പുകവലിക്കല്ലേ, പണികിട്ടും! ശ്വാസകോശത്തിനു മാത്രമല്ല, കാഴ്ച്ചയ്ക്കും | Video
പുകവലി ആരോഗ്യത്തിന് ഹാനികരം
പുകവലി ആരോഗ്യത്തിന് ഹാനികരം. പുകവലി കാൻസറിനും മറ്റു ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നതായി നമുക്കറിയാം. ശ്വാസകോശാർബുദം, തൊണ്ടയിലെ അർബുദം, ആസ്ത്മ തുടങ്ങിയവയാണ് പുകവലി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങൾ. എന്നാൽ ഈ രോഗങ്ങൾ ദീർഘ നാളുകൾക്ക് ശേഷമേ വരൂ എന്ന തെറ്റായ ധാരണ പൊതുവെ ഉണ്ട്. അതിനെ തകിടം മറിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
പുകവലിക്കുന്നവരിൽ കാഴ്ച ശക്തി കുറയുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പുകവലിക്കുന്നവരിൽ നടത്തിയ പഠനത്തിൽ മിക്കയാളുകൾക്കും കാഴ്‌ച മങ്ങിയതായി കണ്ടെത്തി. വായിക്കുവാനും ഡ്രൈവിങ് അടക്കമുള്ള ദൈനംദിന ജോലികൾ ചെയ്യാനും ഇവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായും പഠനത്തിൽ കണ്ടെത്തി.
ഇന്‍റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്നെസ്, ന്യൂകാസിൽ യൂണിവേഴ്സിറ്റി എന്നിവർക്കൊപ്പം ചേർന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പുകയില ഉപയോഗം തിമിരത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തിമിരം ബാധിച്ചുകഴിഞ്ഞാൽ ഒരേയൊരു മാർഗം ശസ്ത്രക്രിയയാണെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. കൂടാതെ, പുകയിലയുടെ ഉപയോഗം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും റെറ്റിനയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയും നേത്ര കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് പുകവലി ഉടനെ നിർത്തിയില്ലെങ്കിൽ നിങ്ങളുടെ കണ്ണിനും പണി കിട്ടുമെന്ന് സാരം