black ivory coffee
കൊച്ചി: കടുപ്പമുള്ള ആവി പറക്കുന്ന രുചിയുള്ള കാപ്പി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. അതും കയിപ്പ് രുചി ഇല്ലാത്തത് കൂടിയാണെങ്കില്‍ സംഗതി ഉഷാര്‍. ഇങ്ങനെയൊരു കാപ്പിയാണ് ബ്ലാക്ക് ഐവറി കോഫി. ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട കോഫികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി. സമ്പന്നരുടെ കോഫി എന്ന് വേണമെങ്കില്‍ പറയാം. ഏറ്റവും വില കൂടിയ കാപ്പികളിൽ ഒന്നാണിത്. ഒരു കപ്പിന് 4000 രൂപയോളം വില വരും. ആനപ്പിണ്ടത്തിൽ നിന്ന് എടുക്കുന്ന കുരു ഉപയോഗിച്ചാണ് ഈ കാപ്പി തയ്യാറാക്കുന്നത്.
അതുകൊണ്ടാണ് ഇതിനെ ബ്ലാക്ക് ഐവറി കോഫി എന്ന് പറയുന്നത്. ആനയ്ക്ക് പ്രത്യേക തരം കാപ്പിക്കുരു നൽകി വിസര്‍ജ്യത്തിൽ നിന്ന് കാപ്പിക്കുരു വേര്‍തിരിച്ച് എടുക്കും.
ഇത് പ്രത്യേക തരം പ്രോസസ്സിങ്ങിന് വിധേയമാക്കുമ്പോൾ ബ്ലാക്ക് ഐവറി കോഫിയാകും. കാപ്പിക്കുരു ആനയുടെ ആമാശയത്തിലെ രസങ്ങളുമായി പ്രവര്‍ത്തിയ്ക്കുമ്പോൾ അതിന് പ്രത്യേക ഫ്ലേവര്‍ കൈവരുന്നു. ആനകളുടെ ദഹന എൻസൈമുകളാണ് ബ്ലാക്ക് ഐവറി കോഫിയുടെ രുചിയെ സ്വാധീനിക്കുന്നത്. ഇത് കാപ്പിയുടെ പ്രോട്ടീനിനെ തകർക്കുന്നു. അങ്ങനെ കാപ്പിയുടെ ചെറിയ കയിപ്പ് പൂര്‍ണമായി മാറുകയും ചെയ്യുന്നു. തായ്‍ലൻഡാണ് ബ്ലാക്ക് ഐവറി കോഫികളുടെ ഈറ്റില്ലം. തായ്‍ലൻഡിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രീമിയം റിസോര്‍ട്ടുകളിലും ഇത് ലഭ്യമാണ്. മറ്റു രാജ്യങ്ങളിലെ പഞ്ചനക്ഷത്രങ്ങളിലും അപൂര്‍വമായി ബ്ലാക്ക് ഐവറി കോഫി ലഭിയ്ക്കാറുണ്ട്.