ന്യൂഡൽഹി: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിലും കണ്ടെത്തിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്താണ് എച്ച്എംപിവി
2001ലാണ് ആദ്യമായി പാരാമിക്സോവിറിഡേ കുടുംബത്തിൽ പെട്ട വൈറസിനെ കണ്ടെത്തിയത്. ശ്വാസ കോശ സംബന്ധമായ അണു ബാധയാണ് വൈറസ് ബാധിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ചുമ, തുമ്മൽ തുടങ്ങിയവയിലൂടെ വൈറസ് മറ്റുള്ളവരിലേക്കും ബാധിക്കും. ചെറിയ ശ്വാസകോശ പ്രശ്നങ്ങൾ മുതൽ സങ്കീർണമായ അസുഖങ്ങൾ വരെ വൈറസ് ബാധയിലൂടെ ഉണ്ടായേക്കാം. കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ വൈറസ് ഗുരുതരമായി ബാധിച്ചേക്കാം. സാധാരണയായി ശിശിരകാലത്തിന്‍റെ അവസാനഘട്ടത്തിൽ ഈ വൈറസ് പടർന്നു പിടിക്കുക തുടർക്കഥയാണ്.
ലക്ഷണങ്ങൾ
ഓരോ വ്യക്തിയുടെയും പ്രായം, ആരോഗ്യം, പ്രതിരോധ ശേഷി എന്നിവയെ ആശ്രയിച്ചായിരിക്കും വൈറസ് ബാധ മൂലമുള്ള ലക്ഷണങ്ങളും പ്രകടമാകുക. സാധാരണയായി മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി തുടങ്ങി സാധാരണ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങൾ ആണ് കാണുക. എന്നാൽ ചിലരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ബ്രോങ്കിയോലെറ്റിസ് എന്നിവയ്ക്കും കാരണമായേക്കാം.
എങ്ങനെ തടയാം
മറ്റു ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കു കാരണമായ വൈറസുകൾക്കു സമാനമാണ് എച്ച്എംപി വൈറസും. കൊവിഡ് പ്രതിരോധത്തിനു സമാനമായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക എന്നിവ തന്നെയാണ് എച്ച്എംപിവി തടയാനുള്ള മാർഗവും. ഭൂരിപക്ഷം പേരിലും വൈറസ് ബാധ മൂന്നോ നാലോ ദിവസങ്ങൾ വരെയേ നീണ്ടു നിൽക്കുകയുള്ളൂ. എന്നാൽ ചിലരിൽ ദീർഘകാലം നീണ്ടും നിന്നേക്കാം.
വാക്സിനില്ല
നിലവിൽ എച്ച്എംപിവി വൈറസ് ബാധ സുഖപ്പെടുത്തുന്നതിനുള്ള ആന്‍റി വൈറൽ മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല.