ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്‍റെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ച് ഡൽഹി എയിംസിലെ റേഡിയോളജിസ്റ്റ് ഡോ. സുവ്രാങ്കർ ദത്തയുടെ സമൂഹ മാധ്യമ പോസ്റ്റ്. ബംഗളൂരു - ഡൽഹി വിമാന യാത്രയിൽ തനിക്ക് ദുഃസ്വപ്നം പോലുള്ള അനുഭവമാണുണ്ടായതെന്നും, ഇനിയൊരിക്കലും ഈ എയർലൈൻസിൽ യാത്ര ചെയ്യില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പ്രമേഹ രോഗിയായ താൻ ഏത് വിമാനയാത്രയിലും ഭക്ഷണം മുൻകൂർ ബുക്ക് ചെയ്യാറുണ്ടെന്ന് ഡോ. ദത്ത പറയുന്നു. എന്നാൽ, ഇൻഡിഗോ എയർലൈൻസിന്‍റെ ബംഗളൂരു - ഡൽഹി യാത്രയിൽ പലവട്ടം ആവശ്യപ്പെട്ടിട്ടും താൻ പണമടച്ച് ബുക്ക് ചെയ്ത ഭക്ഷണം തരാൻ വൈകുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ പരാതി.
സമയത്ത് ആഹാരം കഴിച്ചില്ലെങ്കിൽ പ്രമേഹം കാരണമുള്ള പ്രശ്നങ്ങൾ വഷളാകും. അതിനാൽ ഈ യാത്രയ്ക്ക് മുൻപു തന്നെ ഒരു സാൻഡ്വിച്ച് പ്രീബുക്ക് ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് വിമാനം പുറപ്പെട്ടത്. വൈകാതെ മീൽ സർവീസ് ആരംഭിക്കുകയും ചെയ്തു.
എന്നാൽ, ഭക്ഷണം വിതരണം ചെയ്യാൻ ജീവനക്കാർ സീറ്റിനടുത്തെത്തിയപ്പോൾ അറിയിച്ചത്, ബംഗളൂരു വിമാനത്താവളത്തിലെ പ്രശ്നം കാരണം ഡോ. ദത്തയുടെ ഭക്ഷണം കുറച്ച് വൈകുമെന്നാണ്. മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു.
അര മണിക്കൂറിനു ശേഷം ചോദിച്ചപ്പോഴും ഭക്ഷണത്തെക്കുറിച്ച് വിവരമൊന്നുമില്ല. പിന്നീട് ജീവനക്കാർ ഗൗനിക്കുക പോലും ചെയ്യാത്ത അവസ്ഥയായെന്നും ഡോ. ദത്ത പറയുന്നു.
പ്രമേഹം കാരണമുള്ള പ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയെന്നു മനസിലായ സഹയാത്രിക അവരുടെ സാൻഡ്വിച്ച് തനിക്ക് വാഗ്ദാനം ചെയ്തെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ സമയത്ത് എമർജൻസി സ്വിച്ച് അമർത്തിയെങ്കിലും അര മണിക്കൂറിനു ശേഷമാണ് ജീവനക്കാർ എത്തി കാര്യം അന്വേഷിച്ചത്.
ജീവന് അപകടമുണ്ടാക്കും വിധം എന്തെങ്കിലും പ്രശ്നമുള്ള ആരെങ്കിലും എമർജൻസി സ്വിച്ച് അമർത്തിയിട്ട് ജീവനക്കാർ അവഗണിച്ചാൽ എന്താകുമായിരുന്നു എന്നും ദത്ത ചോദിക്കുന്നു.
ഒടുവിൽ വിമാനം ലാൻഡിങ്ങിനു തയാറെടുക്കുന്നതായി പൈലറ്റ് അനൗൺസ് ചെയ്യുമ്പോഴും ദത്തയുടെ ഭക്ഷണം മാത്രം കിട്ടിയിരുന്നില്ല. വീണ്ടും ചോദിച്ചപ്പോൾ, വൈകിട്ട് 5.40 ഓടെയാണ് സാൻഡ്വിച്ച് കിട്ടിയത്.
എന്നാൽ, കൂടെ ബുക്ക് ചെയ്തിരുന്ന കട്ടൻ ചായക്കു പകരം കട്ടൻ കാപ്പിയാണ് കൊടുത്തത്. ഇതെക്കുറിച്ച് ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. കൂടുതൽ ചോദിക്കാനുള്ള ആരോഗ്യസ്ഥിതി തനിക്കുണ്ടായിരുന്നില്ലെന്നും ഡോ. ദത്ത പറയുന്നു.
യാത്ര കഴിയും വരെ ജീവനക്കാർ ആരും ഈ പ്രശ്നങ്ങൾക്ക് എന്തെങ്കിലും വിശദീകരണം കൊടുക്കുകയോ, ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും ഡോ. ദത്ത.
അതേസമയം, ഡോ. ദത്തയുടെ എക്സ് പോസ്റ്റിനു താഴെ ഇൻഡിഗോ ഖേദ പ്രകടനം നടത്തിയിട്ടുണ്ട്. ദത്തയുടെ പരാതി ഗൗരവമുള്ളതാണെന്നു ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പറയുന്നുണ്ടെങ്കിലും, സംഭവിച്ച കാര്യങ്ങൾക്ക് ഇതിലും വിശദീകരണമൊന്നുമില്ല.