ബംഗളൂരുവിന് 'ബിയർ ശാപം'; കുപ്പി കിട്ടാനില്ല, കിട്ടിയാൽ തന്നെ വൻ വില 
Lifestyle

ബംഗളൂരുവിന് 'ബിയർ ശാപം'; കുപ്പി കിട്ടാനില്ല, കിട്ടിയാൽ തന്നെ വൻ വില

എക്സൈസ് വകുപ്പിന്‍റെ വരുമാനത്തിലുണ്ടായ ഇടിവ് നികത്താനായിരുന്നു സർക്കാരിന്‍റെ പുതിയ തീരുമാനം.

ബംഗളൂരു: കർണാടകയിലെ ബിയർ പ്രേമികൾ വലിയ പ്രതിസന്ധിയിലാണ്. ബംഗളൂരു അടക്കമുള്ള നഗരങ്ങളിലെ സ്റ്റോറുകളിലും ബാറുകളിലും ഔട്ട്ലെറ്റുകളിലുമൊന്നും ബിയർ കിട്ടാനില്ല. ബാറുകൾ തോറും കയറിയിറങ്ങി നിരാശരാകുകയാണ് പലരും. ഏതെങ്കിലും ബാറിൽ നിന്ന് ബിയർ കിട്ടിയാൽ തന്നെ വൻ വിലയാണ് ഈടാക്കുന്നതും. കഴിഞ്ഞു കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്തെ ബിയർ വിതരണം വളരെ കുറഞ്ഞിരിക്കുകയാണെന്ന് ഷോപ്പ് ഉടമകളും ബാർ ഉടമസ്ഥരും പറയുന്നു. ബിയറിന്‍റെ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. 2024 മാർച്ചിലാണ് ബിയർ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ജനുവരി 20 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. 650 മില്ലി ബിയറിന് പത്ത് രൂപയിൽ നിന്ന് 40 രൂപയായി വർധിപ്പിക്കാനായിരുന്നു തീരുമാനം. ബ്രാൻഡുകൾ അനുസരിച്ച് ഇതിൽ മാറ്റം വരും. എക്സൈസ് വകുപ്പിന്‍റെ വരുമാനത്തിലുണ്ടായ ഇടിവ് നികത്താനായിരുന്നു സർക്കാരിന്‍റെ പുതിയ തീരുമാനം. ലിറ്ററിന് 130 രൂപയ്ക്ക് ബിയർ വാങ്ങുമ്പോൾ എക്സൈസ് ഡ്യൂട്ടി 195 ശതമാനം വരെ ഉയർത്തി. അതോടെ മുൻപ് 100 രൂപയുണ്ടായിരുന്ന ബിയറിന്‍റെ വില 145 ആയി ഉയർന്നു .230 രൂപ വിലയുണ്ടായിരുന്ന ബിയർ ഇപ്പോൾ 240 രൂപയ്ക്കാണ് ലഭിക്കുക. അതോടെ സംസ്ഥാനത്തെ ബിയർ വിതരണം അവതാളത്തിലായി. സ്റ്റോക്കിലുണ്ടായിരുന്ന ബിയർ വിറ്റഴിഞ്ഞു തീർന്നെങ്കിലും കൂടുതൽ ബിയർ സ്റ്റോക്ക് ചെയ്യാൻ ഉടമകൾക്ക് സാധിച്ചിട്ടില്ല. ഇതാണ് പെട്ടെന്ന് ബിയർ ക്ഷാമത്തിന് ഇടയാക്കിയത്.

ഷുഗർ കണ്ടന്‍റിന്‍റെ ലേബൽ എല്ലാ ബോട്ടിലിലും ഒട്ടിച്ചിരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ബിയറിലെ ഷുഗർ കണ്ടന്‍റിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായാണ് പുതിയ നിർദേശം. പുതിയ ലേബലുകൾ പ്രിന്‍റ് ചെയ്ത് ഒട്ടിച്ചതിനു ശേഷമേ കുപ്പികൾ പുറത്തിറക്കാൻ സാധിക്കൂ. അതു മാത്രമല്ല വില രേഖപ്പെടുത്തിയ ലേബലുകളും മാറ്റി പ്രിന്‍റ് ചെയ്യേണ്ടതുണ്ട്. ലേബലുകൾ ഒട്ടിക്കാനുള്ള കാലതാമസവും ബിയർ ക്ഷാമത്തിന് ഒരു കാരണമാണ്.

താപനില ഉയരുന്ന സാഹചര്യത്തിൽ ബിയറിന് ആവശ്യക്കാരും ഏറും. പക്ഷേ വേണ്ടത്ര ബിയർ ഇല്ലാത്തതിനാൽ കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇങ്ങനെ പോയാൽ ബിയർ വിൽപ്പനയിൽ 10 ശതമാനം കുറവുണ്ടാകുമെന്നാണ് വിൽപ്പനക്കാർ പറയുന്നത്.

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌