വിഷാദത്തിന് മരുന്നാകുന്ന ‘സിനിമാ തെറാപ്പി’

 
Lifestyle

വിഷാദത്തിന് മരുന്നാകുന്ന ‘സിനിമാ തെറാപ്പി’

വിഷാദരോഗങ്ങള്‍ക്കും മാനസിക പ്രശ്നം നേരിടുന്നവര്‍ക്കും സിനിമ തെറാപ്പി എന്നൊരു ചികിത്സാ രീതി തന്നെ ഇന്ന് നിലവിലുണ്ട്.

പി.ജി.എസ് സൂരജ്

അമെരിക്കൻ ഫിലിം മേക്കറും പ്രൊഡ്യൂസറുമായ ടിം ബർട്ടൻ പറഞ്ഞ ഒരു വാചകമുണ്ട് സിനിമ എന്നത് തന്നെ സംബന്ധിച്ചിടത്തോളം വിലയേറിയൊരു തെറാപ്പിയാണെന്ന്. ടിം ബർട്ടന് മാത്രമല്ല, നമ്മുടെ ചുറ്റുമുള്ള പലർക്കും അല്ലെങ്കിൽ നമുക്ക് തന്നെയും ചില സമയത്ത് അഭയവും ആശ്രയവുമാകുന്നത് സിനിമയല്ലേ? മടിപിടിച്ച് കട്ടിലില്‍ ചുരുണ്ട് കൂടി കിടന്ന് ലോകത്തുള്ള ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെ, വിഷാദ രോഗത്തിലേക്ക് പോകുന്നവര്‍ക്കും സിനിമ എന്നത് പ്രതീക്ഷകളുടെ അഭയസ്ഥാനമാണ്.

പലതും ആലോചിച്ച്കൂട്ടി വട്ടാകുമ്പോൾ കൈയ്യിൽ കാശുണ്ടോയെന്ന് നോക്കി നേരെ തിയേറ്ററിലേക്ക് വിടുന്ന ഒരുപാട് പേരെ കണ്ടിട്ടില്ലേ, കൈയ്യിൽ കാശില്ലെങ്കിൽ തന്നെ ഫോണോ, ലാപ്ടോപ്പോ തുറന്നുവച്ച് ഹെഡ്സെറ്റും കുത്തി ചുമ്മാ കണ്ട സിനിമ തന്നെ ആവര്‍ത്തിച്ച്‌ കാണുന്നവരുമുണ്ട്. ആകെ മൊത്തത്തിൽ വട്ടായിരിക്കുമ്പോൾ ഒരു സിനിമ കണ്ടാലൊക്കെ അതങ്ങ് തീരുമോയെന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. വിഷാദരോഗങ്ങള്‍ക്കും മാനസിക പ്രശ്നം നേരിടുന്നവര്‍ക്കും സിനിമ തെറാപ്പി എന്നൊരു ചികിത്സാ രീതി തന്നെ ഇന്ന് നിലവിലുണ്ട്.

സിനിമയെന്നാൽ ഒരു ജനതയുടെ സംസ്കാരം മാത്രമല്ല , നിശബ്ദമാക്കപെട്ടവരുടെ ശബ്ദവും, തെറ്റുകളെ ചൂണ്ടികാണിക്കാനുള്ള മാർഗവും, ഒരുപാട് മനുഷ്യരുടെ ജീവിതവുമാണ്. എനിക്ക് മാത്രം അറിയുന്നവയെന്നു നാം ഉറപ്പിക്കുന്ന നേരങ്ങളും വികാരങ്ങളും സിനിമയിലുണ്ട്. അതുകൊണ്ടാണ് ഓരോരുത്തരുടെയും ചിന്തകളിലും വികാരങ്ങളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ സിനിമയ്ക്ക് കഴിയുന്നത്. സിനിമ തെറാപ്പി ഫലവത്താകുന്നതും അതുകൊണ്ട് തന്നെയാണ്.

സ്വന്തം അവസ്ഥയുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പലരും സിനിമകൾ കാണുന്നത്. സിനിമാ തെറാപ്പിയിൽ തെറാപ്പിസ്റ്റ് തന്‍റെ ക്ലയന്‍റിന്‍റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് തിരഞ്ഞെടുത്ത സിനിമ കാണാൻ നൽകും. സ്വതന്ത്രമായി സിനിമ കാണുന്ന ക്ലയന്‍റ് അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അടുത്ത സെഷനിൽ പങ്കുവെയ്ക്കും.

സിനിമകൾ ക്ലയിന്‍റിന്‍റെ സ്വഭാവത്തില്‍ സഹാനുഭൂതി സൃഷ്ടിക്കുകയും ആശയവിനിമയത്തിനുള്ള കഴിവുകൾ വർധിപ്പിക്കുകയും ചെയ്യും. ഇത് സ്വന്തം വികാരങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് കൂടുതൽ ബോധ്യമുണ്ടാക്കാൻ സഹായിക്കും. സിനിമ കാണുന്നത് കാഴ്ചക്കാരിൽ ഭാഷാപരമായും, ദൃശ്യപരമായും, വ്യക്തിപരമായും, മനഃശാസ്ത്രപരമായും നിരവധി മാറ്റങ്ങളുണ്ടാക്കുമെന്ന പഠനങ്ങള്‍ നിരവധിയാണ്.

പുരാതന ഗ്രീസിൽ, നാടകവേദി കാതർസിസ് മാർഗമായി ഉപയോഗിച്ചിരുന്നു (കാതർസിസ്- കലാപ്രവര്‍ത്തനത്തിലൂടെ മനസിന്‍റെ അധമവികാരങ്ങളെ ശുദ്ധീകരിക്കുന്ന രീതി). വേദിയില്‍ നടീനടന്മാര്‍ തങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കുമ്പോൾ കാണികള്‍ക്ക് വലിയ രീതിയില്‍ മാനസികാശ്വാസം ലഭിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. തുടർന്ന് അടിച്ചമർത്തപ്പെട്ട വികാരങ്ങളെ കണ്ടെത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ആശ്വാസവും സന്തോഷവും ലഭിക്കുമെന്ന തന്‍റെ സിദ്ധാന്തത്തിലൂടെ ഫ്രോയിഡ് കാതർസിസ് എന്ന ആശയത്തെ പുതുക്കിയെഴുതി.

ആധുനിക കാലത്ത് സമാനരീതിയിൽ തെറാപ്പിസ്റ്റുകൾ ബിബ്ലിയോതെറാപ്പി ഉപയോഗിച്ചിട്ടുണ്ട്. സമാനമായ അനുഭവത്തിലൂടെ ജീവിക്കുന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്ന ഒരു പുസ്തകം തെറാപ്പിസ്റ്റ് ക്ലയന്‍റിന് നിർദ്ദേശിക്കുന്നു. ക്ലയന്‍റ് പുസ്തകം വായിക്കുകയും അതിനെക്കുറിച്ച് തെറാപ്പിസ്റ്റുമായി ചർച്ച ചെയ്യുകയും ചെയ്യും. സ്വന്തം തിരഞ്ഞെടുപ്പുകളെയും ചിന്തകളെയും കുറിച്ചുള്ള ബോധ്യമുണ്ടാക്കാൻ ഇത് സഹായിക്കും. ബിബ്ലിയോതെറാപ്പിയുടെ ഒരു ശാഖയായിട്ടാണ് സിനിമാതെറാപ്പി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇവിടെ നാടകത്തിനോ പുസ്തകങ്ങൾക്കോ പകരം സിനിമകൾ ഉപയോഗിക്കുന്നുവെന്ന് മാത്രം.

സിനിമാ തെറാപ്പി പ്രവർത്തിക്കുന്നത്

  • ക്ലയന്‍റിനെ അമിതമായി അലട്ടുന്ന പ്രശ്നത്തിൽ നിന്ന്പതിയെ പതിയെ മനസിന്‍റെ ശ്രദ്ധ മാറ്റി സന്തോഷം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗമായി സിനിമ പരിണമിക്കും. പ്രശ്നത്തിൽ നിന്ന് പൂർണമായി ഒളിച്ചോടുന്നതിന് പകരം, പുതിയ കാഴ്ചപ്പാടുകളുണ്ടാക്കിയെടുക്കാനുള്ള അവസരമാണിത്.

  • പലപ്പോഴും നാം വിഷമഘട്ടത്തിലൂടെ കടന്നുപോകാറുണ്ട്. പക്ഷേ വികാരങ്ങൾ പൂർണമായി അനുഭവിക്കാനാകണമെന്നില്ല. വൈകാരിക മോചനം നൽകാൻ സിനിമക്കാകും എന്നിടത്താണ് ഇതിന്‍റെ പ്രാധാന്യം. ഒരു സിനിമ കണ്ട് പൊട്ടിക്കരയുന്നതും വിതുമ്പുന്നതും ഉറക്കെ ചിരിക്കുന്നതും ഒക്കെ ഉദാഹരണമായി പറയാം.

  • പലപ്പോഴും സിനിമ നമ്മുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം ശുഭാപ്തി വിശ്വാസം വളർത്താനും സഹായിക്കും.

  • തെറ്റായ ചിന്തകളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു.

  • കഥാപാത്രത്തെ അവരുടെ ഉയർച്ച താഴ്ചകളിലൂടെ പിന്തുടരുന്നതിലൂടെ ക്ലയന്‍റിന് ഒറ്റപ്പെടലുകളിൽ നിന്ന് വിട്ടുനിൽക്കാനും സ്വയം പ്രചോദിപ്പിക്കാനുമാകും.

  • ആശയവിനിമയത്തിന്‍റെ തകർച്ച എവിടെ സംഭവിക്കുന്നുവെന്ന് കഥാപാത്രങ്ങൾ പലപ്പോഴും കാണിച്ചുതരുന്നു. പങ്കാളി, സുഹൃത്ത് അല്ലെങ്കിൽ കുടുംബാംഗത്തോടൊപ്പം സിനിമ കാണുന്നതിലൂടെ ആശയവിനിമയം മെച്ചപ്പെടുത്താനാകും.

സിനിമാതെറാപ്പിയുടെ ഘട്ടങ്ങൾ

  • കഥാപാത്രത്തിലൂടെ ക്ലയന്‍റ് സ്വയം തിരിച്ചറിയപ്പെടുന്നതിനൊപ്പം കഥാപാത്രത്തിന്‍റെ വികാരങ്ങളും സ്വഭാവങ്ങളും ശ്രദ്ധിക്കുന്നു.

  • കഥാപാത്രത്തിന്‍റെ അനുഭവങ്ങളിലൂടെയാണ് ക്ലയന്‍റ് പലതും പഠിക്കുന്നത്.

  • കഥാപാത്രത്തിന്‍റെ അനുഭവവും സ്വന്തം അനുഭവവുമായി ബന്ധിപ്പിക്കാൻ

  • ശ്രമിക്കും.

  • സ്വന്തം അനുഭവത്തിന്‍റെ പ്രതിഫലനം സ്ക്രീനിൽ കാണുന്നത് ഒറ്റപ്പെടൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിവിധ തരം തെറാപ്പിസ്റ്റുകൾ സിനിമാ തെറാപ്പി പ്രയോജനപ്പെടുത്തുന്നുണ്ട്. കാലിഫോര്‍ണിയയിലെ പ്രശസ്ത സൈക്കോളജിസ്റ്റായ ബിർഗിറ്റ് വോൾസ് സിനിമ തെറാപ്പി എന്ന ചികിത്സാ രീതിയില്‍ ലോകപ്രശസ്തയാണ്. സിനിമ തെറാപ്പിയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ബിർഗിറ്റ് വോൾസ് എഴുതിയിട്ടുണ്ട്. പല തെറാപ്പിസ്റ്റുകളും പ്രത്യേക പരിശീലനമില്ലാതെ തന്നെ സിനിമകളെ അവരുടെ ക്ലിനിക്കൽ ജോലികളിൽ സംയോജിപ്പിക്കുന്നുണ്ടെന്ന് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. സിനിമാ തെറാപ്പിയിൽ പ്രാവീണ്യം നേടുന്നതിന് തെറാപ്പിസ്റ്റുകൾക്ക് എടുക്കാവുന്ന തുടർ വിദ്യാഭ്യാസ കോഴ്സുകൾ നിരവധിയുണ്ട്. ഇന്നും പ്രധാന ചികിത്സാ രീതി എന്നതിലുപരി ചികിത്സയുടെ ഒരു അനുബന്ധമായിട്ടാണ് സിനിമാ തെറാപ്പിയെ പ്രയോജനപ്പെടുത്തുന്നത്.

സിനിമകൾക്ക് ചികിത്സാ മൂല്യമുണ്ടെന്ന് പല ഡോക്ടർമാരും വിശ്വസിക്കുന്നുണ്ടെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. ചില സന്ദർഭങ്ങളിൽ, പ്രത്യേക സിനിമ കൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടാകണമെന്നില്ല. ഒരു വ്യക്തിക്ക് ഒരു സിനിമയുടെ പ്രത്യേക വശങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതോ ഉത്തേജിപ്പിക്കുന്നതോ ആയി തോന്നിയേക്കാം. കൂടാതെ പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏതൊക്കെ സിനിമകൾ ഫലപ്രദമാകുമെന്നത് സംബന്ധിച്ചത് വ്യക്തത വേണം.

ചില വ്യക്തികൾക്ക് ഒരു നിശ്ചിത സിനിമ കാണാൻ വേണ്ടത്ര സമയം ലഭിക്കണമെന്നില്ല. മറ്റു ചിലർക്ക് അതിനുള്ള സംവിധാനമുണ്ടാകുമെന്നും പറയാനാകില്ല. തെറാപ്പിയിൽ സിനിമ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചും അതിന്‍റെ പ്രയോഗത്തെക്കുറിച്ചും ഇപ്പോഴും പരിമിതമായ ഗവേഷണങ്ങളേ ഉള്ളൂ.

തെറാപ്പിസ്റ്റിന്‍റെ മാർഗ്ഗനിർദ്ദേശമില്ലാതെ തന്നെ, സ്വയം സഹായത്തിനുള്ള മാർഗമായി സിനിമകളെ ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. സിനിമകൾ കാണുന്നത് പലപ്പോഴും വളർച്ചയിലേക്കും പോസിറ്റീവായ മാറ്റത്തിലേക്കും നയിച്ചേക്കാം. എന്നിരുന്നാലും, കാര്യമായ പ്രശ്നങ്ങൾ നേരിടുമ്പോൾ സ്വയം തെറാപ്പി നടപ്പിലാക്കുന്നതിനെക്കാൾ നല്ലത് പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റിന്‍റെ മാർഗ്ഗനിർദ്ദേശത്തോടെ സിനിമാതെറാപ്പി ചെയ്യുന്നതാണ്.

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി