ടോക്സിക് വിവാദത്തിനിടെ കിയാര അദ്വാനിക്ക് പിന്തുണയുമായി സിദ്ധാർഥ് മൽഹോത്ര
യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയും നടിയുമായ കിയാര അദ്വാനിക്ക് പിന്തുണയുമായി നടൻ സിദ്ധാർഥ് മൽഹോത്ര. ചിത്രത്തിലെ യഷിനൊപ്പമുള്ള കിയാരയുടെ ചൂടൻ രംഗങ്ങളെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നതിനിടെയാണ് സിദ്ധാർഥിന്‍റെ പ്രതികരണം.
ചിത്രത്തിന്‍റെ ട്രെയ്‌ലലറിനെക്കുറിച്ചുള്ള തന്‍റെ പ്രതികരണം സിദ്ധാർഥ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവച്ചത്. കിയാരയുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും പ്രശംസിച്ച അദ്ദേഹം, ‘ടോക്സിക്’ കിയാരയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു.
“പ്രയത്നവും കഠിനാധ്വാനവും അഭിനിവേശവും വലിയ സ്ക്രീനിൽ കാണാനാകും. ഇത് നിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും കിയാ! നീയും ഗീതു മോഹൻദാസും യഷും മുഴുവൻ ടീമും ചേർന്ന് ഒരുക്കിയ മാജിക് കാണാൻ കാത്തിരിക്കുകയാണ്. ടീമിന് എല്ലാവിധ ആശംസകളും. ഓഗസ്റ്റ് 26-നായി കാത്തിരിക്കുന്നു,” എന്നായിരുന്നു സിദ്ധാർഥിന്‍റെ കുറിപ്പ്.
‘ടോക്സിക്’ ചിത്രത്തിലെ ‘തബാഹി’ എന്ന ഗാനത്തിലെ കിയാരയുടെയും യാഷിന്‍റെയും ചൂടൻ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചത്. ഇതിന് പിന്നാലെ കിയാരയ്ക്ക് നേരെ നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സിദ്ധാർഥിന്‍റെ പിന്തുണ.
അതേസമയം, ബെംഗളൂരുവിൽ ശനിയാഴ്ച നടന്ന ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനിടെ കിയാരയ്ക്ക് പിന്തുണയുമായി യഷ് രംഗത്തെത്തി. ചിത്രത്തിലെ കഥാപാത്രത്തിനായി കിയാര നടത്തിയ സമർപ്പണത്തെ അദ്ദേഹം പ്രശംസിക്കുകയും സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് പ്രതികരണങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്ന് പറയുകയും ചെയ്തു.
“കിയാര, നീ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തോട് കാണിച്ച സമർപ്പണം വളരെ വലുതാണ്. തുടക്കത്തിൽ ഇത്രയും അഭിനേതാക്കളെ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ കിയാര വളരെ ലളിതമായി, മികച്ച രീതിയിൽ ടീമിനൊപ്പം ചേർന്നു. ഒരു നടിയെന്ന നിലയിൽ നീ അനുഭവിക്കേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ച്, നിർഭാഗ്യവശാൽ, അധികം ചിന്തിക്കേണ്ട. നീ വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്യുക. ആളുകൾ അതിനെ ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നമ്മൾ കാലത്തിന് അൽപ്പം മുന്നിലാണ്”- യഷ് പറഞ്ഞു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ചിത്രത്തിൽ യഷിനും കിയാര അദ്വാനിക്കും പുറമെ നയൻതാര, റുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 26ന് റിലീസ് ചെയ്യും.