'ചിപ്സിന്‍റെയും ഉള്ളിയുടെയും പണം തിരിച്ചു തരണം'; ബ്രേക്കപ്പിന് പിന്നാലെ റീഫണ്ട് ആവശ്യപ്പെട്ട് മുൻ കാമുകൻ
പ്രണയം തകർന്നു കഴിഞ്ഞാൽ പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. മൗനത്തിലാകുന്നവരും മദ്യത്തിനടിമയാകുന്നവരുമുണ്ട്. പക്ഷേ ബ്രേക്കപ്പിന് പിന്നാലെ മുൻ കാമുകിക്ക് വാങ്ങിക്കൊടുത്ത ചിപ്സിന്‍റെ കാശ് വരെ തിരികെ ചോദിച്ച കാമുകനാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെലവാക്കിയ തുകയെല്ലാം ആവശ്യപ്പെട്ടു കൊണ്ട് മുൻ കാമുകൻ അയച്ച മെസേജ് പെൺകുട്ടിയാണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദിവ്യ എന്ന അക്കൗണ്ടിൽ നിന്നാണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍റെ മുൻ കാമുകൻ പ്രണയത്തിലായിരുന്ന സമയത്ത് എനിക്ക് വാങ്ങി തന്ന സ്നാക്സിന്‍റെ പണം പോലും തിരികെ ചോദിക്കുന്നു. ഇത് ബ്രേക്കപ്പിന്‍റെ ഏത് തലമാണെന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്.
ഇതെല്ലാം അവസാനിച്ചു. അതു കൊണ്ടു തന്നെ പ്രണയത്തിലായിരുന്ന കാലത്ത് നിനക്കു വേണ്ടി ചെലവാക്കിയതെല്ലാം എനിക്കു തിരിച്ചു തരണം എന്ന സന്ദേശത്തിനൊപ്പം വിവിധ ഡെലിവറി ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന്‍റെ സ്ക്രീൻ ഷോട്ടുകളും മുൻ കാമുകൻ അയച്ചു കൊടുത്തിട്ടുണ്ട്.
സോഫ്റ്റ് ഡ്രിങ്ക്സ്, ജെല്ലി, ഉള്ളി, തക്കാളി, സ്നാക്സ്, ചിപ്സ് തുടങ്ങിയവയുടെ പണമാണ് തിരികെ ചോദിച്ചിരിക്കുന്നത്. കാമുകനെ വിമർശിച്ചു കൊണ്ട് നിരവധി പേരാണ് പോസ്റ്റിൽ കമന്‍റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ കാമുകനെക്കൊണ്ട് പലചരക്ക് വാങ്ങിപ്പിക്കേണ്ടതുണ്ടോ എന്നും ചിലർ ചോദിക്കുന്നുണ്ട്.