ഐശ്വര്യ രാജനും അനശ്വരയും
താൻ ജീവിക്കുന്നത് വേദനയുടെ കടലിലാണെന്ന് നടി അനശ്വര രാജന്‍റെ സഹോദരിയും ഇൻഫ്ലുവൻസറുമായ ഐശ്വര്യ രാജൻ. 16 വയസു മുതൽ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചാണ് ഐശ്വര്യ തുറന്നുപറഞ്ഞത്. നടുവേദന, അലർജി എന്നിവയ്ക്കൊപ്പം ശരീരത്തിന്‍റെ ഓരോ അണുവും വേദനിക്കുന്ന ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയും തനിക്കുണ്ട് എന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയത്. രോഗമുക്തിക്കായി ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഉൾപ്പടെ പലതും പരീക്ഷിച്ചു. എന്നാൽ ഇതിലൂടെയൊന്നും തനിക്ക് രോഗമുക്തി നേടാനായില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ഐശ്വര്യ പറയുന്നത്.
16 വയസിൽ അപ്പെൻഡിസൈറ്റിസ് സർജറി നടത്തിയപ്പോഴാണ് ആദ്യമായി ഗുരുതര ആരോഗ്യപ്രശ്നം അനുഭവിച്ചത് എന്നാണ് ഐശ്വര്യ പറയുന്നത്. സർജറി വളരെ സങ്കീർണമായിരുന്നെന്നും ഒരുപാട് മാസങ്ങൾ ബെഡ് റെസ്റ്റ് വേണ്ടിവന്നു എന്നുമാണ് ഐശ്വര്യ പറയുന്നത്. ഡിഗ്രി അഞ്ചാം സെമസ്റ്ററിലാണ് നടുവേദന ആരംഭിക്കുന്നത്. ക്ലാസിൽ ഇരുന്നുകൊണ്ട് എഴുതാനോ ഒന്നു കുനിയാനോ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ എംആർഐയിൽ ഡിസ്ക് തേയ്മാനമാണെന്ന് കണ്ടെത്തി. തുടർന്ന് മൂന്നു മാസം ബെസ് റെസ്റ്റ് ആയിരുന്നു.
നടുവേദനയെ തുടർന്ന് ജീവിതത്തിൽ പലതും തനിക്ക് നഷ്ടപ്പെട്ടു എന്നാണ് ഐശ്വര്യ പറയുന്നത്. താൻ ഏറെ ആഗ്രഹിച്ച കോളജ് ടൂറിന് പോകാൻ സാധിച്ചില്ല. മാത്രമല്ല നടുവേദന കാരണം ഒരുപാട് സ്നേഹിച്ചിരുന്ന നൃത്തം ഉപേക്ഷിക്കേണ്ടതായി വന്നു. ഏഴാം ക്ലാസുമുതൽ സ്കൂളിൽ തിരുവാതിര കളിക്ക് മത്സരിക്കുമായിരുന്നു എന്നാൽ ഡിഗ്രി അവസാന വർഷത്തിൽ നടുവേദന കാരണം തിരുവാതിര കളിക്കാനായില്ല. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഹാർട്ട് ബ്രേക്കായിരുന്നു ഇത് എന്നാണ് ഐശ്വര്യ പറയുന്നത്.
നടുവേദന കൂടാതെ തനിക്ക് ഫൈബ്രോമയാൽജിയയുണ്ട്. ശരീരത്തിന്‍റെ ഓരോ അണുവിലും തനിക്കു വേദനക്കുമെന്നും തൊടുമ്പോൾ പോലും വേദനിക്കാറുണ്ട്. വേദനയുടെ കടൽ എന്നാണ് താനതിനെ നിർവചിച്ചിരിക്കുന്നതെന്നും ഐശ്വര്യ പറയുന്നു. ശരീരത്തിൽ മുഴുവൻ ഇൻഫ്ലമേഷനാണ്. തലയോട്ടി പോലും മസാജ് ചെയ്യാനാവില്ല. അവിടെ പോലും വേദനയാണ്. കഴുത്തിന്‍റെ ഭാഗം, മുഖം എന്നിവിടങ്ങളിൽ എല്ലാം പണ്ടുമുതലെ വേദനയുണ്ട്. വിരലിന്‍റെ തുമ്പിൽ പോലും വേദനയുണ്ട്. ചുണ്ടിനും ചെവിയുടെ ചെറിയ ഭാഗത്തും മാത്രമേണ് വേദനയില്ലാത്തതെന്നും ഐശ്വര്യ പറയുന്നത്.
നടുവേദനയും ഫൈബ്രോമയാൽജിയയും ഉള്ളതിനാൽ ശരീരത്തിന്‍റെ ചലനങ്ങളെ പരിമിതപ്പെടുത്തിയാണ് ജീവിക്കുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. ഓടുകയോ ട്രെയിനിലൊക്കെ ചാടിക്കേറുകയോ ചെയ്താൽ രണ്ട് ദിവസത്തേക്ക് അനങ്ങാനാവില്ല. നടുവളയ്ക്കുക എന്നത് ഒരു വലിയ ടാസ്കാണെന്നും മുഖം കഴുകാനോ മുടി കഴികാനോ പോലും കുനിയാൻ തനിക്കാവില്ല എന്നാണ് ഐശ്വര്യ പറയുന്നത്. ശാരീരിക പ്രശ്നത്തിന്‍റെ പേരിൽ തനിക്ക് ഒരുപാട് മോശം ഓർമകളുണ്ടെന്നാണ് അവർ പറയുന്നത്. റിലേഷൻഷിപ്പുകളിലും അത്തരം മോശം അനുഭവമുണ്ട്. ഗർഭിണിയാവാൻ കഴിയുമോ എന്ന ചോദ്യം നേരിട്ടിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. താനും അനശ്വരയും ഓടുന്ന വിഡിയോയിൽ കുറേ പേർ തന്‍റെ ഓട്ടത്തേക്കുറിച്ച് കമന്‍റ് ചെയ്യുന്നതുകണ്ടപ്പോൾ വേദന തോന്നി. തനിക്ക് വേദനയില്ലാതെ ഓടാൻ പോലുമാവില്ല. കോളജിൽ സുഹൃത്തുക്കൾ വെറുതെ തട്ടിയാൽ വരെ വേദനയാണ്. അയ്യോ എന്ന് ഞാൻ പറഞ്ഞാൽ എന്തിനാണ് ഓവറാക്കുന്നത് എന്നാകും അവർ ചോദിക്കുക.
പല ചികിത്സയും തേടിയെന്നാണ് ഐശ്വര്യ പറയുന്നത്. നാട്ടിലെ ഒരു വൈദ്യർ വന്ന് ചികിത്സിച്ചപ്പോൾ അനുഭവിച്ച വേദനയെക്കുറിച്ചും ഐശ്വര്യ പങ്കുവച്ചു. നാഡികൾ പിടിച്ചു വലിച്ചിടുന്ന തരത്തിലുള്ള ചികിത്സയായിരുന്നു അത്. ചികിത്സ ചെയ്തപ്പോൾ കരഞ്ഞു നിലവിളിക്കുച്ച് കൈയിൽ നിന്ന് പോകുന്ന അവസ്ഥയിലായി. തന്‍റെ കരച്ചിൽ കണ്ട് അമ്മ കരഞ്ഞുപോയി. നിനക്ക് ഈസിയായി പ്രസവിക്കാൻ പറ്റുമെന്നാണ് അമ്മ തമാശയായി പറഞ്ഞത്. കാരണം. അത്രയും വേദനയാണ് താൻ അന്ന് അനുഭവിച്ചത്. ഇന്നും ആ ദിവസത്തേക്കുറിച്ച് ഓർക്കുമ്പോൾ വേദന അനുഭവപ്പെടുമെന്നും ഐശ്വര്യ പറയുന്നു. ചികിത്സിക്കുന്ന പലരിൽ നിന്നും തനിക്ക് മോശം അനുഭവമുണ്ടായെന്നും അത് തന്നെ ട്രോമയിലേക്ക് തള്ളിവിട്ടു എന്നും ഐശ്വര്യ പറയുന്നുണ്ട്. ഇപ്പോൾ വേദനയിലൂടെ ജീവിക്കാൻ താൻ പഠിച്ചെന്നും അവർ കൂട്ടിച്ചേർത്തു.