ശരത് ഉമയനല്ലൂർ
പ്രമേയപരമായ നവത്വമല്ല, പ്രതിപാദനത്തിലെ നവീനതയാണ് സിനിമയുടെ സ്വത്വവും സ്വരൂപവും നിർണയിക്കുന്നത്...വാക്യങ്ങളും പ്രയോഗങ്ങളും സ്വതന്ത്രവും ധ്വനിപ്രദാനവുമാക്കിക്കൊണ്ട് പെൺപക്ഷ സിനിമകൾ ആഖ്യാനത്തെ രൂപപരമായും ഘടനാപരമായും സജീവതപുലർത്തുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഇത്തവണത്തെ പ്രത്യേകത "ഫീമെയിൽ ഗെയ്‌സ് വിഭാഗം' സ്ത്രീപക്ഷ നിലപാടുകളോടുള്ള അസാമാന്യ സാമീപ്യം തന്നെയാണ്. ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കുന്നത്. ഈ വർഷത്തെ ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായ പായൽ കപാഡിയ, മേളയുടെ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്‌നസ് ഗൊദാർദ് തുടങ്ങിയവരുടെ സാന്നിധ്യത്തിനു പുറമെ അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ എൽബോ, മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, ഫ്രഷ്‌ലി കട്ട് ഗ്രാസ്സ്, ഹൂ ഡൂ ഐ ബിലോങ്ങ് ടു, ബാൻസോ, ഏപ്രിൽ, ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ്, ടോക്സിക് എന്നീ ചിത്രങ്ങൾ വനിതാസംവിധായകരുടേതാണ്.
സെർബിയൻ-അമേരിക്കൻ ചിത്രമായ വെൻ ദ ഫോൺ റാങ് വാക്കുകളുടെ മാന്ത്രികമായ വിന്യാസത്തിലൂടെ അനുഭവങ്ങളെയും സ്ഥലകാലക്രിയകളെയും മിഴിവോടെ ചിത്രീകരിക്കുന്നു. ഐവ റാഡിവോജെവിച്ച് എന്ന സംവിധായിക പറഞ്ഞുവയ്ക്കുന്നത് 11 വയസുകാരിയായ നായികയ്ക്ക് വരുന്ന ഫോൺ കോളും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്. ഭാവി തീര്‍ത്തും അനിശ്ചിതത്വത്തിലായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നായികയായ ലാന എന്ന കഥാപാത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. വര്‍ഷം 1992, ഒരു വെള്ളിയാഴ്ച, രാവിലെ 10:36 ന് ഫോണ്‍ റിംഗ് ചെയ്തു. അത് ലാനയുടെ ഇതുവരെ നിലനിന്നിരുന്ന ലോകത്തെ പൂര്‍ണമായും മാറ്റിമറിച്ചു. അവളുടെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് മറുവശത്ത് നിന്നുള്ള ശബ്ദം അവളെ അറിയിക്കുന്നു. അവള്‍ക്കായി,ആ വിളി യുദ്ധം പ്രഖ്യാപിച്ചു, വളരെ വേഗം അവളും അവളുടെ കുടുംബവും രാജ്യം വിട്ടു.ആ വിളിയുടെ തിടുക്കം ലാനയ്ക്കുവേണ്ടി ദിവസങ്ങളോളം നീണ്ടുനിന്നെന്നും ആ വാചകത്തിന്‍റെ അര്‍ത്ഥം നമുക്ക് പെട്ടെന്നുതന്നെ കിട്ടുമെന്നും കഥാകൃത്ത് വിശദീകരിക്കുന്നു.അടുത്ത ആവര്‍ത്തനങ്ങളില്‍, ലാനയ്ക്ക് വ്യത്യസ്ത ആളുകളില്‍ നിന്ന് വ്യത്യസ്ത ഫോണ്‍ കോളുകള്‍ ലഭിക്കുന്നു, എല്ലായ്പ്പോഴും വെള്ളിയാഴ്ചയും എപ്പോഴും ഒരേ സമയങ്ങളിൽ. സിനിമയിലുടനീളം അവളുടെ ബന്ധുക്കളും കൂട്ടുകാരികളുമൊക്കെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടിച്ചു കയറുന്നുണ്ട്.
1990-കളില്‍ കുറ്റകൃത്യങ്ങളും ദാരിദ്ര്യവും നിറഞ്ഞ, അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴുന്ന സാധാരണക്കാരുടെ ജീവിതത്തിന്‍റെ ഓര്‍മ്മയാണിത്, ഒരു 11 വയസ്സുകാരിയുടെ കണ്ണിലൂടെ.നോവി സാഡ് നഗരത്തില്‍ ചിത്രീകരിക്കുകയും 1990-കള്‍ മുതല്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ശക്തവും ബുദ്ധിപരവുമായ ഒരു സിനിമയെന്നു വെൻ ദ ഫോൺ റാങ് പറയുന്നു. മികച്ച ഛായാഗ്രഹണവും കഥയടുക്കും കഥാപരിസരവും പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.
സിനിമാ തീർഥാടനം രണ്ടാം നാൾ രാവോടടുക്കുമ്പോൾ പറഞ്ഞു വയ്ക്കുന്നത് നല്ല കാഴ്ചകൾക്ക് ഭാഷയുടെയോ ഉടുത്തുകെട്ടലുകളുടെയോ അതിർ വരമ്പുകളില്ലെന്നതു തന്നെയാണ്. നിലനിൽപ്പിനായുള്ള പോരാട്ടവും ജീവിക്കാനായുള്ള പരക്കം പാച്ചിലും അതാതു ജനതതികളുടെ അവകാശം തന്നെയാണെന്ന് ഓരോ സിനിമകളും പറഞ്ഞു വയ്ക്കുന്നു. അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരായുള്ള പ്രതിഷേധം, ഒറ്റപ്പെടൽ, യുദ്ധഭൂമിയിൽ ജീവിക്കേണ്ടി വരുന്ന ഭീതിതമായ അവസ്ഥ തുടങ്ങി വിവിധ തലങ്ങളെ വിശാലമായ ക്യാൻവാസിൽ പ്രേക്ഷകർക്കു മുന്നിലേക്കെത്തിക്കുകയാണ് ഓരോ സിനിമയും.ചെറുപ്പക്കാരുടെ വൻ നിര തന്നെയാണ് ഓരോ സിനിമാ തിയെറ്ററിനും മുന്നിലെന്നതു യുവത്വത്തിന് സിനിമയോടുള്ള പാഷൻ എത്രത്തോളമുണ്ടെന്നു വിളിച്ചോതുന്നു. സൗഹൃദക്കൂട്ടങ്ങളും ഒറ്റ തിരിഞ്ഞുള്ള ഓരം ചേരലുകളും ഫിലിമുത്സവത്തിന്‍റെ മാത്രം പ്രത്യേകത. മിക്ക സിനിമകളും നിറഞ്ഞ സദസിലായിരുന്നു പ്രദർശനം. തിയെറ്റർ വിട്ടിറങ്ങുന്നവരിൽ നിന്ന് മികച്ച കലാനുഭൂതി വായിച്ചറിയാം.മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങളാണു പ്രദർശിപ്പിച്ചത്. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്ത 'രചന', ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത 'ചോഘ് ', സെണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത 'മൂലധനം' എന്നിവ ശ്രദ്ധേയമായി.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്‍റെ പ്രദർശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററിൽ നടന്നു. പെരുമാൾ മുരുകന്‍റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം അങ്കമ്മാൾ നഗരഗ്രാമാന്തരങ്ങളിലെ കാഴ്ച്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്‍റെയും ബന്ധത്തിലൂടെ ആവിഷ്‌കരിക്കുന്നു.നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ് , കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. നഗോർണോ കരാബാക്കിലെ ഒരു വിമാനത്താവളം വീണ്ടും തുറക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ട ഒരു എൻജിനിയറുടെ കഥ പറയുന്നതാണ് ഈ ചിത്രം. ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ്, യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ , അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.