സ്കൂളിൽ പോകാം, ഒപ്പം ആരോഗ്യവും ശ്രദ്ധിക്കാം
വീണ്ടും ഒരു അധ്യയനവർഷം തുടങ്ങി. മഴക്കാലമായതിനാൽ പലപ്പോഴും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പകർച്ചവ്യാധികളുടെ കാര്യം വേറെ. പനി, ജലദോഷം, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, തുടങ്ങിയ രോഗങ്ങൾ സർവ്വസാധാരണമാണ്. തൊണ്ടവേദന, ചുമ, മുതലായ ലക്ഷണങ്ങൾ അതിവേഗം മറ്റു കുട്ടികളിലേയ്ക്ക് പകരാൻ സാധ്യതയുള്ളവയാണ്. എന്നാൽ, ആരോഗ്യശീലങ്ങളിൽ അല്പം ശ്രദ്ധവെച്ചാൽ വലിയൊരു പരിധിവരെ ഇത്തരം രോഗങ്ങളെ തടയാനാകും. വീട്ടിലും സ്കൂളിലും ഇത്തരം കാര്യങ്ങളിൽ മുൻകരുതലുകൾ ആവശ്യമാണ്.
മുണ്ടിനീരിനെതിരായ വാക്സിൻ മഞ്ഞപ്പിത്തത്തിനെതിരേയുള്ള ഹെപ്പറ്റൈറ്റിസ് എ വാക്സിൻ, ചിക്കൻ പോക്സിനെതിരേയുള്ള വാക്സിൻ, ടൈഫോയ്ഡ് വാക്സിൻ, ഇൻഫ്ലുയൻസ വാക്സിൻ തുടങ്ങി നിർബന്ധമായും വാക്‌സിനുകൾ എടുത്തിരിക്കുക. പ്രതിരോധം പ്രധാനമാണല്ലോ. കുട്ടികള്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ അരുത്.
തിളപ്പിച്ച് ആറിയതോ, നല്ലരീതിയിൽ ഫിൽറ്റർചെയ്തതോ ആയ വെള്ളമാണ് കുടിക്കേണ്ടത്. അല്ലാത്തപക്ഷം മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്കൂളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെങ്കിൽ നിർബന്ധമായും വീട്ടിൽനിന്ന് കൊണ്ടുപോകേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും ഇടവേളകളിൽ മൂത്രമൊഴിക്കുകയും ചെയ്തില്ലെങ്കിൽ മുത്ര സംബന്ധമായ അസുഖങ്ങൾ വന്നേക്കാം.
വൃത്തിയില്ലാത്ത വിധത്തിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും ഒഴിവാക്കണം. അതുപോലെ ദിവസേനയുള്ള ആഹാരത്തിൽ ധാന്യങ്ങൾ പയറുവർഗങ്ങൾ ,പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ, മീൻ, ചിക്കൻ എന്നിവ എല്ലാം അടങ്ങിയിരിക്കണം. എണ്ണ പലഹാരങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ജങ്ക്‌സ് ഫുഡ്‌സ് എന്നിവയും ഒഴിവാക്കിയുള്ള ഭക്ഷണരീതി ആരോഗ്യത്തിന് നല്ലതാണ്.
അവധിക്കാലത്ത് ടി.വി, മൊബൈൽ സ്ക്രീൻ ടൈം കൂടുതലായതുകൊണ്ട്, കുട്ടികളെ പെട്ടന്ന് അവയിൽ നിന്നും പിന്തിരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നാൽ സ്ക്രീൻടൈം പരമാവധി കുറച്ച് ശാരീരിക ചലനങ്ങൾ ലഭിക്കുന്ന കളികളിൽ ഏർപ്പെടാൻ ശീലിപ്പിക്കണം.
വ്യായാമവും കുട്ടികൾക്ക് ഭക്ഷണം പോലെ അത്യാവശ്യമാണെന് രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കണം. ഇതിനായി സ്കൂളുകളിലെ ഗ്രൗണ്ട് , പൊതുമൈതാനം പോലുള്ള സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുക. ഫ്ലാറ്റുകളിൽ താമസിക്കുന്ന കുട്ടികൾ അവിടെ ലഭ്യമായ ജിം, സ്വിമ്മിങ് പൂൾ എന്നിവ ഉപയോഗിക്കാം. കുട്ടികളുടെ കാര്യത്തിൽ വ്യായാമം, നല്ല ആരോഗ്യ ശീലം വളർത്തി എടുക്കാനും അതു വഴി ഭാവിയിലെ പല രോഗങ്ങൾ തടയാനും സഹായിക്കും.
കുട്ടികളെ വ്യക്തിഗത ശുചിത്വം പാലിക്കാൻ പഠിപ്പിക്കുക വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ടോയ്‌ലെറ്റ് ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുക, ദിവസവും രണ്ടു നേരം കുളിക്കുക, മാസ്ക് ഉപയോഗിക്കുക, പുറത്തുപോയി വന്നാല്‍ കൈകാലുകള്‍ സോപ്പിട്ട് കഴുകാന്‍ ശീലിപ്പിക്കുക
ദിവസം എട്ടുമണിക്കൂറോളം ഉറങ്ങണം. എല്ലാ ദിവസവും ഒരേസമയത്ത് ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുക.
സ്കൂളിൽനിന്ന് വന്നാൽ സ്കൂളിലെ വിശേഷങ്ങളും കാര്യങ്ങളും കുട്ടിയോട് ചോദിച്ചുമനസ്സിലാക്കുന്നത് വഴി അവരുടെ പ്രശ്നങ്ങൾ അറിയാൻ സാധിക്കും. കുട്ടിയുടെ സുഹൃത്തുക്കളുമായും അധ്യാപകരുമായും സൗഹൃദപരമായ ആശയവിനിമയം ആവാം.
തയ്യാറാക്കിയത്: ഡോ. രഞ്ജിത് ബേബി ജോസഫ്, കൺസൾട്ടന്‍റ് - പീഡിയാട്രിക്സ് & അലർജി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി