ചിലന്തി വിഷം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
getty images
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചത് രണ്ടു പേരാണ്. അതിലൊന്ന് ഒരു ബാലികയും. സർപ്പ ദംശനം കടിച്ച ഭാഗം നോക്കി മനസിലാക്കാം. എന്നാൽ ചിലന്തിവിഷം അങ്ങനെയല്ല. ചിലന്തിയുടെ ദംശനംഏൽക്കാതെ തന്നെ കടുത്ത വിഷബാധയേൽക്കാൻ നിരവധി സാധ്യതകൾ ഉണ്ട് എന്നതാണ് അതിനു കാരണം. ചിലന്തി വിഷത്തെ കുറിച്ച് പാരമ്പര്യ വൈദ്യം പറയുന്ന ചില വിധികൾ ഇവിടെ കൊടുക്കുന്നു.
ചിലന്തിയുടെ മലമൂത്ര വിസർജനം ശരീരത്തു പുരണ്ടാലോ നഖത്തിലൂടെയോ വായിലെ ഉമിനീര്, ശ്വാസം എന്നിവയിലൂടെയോ ഉള്ളിലെത്തിയാലോ ഇവ ശരീരത്തിൽ ഇഴഞ്ഞാലോ ചിലന്തി വിഷബാധയേൽക്കാം. ശരീരത്തിൽ ചൊറിച്ചിലുണ്ടാകുക, ചെറിയ കുമിളകൾ ഉണ്ടാകുക, നിറം മാറ്റം ഉണ്ടാകുക, പനി തുടങ്ങിയവയാണ് ചിലന്തി വിഷബാധിതന്‍റെ ലക്ഷണങ്ങൾ. എന്നാൽ ഇത്തരത്തിൽ വിഷബാധയേറ്റ വ്യക്തിയുടെ രക്തപരിശോധനയിൽ ചിലന്തി വിഷം അത്ര പെട്ടെന്നു കണ്ടെത്താനാകില്ല. ഭക്ഷണം പാകം ചെയ്യുമ്പോൾ ചിലന്തി ചത്തു കിടക്കുന്നത് അറിയാതെ ആ ഭക്ഷണം കഴിച്ചാലും വിഷമേൽക്കും. ഇതിനൊക്കെ ധാരാളം നാടൻ പ്രതിവിധികൾ നമ്മുടെ കൊച്ചു കേരളത്തിൽ നിലനിന്നു പോരുന്നുണ്ട്.
അവ ഇങ്ങനെ:
കൃഷ്ണ തുളസി, മഞ്ഞൾ എന്നിവ അരച്ചു പുരട്ടുക. ഒപ്പം ഇവയുടെ നീര് കഴിക്കുകയും ചെയ്യുക.
നീലയമരി ഇല , മഞ്ഞൾ എന്നിവയെടുത്ത് സമം അരച്ചു പുരട്ടുക.
ആനച്ചുവടി സമൂലം എടുത്തതും മഞ്ഞളും അരച്ചു പുരട്ടുക.
കരളകവും മഞ്ഞളും അരച്ചു പുരട്ടുന്നതും കഴിക്കുന്നതും അത്യുത്തമം.
പഴുതാരച്ചെടിയുടെ ഇല അരച്ച് വിഷബാധയേറ്റ ഭാഗത്ത് പൊത്തി വയ്ക്കുക .
ആഗോള സർപ്പ വിഷ ഹാരിണി: വിഷപ്പച്ച
വിഷപ്പച്ച
ഇനി നമുക്ക് വിഷപ്പച്ച എന്ന സസ്യത്തെ കൂടി പരിചയപ്പെടാം. ആടിപ്പച്ച, ശുദ്ധിമൂലിക, വർഷമൂലി എന്നൊക്കെയാണ് ഈ സസ്യത്തിന്‍റെ പ്രാദേശിക നാമങ്ങൾ. നാട്ടു ചികിത്സകരുടെയും മൃഗചികിത്സകരുടെയും കണ്ണിലുണ്ണിയാണ് ഈ സസ്യം. പഴുതാര, ചിലന്തി, തേൾ, ചിലതരം പുഴുക്കൾ എന്നിവ ദംശിച്ചാൽ പ്രാഥമിക ചികിത്സാമാർഗമായി വിഷപ്പച്ച നീര് പുരട്ടാം. ഇല അരച്ചു പുരട്ടുകയും ഇല ചവച്ച് കഴിക്കുകയും നീര് വീഴ്ത്തുകയുമൊക്കെ ചെയ്യുന്നതാണ് ഇതു കൊണ്ടുള്ള ചികിത്സാ രീതികൾ. രണ്ടു മുതൽ അഞ്ചില വരെയേ കഴിക്കാൻ ആയുർവേദം പറയുന്നുള്ളു. വിഷപ്പച്ച ചേർന്ന രഹസ്യ ഔഷധക്കൂട്ടുകൾ അഗദതന്ത്ര ചികിത്സാവിധികളിൽ പല അഗ്രഗണ്യരായ വിഷചികിത്സകരും രഹസ്യമായി നിർമിച്ച് ഉപയോഗിച്ചു പോരുന്നു. ആഗോള തലത്തിൽ സർപ്പ വിഷത്തിന് ഉപയോഗിക്കുന്ന അരുമയായ വിഷഹര സസ്യമാണ് വിഷപ്പച്ച.
വളവളപ്പൻ പാമ്പ് വിഷത്തിനും പൊതുവെ സർപ്പ വിഷങ്ങളുടെ വ്യാപനം തടയുന്നതിനും ഈ അമൂല്യ ഔഷധി ഉപയോഗിക്കുന്നു. വട്ടച്ചൊറി തടയുന്നതിനും വർഷം തോറും ആവർത്തിച്ചു വരുന്ന വ ട്ടച്ചൊറിയുടെ ശമനത്തിനും ഇത് ഉപയോഗിച്ചു വരുന്നു.ചില മരുന്നുകൾ സ്വീകാര്യമല്ലാതെ വിഷദംശനം ഏറ്റ വ്യക്തിയുടെ ശരീരം പ്രതികരിക്കുമ്പോൾ പ്രത്യൗഷധമായി വിഷപ്പച്ചയില അരച്ച് കഴിക്കുന്നതിൽ ഭേദപ്പെടാറുണ്ട്. ഇത് സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങളിലും ഉപയോഗിക്കാറുണ്ട്. വളർത്തു മൃഗങ്ങളിൽ വിഷബാധയേറ്റ് മരണലക്ഷണങ്ങൾ കാണിക്കുമ്പോഴും ഇല അരച്ചു കലക്കി കുടിപ്പിച്ചാൽ രക്ഷപ്പെടും.
കടപ്പാട്:
ഡി. വി. ഷൈൻ വൈദ്യർ
പി.കെ.സുരേഷ് വൈദ്യർ
ജോബിൻ കുര്യൻ