മോഹൻലാലിന്‍റെ വൃഷഭ ക്രിസ്മസ് ദിനത്തിൽ തിയെറ്ററുകളിലേയ്ക്ക്
ഹൈദരാബാദ്: ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം വൃഷഭ വ്യാഴാഴ്ച തിയെറ്ററുകളിലെത്തുന്നു. പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണിത്. അച്ഛൻ-മകൻ ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്. ആക്ഷന് പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നന്ദ കിഷോറാണ്.
റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ സൗണ്ട് ചെയ്തിരിക്കുന്നത്.
പുലി മുരുകൻ അടക്കമുള്ള ചിത്രങ്ങൾക്ക് ആക്ഷൻരംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്നും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. ശോഭ കപൂർ, ഏക്ത കപൂർ, സി.കെ. പത്മനാഭൻ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീൺ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
തെലുങ്ക് നടൻ റോഷൻ മേക്ക പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷനായ കപൂർ, സഹറ.എസ്.ഖാൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിവിധ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ബോക്സ് ഓഫീസുകളിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.