ധനുഷ്കോടി... ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും ഒരുമിക്കുന്നതിനു സാക്ഷിയാകുന്ന ഇന്ത്യയിലെ ഏക പ്രേതനഗരം. 1964ലെ ഡിസംബറിൽ മരണദൂതുമായി എത്തിയ ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നതിനു മുൻപു വരെ ധനുഷ്കോടിയിൽ എല്ലാം സാധാരണ നിലയിലായിരുന്നു. കടലിനെ ആശ്രയിച്ചു കഴിയുന്ന വളരെ കുറച്ചു പേർ മാത്രമുള്ള ഒരു ചെറിയ നാട്. പക്ഷേ ചുഴലിക്കാറ്റ് നഗരത്തെ അപ്പാടെ തകിടം മറിച്ചു. മണിക്കൂറിൽ 270 കിലോമീറ്റർ വേഗത്തിലാണ് അന്ന് കാറ്റ് വീശിയടിച്ചത്. വേലിയേറ്റത്തിൽ 20 അടിയോളം ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി.
പാമ്പൻപാലത്തിലൂടെ 115 പേരുമായി യാത്ര ചെയ്തിരുന്ന പാസഞ്ചർ ട്രെയിനിനെ തിരമാലകൾ വിഴുങ്ങി. നൂറു കണക്കിന് പേരുടെ ജീവനാണ് അന്ന് കാറ്റിൽ പൊലിഞ്ഞത്. അതോടെ പാമ്പൻ പാലത്തിലൂടെ മാത്രം രാജ്യവുമായി ബന്ധപ്പെട്ടു കിടന്നിരുന്ന ധനുഷ് കോടി പഴയ കാലത്തിന്‍റെ അവശേഷിപ്പുകൾ മാത്രം താങ്ങുന്ന ഒരു പ്രേതനഗരമായി മാറുകയായിരുന്നു.
ഒരു കാലത്ത് ജനത്തിരക്കേറിയ റെയിൽവേസ്റ്റേഷന്‍റെ അവശേഷിപ്പുകൾ ഇപ്പോഴും നഗരത്തിലുണ്ട്. പഴയ കാലത്തിന്‍റെ അവശേഷിപ്പുകൾ കാണാൻ ഇപ്പോഴും ധാരാളം സഞ്ചാരികൾ ധനുഷ്കോടിയിലെത്താറുണ്ട്. ധനുഷ്കോടിയിൽ നിന്നാൽ തെളിഞ്ഞ പകലുകളിൽ ശ്രീലങ്കൻ നഗരങ്ങൾ കാണാം. ലങ്കയോട് അത്രയടുത്താണ് ഈ നഗരം. ഭൂതകാലത്തിന്‍റെ തിരുശേഷിപ്പുകൾ തന്നെയാണ് ഈ പ്രേതനഗരത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. രാമസേതുവിനും രാമേശ്വരത്തിനും അടുത്തായതു കൊണ്ടു തന്നെ സഞ്ചാരികളുടെ ലിസ്റ്റിലും ധനുഷ്കോടി ഇടം പിടിക്കുന്നു.