എലിപ്പനി വീണ്ടും കേരളത്തിൽ കണ്ടെത്തിയിരിക്കുന്നു. ദുരന്തങ്ങളും മഴപ്പെയ്ത്തുകളും കണ്ണീർക്കടലാക്കിയ കേരളം വർധിക്കുന്ന പകർച്ച വ്യാധികൾക്കെതിരെയും ജാഗ്രത പാലിക്കണം. ചില മുൻകരുതലുകൾ സ്വീകരിച്ചാൽ എലിപ്പനിയെ തുരത്താം.
വിശ്രമം ലഘുഭക്ഷണം എന്നിവ നിര്‍ബന്ധമാണ്. എരിവ്, പുളി എന്നിവ നന്നായി കുറയ്ക്കണം. 20 മിനിറ്റെങ്കിലും തിളപ്പിച്ച വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. പ്രളയാനന്തര പുനരധിവാസം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പനിയുണ്ടെ ങ്കിലും ഇല്ലെങ്കിലും ഡോക്സിസൈക്ലിന്‍ കഴിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും 15 മില്ലി പടോലാദിഗണം കഷായം (പടോലകടുരോഹിണ്യാദി കഷായം) 75 മില്ലി തിളപ്പിച്ചാറിയ വെളളത്തില്‍ നേര്‍പ്പിച്ച് ഒരു വില്വാദി ഗുളിക നല്ലപോലെ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് 2 നേരം മൂന്ന് ആഴ്ചക്കാലത്തേക്ക് കഴിക്കാം.
കഷായത്തിന്‍റെ സൂക്ഷ്മ ചൂര്‍ണ്ണം കിട്ടുമെങ്കില്‍ ഒരു ടീസ്പുണ്‍ (5 ഗ്രാം) ഒന്നര ഗ്ലാസ്സ് (300 മില്ലി) വെളളത്തില്‍ തിളപ്പിച്ച് പകുതിയാക്കി അരിച്ചെടുത്ത് 2 നേരം കഴിക്കുക. സുദര്‍ശനം ഗുളിക, വില്യാദി ഗുളിക എന്നിവ ഒന്നുവീതം മൂന്നുനേരം പ്രതിരോധത്തിനായി കഴിക്കാം.
വെളളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ കൈയുറ, ബൂട്ട് തുടങ്ങിയ സ്വയംരക്ഷാഉപകരണങ്ങള്‍ ഉപയോഗിക്കുക. ദേഹം കഴുകുന്നതിന് അണുനാശക ഔഷധങ്ങള്‍ ഉപയോഗിക്കാം. ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെളളം ഇതിനായി ഉപയോഗിക്കാം. വെളളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ മുറിവുകള്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ദേഹത്ത് നേര്‍മയില്‍ വേപ്പെണ്ണ പുരട്ടാം.