മോഹൻലാൽ

 

File photo

Entertainment

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാകും

ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായാണ് കലോത്സവം.

MV Desk

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായാണ് കലോത്സവം.

കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനും പ്രധാന ഔദ്യോഗിക കർമങ്ങൾ നിർവഹിക്കാനും ഇന്ന് വിപുലമായ പരിപാടികൾ തൃശൂരിൽ സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങുകളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവരും പങ്കെടുക്കും.

രാവിലെ 11ന് തേക്കിൻകാട് മൈതാനത്ത് മുഖ്യ പന്തലിന്‍റെ കാൽനാട്ടു നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തൃശൂർ ഗവൺമെന്‍റ് മോഡൽ ഗേൾസ് എച്ച്എസ്എസിലെ സ്വാഗതസംഘം ഓഫിസിൽ കലോത്സവ ലോഗോ പ്രകാശനം, മീഡിയ അവാർഡ് പ്രഖ്യാപനം, പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം എന്നിവ നടക്കും. തുടർന്ന് വിവിധ കമ്മിറ്റി ചെയർമാൻമാരുടെയും കൺവീനർമാരുടെയും അവലോകന യോഗം ചേരും.

കേരളത്തിന്‍റെ സമ്പന്നമായ കലാപൈതൃകവും തൃ‌ശൂരിന്‍റെ സാംസ്‌കാരിക ചിഹ്നങ്ങളും കോർത്തിണക്കി തയാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്. അഞ്ചു ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ- ഹൈസ്‌കൂൾ വിഭാഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാഗത്തിൽ 105, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19.

മത്സരാർഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്വാഗതസംഘത്തിന്‍റെ കീഴിലുള്ള വിവിധ സബ് കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. വേദി, ഭക്ഷണശാല, താമസം, സുരക്ഷ, ഗതാഗതം തുടങ്ങി എല്ലാ കാര്യങ്ങളിലെയും ക്രമീകരണങ്ങളിലെ പുരോഗതി യോഗം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം