തമന്ന
നടി തമന്ന ഭാട്ടിയയുടെ മേക്കോവർ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരത്തിന്‍റെ പുത്തൻ ലുക്ക് വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടു. എന്നാൽ ശരീരഭാരം കുറക്കാൻ നടി ഒസെംബിക് പോലുള്ള മരുന്നുകൾ കുത്തിവെച്ചു എന്ന ആരോപണവും ഉയർന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താൻ ക്യാമറയ്ക്ക് മുന്നിൽ വളർന്ന ആളാണെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നുമാണ് താരം പറഞ്ഞത്. "15 വയസു മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ക്യാമറയ്ക്ക് മുന്നിലാണ് ഞാൻ വളർന്നത്. അതിനാൽ എനിക്ക് ഒന്നും ഒളിക്കാനില്ല. 20കൾ മുതൽ മെലിഞ്ഞ ശരീര പ്രകൃതിയാണ് എനിക്ക്. എന്‍റെശരീരം അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴത്തെ മെലിഞ്ഞ ശരീരം എനിക്ക് പുതിയതല്ല. ഞാൻ വളർന്നത് ഇങ്ങനെയാണ്. ഞാൻ ഇങ്ങനെ തന്നെയിരിക്കും. ഹിന്ദി സിനിമകളുടെ പ്രേക്ഷകർക്കാണ് ഇത് പുതിയകാര്യമായി തോന്നുന്നത്. സ്ത്രീകളുടെ ശരീരം എപ്പോഴും മാറിക്കൊണ്ടിരിക്കുമെന്ന് ആളുകൾ മനസിലാക്കണം. അഞ്ച് വർഷത്തിൽ വലിയ വ്യത്യാസം കാണാനാവും.''- തമന്ന പറഞ്ഞു.
അതിനിടെ കോവിഡ് കാലത്ത് തന്‍റെ ശരീരത്തിൽ മാറ്റങ്ങളുണ്ടായെന്നും ശരീരഭാരം കുറക്കാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും നടി കൂട്ടിച്ചേർത്തു." കോവിഡ് എന്‍റെ ശരീരത്തെ വളരെ അധികം ബാധിച്ചു. 20കളിലെ പോലെ ശരീരഭാരം നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറി. ഞാൻ ഒരുപാട് ബുദ്ധിമുട്ടി. എനിക്ക് ഭക്ഷണം ഏറെ ഇഷ്ടമാണ്. ചോറും റോട്ടിയും പരിപ്പുമെല്ലാം ഞാൻ കഴിക്കാറുണ്ട്."
" ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുമ്പോഴും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ വളരെ അധികം ശ്രദ്ധാലുവായി. വയർ ചാടിയോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്‍റെ ശരീരത്തിന് എന്തുപറ്റിയെന്നും ഞാൻ ഓർക്കാറുണ്ട്. നീർക്കെട്ട് എന്നത് യഥാർഥമാണ്. എല്ലാ സ്ത്രീകളുടേയും ശരീരത്തിൽ ഇത്തരത്തിൽ മാറ്റമുണ്ടാകും. എന്‍റെ മുപ്പതുകളുടെ തുടക്കത്തിൽ ഞാനും ഇത് അനുഭവിച്ചു. എന്‍റെ ശരീര വടിവ് അവിടെ തന്നെയുണ്ട്. അത് ഒരിക്കലും പോകില്ല. കാരണം ഞാൻ സിന്ദിയാണ്. എന്‍റെ എല്ലുകളുടെ ഘടന അങ്ങനെയാണ്.''- തമന്ന കൂട്ടിച്ചേർത്തു.