ആംഗൻവാടിയിൽ ബിരിയാണിയുണ്ടാക്കാൻ പരിശീലനം

 
Bagirov Fariz
Lifestyle

ആംഗൻവാടിയിൽ ബിരിയാണിയുണ്ടാക്കാൻ പരിശീലനം

പഞ്ചസാരയുടെയും ഉപ്പിന്‍റേയും അളവ് പരമാവധി കുറച്ച്, ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചത്

Thiruvananthapuram Bureau

തിരുവനന്തപുരം: ആംഗൻവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്‌നോളജില്‍ (ഐഎച്ച്എം സിടി) നടത്തി. വനിതാ ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഐഎച്ച്എംസിടി ഷെഫുമാരുള്‍പ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.

മുട്ട ബിരിയാണി ആൻഡ് ഫ്രൂട്ട് കപ്പ്, ന്യൂട്രി ലഡു, വെജിറ്റബിള്‍ പുലാവ് ആൻഡ് സാലഡ്, ബ്രോക്കണ്‍ വീറ്റ് പുലാവ്, ഇല അട തുടങ്ങിയ പ്രധാന വിഭങ്ങളിലാണ് പരിശീലനം നല്‍കിയത്. സാധാരണ വീടുകളില്‍ തയാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് ആരോഗ്യകരവും രുചികരവുമാകുന്ന വിധത്തില്‍ ബിരിയാണിയും പുലാവും എങ്ങനെ ഉണ്ടാക്കാമെന്ന പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പഞ്ചസാരയുടെയും ഉപ്പിന്‍റേയും അളവ് പരമാവധി കുറച്ചുകൊണ്ട് കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചത്.

''ആംഗൻവാടിയില്‍ ബിരിയാണിക്കു പ്രചോദമായ പ്രിയപ്പെട്ട ശങ്കുവിനെ പ്രത്യേകം ഓര്‍ക്കുന്നു. ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും ആംഗൻവാടിയിലെ മാതൃകാ ഭക്ഷണ മെനു. ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്'', മന്ത്രി പറഞ്ഞു.

ബിരിയാണിയും പുലാവും ഉള്‍പ്പെടെ പാചകം ചെയ്യുന്നതിനുള്ള മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള പരിശീലനമാണ് നടത്തിയത്. ഓരോ ജില്ലയില്‍ നിന്നും സൂപ്പര്‍വൈസര്‍മാരും സിഡിപിഒമാരും ഉള്‍പ്പെടെ നാല് പേര്‍ വീതം 56 പേരാണ് പങ്കെടുത്തത്. അതത് ജില്ലകളിലെ ബിരിയാണിയുടെ പ്രത്യേകതയനുസരിച്ചാണ് പരിശീലനം. ഇവര്‍ ജില്ലാ തലത്തിലും തുടര്‍ന്ന് ആംഗൻവാടി തലത്തിലും പരിശീലനം നല്‍കും. ആംഗൻവാടിയില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഭക്ഷണങ്ങള്‍ തയാറാക്കുന്നത്. ഈ വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ ബിരിയാണിയും പുലാവും നല്ലതെന്നാണ് ഷെഫുമാര്‍ അഭിപ്രായപ്പെട്ടത്.

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ