നെന്മേനി വാക
getty images
സാധാരണയായി ചെറുപയർ പൊടിയും കടലമാവുമൊക്കെ ദേഹ ലേപനങ്ങളായി ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ അവയിൽ നിന്നു ലഭ്യമല്ലാത്ത ഒരുപാട് ഔഷധ ഗുണങ്ങളാൽ നിറഞ്ഞ ഒരു ചൂർണമാണ് നെന്മേനി വാകപ്പൊടി. വാകകൾ പലതുണ്ടെങ്കിലും നെന്മേനി വാകയിൽ നിന്നു തയാറാക്കുന്ന പൊടിയാണ് ഏറെ ഗുണകരം. ഇത് പാമ്പുവിഷത്തിനെതിരെ വരെ ഫലപ്രദമാണെന്ന് ആയുർവേദം പറയുന്നു. ഇതിൽ നിന്നും ഇതിന്‍റെ രോഗനിവാരണ ശേഷി മനസിലാക്കാവുന്നതേയുള്ളു. സകല ചർമ രോഗങ്ങൾക്കും നെന്മേനി വാകപ്പൊടി തേച്ചു പിടിപ്പിച്ച് 20 മിനിറ്റു കഴിഞ്ഞു കഴുകി കളഞ്ഞു ശീലിച്ചാൽ മതിയാകും. കുളിക്കുമ്പോൾ സോപ്പിനു പകരം നെന്മേനി വാകപ്പൊടി ഉപയോഗിക്കുന്നത് ചർമ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്. നെന്മേനിവാകപ്പൊടി തേച്ച് തലയിൽ പിടിപ്പിച്ച് ഇരുപതു മിനിറ്റു കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ താരൻ, പേൻ തുടങ്ങിയവ നശിക്കും. ചില പ്രാണികൾ കടിച്ചുണ്ടാകുന്ന വിഷത്തിനും നെന്മേനി വാകപ്പൊടി മഞ്ഞൾ നീരിൽ ചാലിച്ച് കനത്തിൽ പുരട്ടിയാൽ മതിയാകും.
എക്സിമ പോലുള്ള ചർമ രോഗങ്ങൾക്കും ഈ പൊടി സിദ്ധൗഷധമാണ്. കുട്ടികൾ ഉള്ള വീടുകളിൽ നെന്മേനി വാകപ്പൊടി അത്യാവശ്യമായും കരുതേണ്ടതാണ്. പൊള്ളലിന്‍റെ പാടു മാറുന്നതിനും ഇത് ഉപയോഗിക്കാം. തലയിൽ പുരട്ടാൻ ഉപയോഗിക്കുന്ന കാച്ചെണ്ണകൾ വീടുകളിൽ ഉണ്ടാക്കുമ്പോൾ അതിൽ കുറച്ചു നെന്മേനിവാകപ്പൊടി കൂടി ചേർത്ത് കാച്ചി തേച്ചാൽ താരനും പേനും ഒരിക്കലും ശല്യമാകില്ല. ഒട്ടു മിക്ക വിഷത്തെയും പ്രതിരോധിക്കുമെന്നതിനാൽ വിഷജന്തുക്കളും പ്രാണികളും കടിച്ചാൽ അപ്പോൾ തന്നെ നെന്മേനി വാകപ്പൊടി കുഴച്ചു പുരട്ടുന്നത് ഏറെ ഫലപ്രദമാണ്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വിഷ വിമുക്തിയുണ്ടാകും എന്നതാണ് അനുഭവം.