകർ, 'Shades of Life'

ജീവിതത്തിന്‍റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ്സ് ഓഫ് ലൈഫ്

ഹണി വി.ജി.

ജീവിതത്തിന്‍റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ്സ് ഓഫ് ലൈഫ് (Shades of Life). പാമ്പും കയറും, വേൽ, കളവ്, റൂഹ് എന്നീ കഥകൾ കോർത്തിണക്കിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

നാലു കുടുംബങ്ങളുടെ ഉള്ളറകളിലേക്കൊരു സഞ്ചാരമാണ് ഈ ആന്തോളജി. ദാമ്പത്യജീവിതത്തിലെ പ്രശ്നം പരിഹരിക്കാൻ നാട്ടുകാരുടെ ഉപദേശം തേടുന്ന ഒരു മദ്യപാനി, തന്‍റെ കുഞ്ഞിനു വിലയേറിയ നായ്ക്കുട്ടിയെ സമ്മാനിക്കാൻ കഷ്ടപ്പെടുന്നൊരു കുടിയേറ്റ തൊഴിലാളി, മകളുടെ കല്യാണത്തിനായി സംഘടിപ്പിച്ച പണം മോഷണം പോയതോടെ പണത്തിനായി കള്ളനു പിന്നാലെ നടക്കുന്ന ഒരച്ഛൻ, പ്രേമിച്ചു കല്യാണം കഴിച്ച മക്കൾക്ക് കുട്ടിയുണ്ടാകാൻ പോകുന്നതറിയുന്ന രക്ഷിതാക്കളും ഒറ്റയ്ക്കു ജീവിതം കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുന്ന പ്രണയിനികളും- ജീവിതത്തിന്‍റെ നാലു നിറഭേദങ്ങൾ.

വൈകി വന്ന വിവേകം പ്രായോഗികമാവുമ്പോഴേയ്ക്കും ഒരു പക്ഷേ ജീവിതം ദുർഘടമായ പല പാതകളും താണ്ടിയിരിക്കാം. നശ്വരമായ മനുഷ്യജീവിതത്തിൽ യഥാർത്ഥത്തിൽ അതിന്‍റെ ആവശ്യമുണ്ടോ? അതിനുള്ള ഉത്തരമാണ് ഈ നിറഭേദങ്ങളിൽ വന്നുപോകുന്ന കുട്ടികൾ പറയാതെ പറയുന്നത്. ഗ്രാമീണജീവിതത്തിന്‍റെ നന്മയുടെ മറവിലൊളിച്ചിരിക്കുന്ന തിന്മ ആവിഷ്കരിക്കുന്ന ആന്തോളജി ചിത്രം. ഒരു സ്പർശം, വെറും സാമീപ്യം, അപരന്‍റെ അവസ്ഥ മനസിലാക്കൽ, ചെറിയ ചെറിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരം - എല്ലാത്തിനും ജീവിതത്തിന്‍റെ നിറഭേദങ്ങളിൽ മഴവില്ലു വിരിക്കാനാകുന്നത് എങ്ങനെയെന്ന ഒരു ഓർമപ്പെടുത്തൽ.

സിനിമ മോഹവുമായി 5 വർഷകാലമായുള്ള കാത്തിരിപ്പ് മാത്രമല്ല തങ്ങളെ സംബന്ധിച്ച് ഈ ചിത്രമെന്ന് സംവിധായകർ പറയുന്നു. ചിത്രത്തിൽ സാധാരണക്കാരന്‍റെ ജീവിതത്തിന്‍റെ ഓരോ രംഗങ്ങളും ഭംഗിയായി ഒപ്പിയെടുക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണിവർ.

"2021 അച്ഛൻ എന്ന ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിലൊരുപാട് അഭിനന്ദനങ്ങൾ കിട്ടിയിരുന്നു. അതും പിന്നീടുള്ള യാത്രയിലേക്ക് ഒരു പ്രചോദനമായി", എന്ന് സംവിധായകനായ നടരാജൻ പട്ടാമ്പി പറഞ്ഞു.

"വര്‍ഷങ്ങളായി മനസില്‍ കിടക്കുന്ന ഒരു ആഗ്രഹമാണ് സിനിമ ഒരു സംവിധായകന്‍ ആവുകയെന്നത്. അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിശ്രമങ്ങള്‍ എപ്പോഴും അതിന്‍റെ പിന്നാമ്പുറങ്ങളില്‍ സംഭവിക്കുന്നുണ്ട്", നടരാജൻ പട്ടാമ്പി കൂട്ടിച്ചേർത്തു.

സിനിമ ശ്രദ്ധിക്കപ്പെടണം.കൂടുതൽ പേർ കാണാൻ ഇടയാകണം.ചർച്ച ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നതായി മറ്റൊരു സംവിധായകനായ ജംഷീർ പറഞ്ഞു.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും ചിത്രം പുരോഗമിക്കുമ്പോള്‍ ഉദ്വേഗജനകമായനിമിഷങ്ങള്‍ ഓരോ കഥയിലും പ്രേക്ഷകര്‍ക്കായി കരുതി വെച്ചിട്ടുണ്ടെന്നും ജംഷീർ പറഞ്ഞു.

സിനിമ ചിത്രീകരണം പൂർത്തിയാകുന്ന ഈ വേളയിൽ ഒരുപാട് സുഹൃത്തുക്കൾക്ക് നന്ദി പറയുകയാണ് 3 സംവിധായകരും. പല പ്രതിസന്ധി ഘട്ടത്തിലും ഒരുപാട് പേരുടെ രൂപത്തിലാണ് സഹായവുമായി കടന്നു വന്നിട്ടുള്ളത്.

എല്ലാ മേഖലയിലും ചിത്രം നല്ല രീതിയിൽ ചെയ്യാൻ സാധിച്ചതിന്‍റെ സന്തോഷത്തിൽ കൂടിയാണ് അണിയറ പ്രവർത്തകരെല്ലാം. വിഷയം അതിഗംഭീരമായി പ്രേക്ഷകനെ എളുപ്പത്തിൽ കണക്ട് ചെയ്യുന്ന രീതിയിൽ എടുക്കാൻ സാധിച്ചു എന്ന വിശ്വാസത്തിലാണ് സംവിധായകർ.അഭിനേതാക്കൾ എല്ലാവരും തന്നെ ഗംഭീരമായും മനോഹരമായും ഓരോരുത്തരുടെയും റോളുകൾ ചെയ്തിട്ടുണ്ട്.ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ എന്തായാലും സംവിധായകർ എല്ലാവരും തീർച്ചയായും ശ്രമിച്ചിട്ടുണ്ട്.

നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പള്ളത്ത്, സക്കറിയ വളയംകുളം, ശ്രീജ കെ. ദാസ്, ആതിര സുരേഷ്, ഉത്തര, രമണി മഞ്ചേരി, സലീഷ ശങ്കർ, ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്, ശിവദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുദേവൻ, വിജീഷ് തോട്ടിങ്കൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ക്ലാസിക് മീഡിയ എന്‍റർടെയ്ൻമെന്‍റ്സ് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ നിർവഹിക്കുന്നു.

ഡോക്ടർ താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്. അനുരാധ ശ്രീറാം, സിതാര കൃഷ്ണകുമാർ, പ്രണവ് സി.പി., റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ എന്നിവരാണ് ഗായകർ.

പഞ്ചാത്തല സംഗീതം- പി.എസ്. ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്

എഡിറ്റിംഗ്-സച്ചിൻ സത്യ, ഷബീർ എൽ പി, അശ്വിന്‍ ബാബു.

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി