ചിത്തിരപ്പാല
file photo
ചിത്തിരപ്പാല...കേട്ടിട്ടുണ്ടോ നിങ്ങൾ അവളെപ്പറ്റി? തമിഴരുടെ അമ്മാൻ പച്ചരശി, മുലയൂട്ടുന്ന അമ്മമാരുടെ പാൽപെരുക്കി, ആ്സമ പ്ലാന്‍റ് ...പേരുകളൊത്തിരിയുണ്ട് ഈ അമൂല്യ സസ്യത്തിന്. എങ്കിലും കേരളത്തിന്‍റെ മണ്ണിൽ നിലവിൽ തൊഴിലുറപ്പു പണിക്കാർക്ക് വലിച്ചു പറിച്ചു കളയാനുള്ള കേവലം ഒരു കള മാത്രം ആണ് ഇന്നീ സസ്യം.
ശരീരോഷ്ണത്തിന്:
ചിത്തിരപ്പാല തന്നെ വെളുപ്പ്, ചുവപ്പ്, ചെറു ചിത്തിരപ്പാല എന്നിങ്ങനെ പത്തിലധികം തരങ്ങളുണ്ട്. മഴക്കാലങ്ങളിലാണ് ഇത് സമൃദ്ധിയായി വളരുന്നത്. വാതപ്രമേഹ രോഗത്തെ അകറ്റി ശുക്ല വർധനയ്ക്കു സഹായിക്കുന്ന സസ്യമാണിത്. പ്രമേഹം, അലർജി രോഗങ്ങൾ എന്നിവയ്ക്കും ഇത് സിദ്ധൗഷധമാണ്. ഉഷ്ണാധിക്യം മൂലം ശരീരത്തിൽ ഉണ്ടാകുന്ന എരിച്ചിൽ, മലബന്ധം തുടങ്ങിയവയ്ക്കും ഇത് മരുന്നായി ഉപയോഗിച്ചു വരുന്നു.
ശരീരോഷ്ണത്തെ തണുപ്പിക്കുന്നതിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ചെറിയ ചിത്തിരപ്പാലയാണ്. ചെറിയ ചിത്തിരപ്പാലയോ വലിയ ചിത്തിരപ്പാലയോ ഇലകൾ പച്ചയ്ക്ക് അരച്ച് കഴിക്കുകയോ പാലിൽ കലക്കി കുടിക്കുകയോ തൈരിൽ കലക്കി കുടിക്കുകയോ ചെയ്താൽ അധികമായ ശരീരോഷ്ണം മാറും. പ്രമേഹം നിയന്ത്രണ വിധേയമാകും.
പാൽപെരുക്കി:
മുലയൂട്ടുന്ന അമ്മമാർ ചിത്തിരപ്പാല സ്ഥിരമായി പാലിൽ കലക്കി കുടിച്ചു പോന്നാൽ മുലപ്പാൽ വർധിക്കും. ചിത്തിരപ്പാലയുടെ പൂവ് എടുത്ത് അതിന്‍റെ പാൽ ചേർത്ത് മഷി പോലെ അരച്ച് നാടൻ പശുവിൻ പാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച കഴിക്കുക. മുലപ്പാൽ വർധിക്കുന്നത് അനുഭവമാകും. മുലപ്പാൽ വർധിപ്പിക്കുന്ന ചിത്തിരപ്പാല ഗർഭം അലസിപ്പിക്കുകയും ചെയ്യും.
ചിത്തിരപ്പാല തോരൻ:
സാധാരണ ഇലക്കറികൾ പോലെ ഇത് തോരനായും ഉപയോഗിക്കാം. അരിഞ്ഞ് ചെറുതായി ചൂടാക്കിയ ശേഷം അതോടൊപ്പം തേങ്ങയും ചെറിയ ഉള്ളിയും ചേർത്ത് തോരൻ വച്ചു കഴിക്കാം. നെയ്യും ചെറുപയറും ചേർത്ത് വഴറ്റി ചേർത്ത് തോരൻ വച്ചു കഴിച്ചാൽ വായ്പുണ്ണ്, ചുണ്ട് വെടിച്ചു കീറുന്നത്, അൾസർ ഫിഷർ എന്നിവ ശമിക്കും. അത്യാർത്തവമുള്ള സ്ത്രീകൾ പതിവായി ചിത്തിരപ്പാല തോരൻ വച്ചു കഴിച്ചു ശീലിച്ചാൽ അത്യാർത്തവം നിയന്ത്രണവിധേയമാകും
നഖച്ചുറ്റിന്:
നഖച്ചുറ്റിന് ഈ ചെടി അരച്ച് നഖച്ചുറ്റ് ഉള്ളിടത്ത് കെട്ടി വയ്ക്കുക. വ്രണങ്ങളിൽ ഈ ചെടി അരച്ച് കെട്ടുകയും ചെയ്യുക. നഖച്ചുറ്റ് ഭേദപ്പെടും. ചിത്തിരപ്പാലയുടെ കറ പാലുണ്ണിയെ ഇല്ലാതാക്കും. പതിവായി ഈ കറ പാലുണ്ണിയുള്ളിടത്ത് പുരട്ടണം എന്നു മാത്രം.
ആസ്മാ പ്ലാന്‍റ്:
പനിക്കും ആസ്മാ രോഗത്തിനും മരുന്നായി ചിത്തിരപ്പാല ആയുർവേദത്തിലും സിദ്ധ വൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. അതു കൊണ്ടു തന്നെ ഇതിനെ ആസ്മ പ്ലാന്‍റ് എന്നും പറയുന്നു.
തീപ്പൊള്ളലിന്:
ചിത്തിരപ്പാലയുടെ ഇല മാത്രം അരച്ച് ലേപനം ചെയ്താൽ തീപ്പൊള്ളലേറ്റ് ഉണ്ടായ കുമിളകൾ വറ്റിപ്പോകും. ചിത്തിരപ്പാല സത്ത് എടുത്ത് ഉണ്ടാക്കുന്ന തൈലം ഹൃദ്രോഗത്തിലും ശ്വാസ രോഗത്തിലും അതീവ ഫലപ്രദം. ഇത് കഷായം വച്ച് കുടിച്ചാൽ കുടലിലുണ്ടാകുന്ന അണുബാധകളെ തടയും. ആസ്മ, ബ്രോങ്കൈറ്റിസ്, ഗൊണേറിയ, ഹൈപ്പർ ടെൻഷൻ തുടങ്ങിയവയ്ക്കും നന്നാണ് ചിത്തിരപ്പാല.
പരുവിന്:
ചിത്തിരപ്പാല ഇല അരച്ച് പരുക്കളിൽ നീരുള്ളിടത്ത് പുരട്ടിയാൽ ആ നീരു വറ്റി പരു ശമിക്കും. ചിത്തിരപ്പാലയില അരച്ച് പശുവിൻ മോരിൽ രാവിലെ വെറും വയറ്റിൽ അഞ്ചു ദിവസം തുടർച്ചയായി കഴിച്ചാൽ വെള്ളപോക്ക് ശമിക്കും.