ഷോലെയിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഹേമമാലിനി, സഞ്ജീവ് കുമാർ, അംജദ് ഖാൻ.
ബോളിവുഡ് സിനിമയുടെ ചരിത്രത്തിന്‍റെ തന്നെ ഭാഗമാണ് ഷോലെ എന്ന സിനിമ. 1975ൽ പുറത്തിറങ്ങിയ സിനിമയുടെ സുവർണ ജൂബിലി വർഷമാണിത്. ഇതോടനുബന്ധിച്ച് സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
ഷോലെയിൽ ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമിതാഭ് ബച്ചനു കിട്ടിയത് ഒരു ലക്ഷം രൂപയാണ്. എന്നാൽ, ബച്ചനെക്കാൾ കൂടുതൽ പ്രതിഫലം മറ്റു രണ്ടു നടൻമാർക്കു കിട്ടിയിരുന്നു. വീരുവായി വേഷമിട്ട ധർമേന്ദ്രയ്ക്ക് ഒന്നര ലക്ഷം രൂപ കിട്ടിയപ്പോൾ, ഠാക്കൂർ ബൽദേവ് സിങ്ങിനെ അനശ്വരനാക്കിയ സഞ്ജീവ് കുമാറിനു കിട്ടിയത് ഒന്നേകാൽ ലക്ഷം രൂപയാണ്.
ഷോലെയിലൂടെ ഐക്കോണിക് വില്ലനായി മാറിയ ഗബ്ബർ സിങ്ങിന്‍റെ വേഷത്തിൽ അംജദ് ഖാൻ ആയിരുന്നു. അദ്ദേഹത്തിന്‍റെ പ്രതിലം അമ്പതിനായിരം രൂപയും. അതേസമയം, വീരുവിന്‍റെ നായിക വസന്തിയായി മാറിയ ഹേമമാലിനിക്ക് 75,000 രൂപയും, സിനിമയിലും ജീവിതത്തിലും ബച്ചന്‍റെ നായികയായ ജയ ബച്ചന് 35,000 രൂപയുമായിരുന്നു പ്രതിഫലം.
അന്നു താരമൂല്യത്തിൽ ഏറെ മുന്നിലായിരുന്നതിനാലാണ് ധർമേന്ദ്രയ്ക്ക് കേന്ദ്ര കഥാപാത്രം തന്നെ ലഭിച്ചത്. കൂട്ടുകാരന്‍റെ റോളിൽ ആദ്യം പരിഗണിച്ചിരുന്നത് ശത്രുഘൻ സിൻഹയെയായിരുന്നു. ധർമേന്ദ്രയുടെ ശുപാർശപ്രകാരമാണ് പകരം താരതമ്യേന പുതുമുഖമായിരുന്ന അമിതാഭ് ബച്ചനെ കാസ്റ്റ് ചെയ്യുന്നത്.
പ്രമുഖ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും, സൽമാൻ ഖാന്‍റെ അച്ഛൻ സലിം ഖാനും ചേർന്നാണ് ഷോലെയുടെ തിരക്കഥയെഴുതിയത്. രമേശ് സിപ്പി സംവിധാനം ചെയ്ത സിനിമ നിർമിച്ചത് അച്ഛൻ ജി.പി. സിപ്പി. ചിത്രത്തിനു വേണ്ടി ആർ.ഡി. ബർമൻ ഈണമിട്ട ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
കർണാടകയിലെ രാമനഗരയിൽ 1973ൽ ഷൂട്ടിങ് ആരംഭിച്ച സിനിമ പൂർത്തിയാക്കുന്നത് രണ്ടര വർഷമെടുത്താണ്. ചിത്രത്തിൽ വയലൻസിന്‍റെ അതിപ്രസരമുണ്ടെന്ന സെൻസർ ബോർഡ് നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി സീനുകൾ വെട്ടിമാറ്റിയ ശേഷമാണ് റിലീസ് ചെയ്യാൻ സാധിച്ചത്. എന്നിട്ടും 198 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നു. 204 മിനിറ്റ് ദൈർഘ്യമുള്ള ഒറിജിനൽ പതിപ്പ് പിന്നീട് റിലീസ് ചെയ്തിട്ടുണ്ട്.
തുടക്കത്തിൽ വളരെ മോശം പ്രതികരണം ലഭിച്ച സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയത്. സോവ്യറ്റ് യൂണിയനിലും അന്ന് സിനിമ ഹിറ്റായിരുന്നു. ജാപ്പനീസ് സംവിധായകൻ അകിര കുറസോവയുടെ സെവൻ സമുറായ് എന്ന ചിത്രവുമായി വിദൂര സാമ്യമുള്ളതാണ് ഷോലെയുടെ പ്രമേയം.